'ബാര്‍ബി സിനിമ സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുന്നു'; ലബനനില്‍ വിവാദം, കുവൈറ്റിലും വിയറ്റ്നാമിലും വിലക്ക്

'ബാര്‍ബി സിനിമ സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുന്നു'; ലബനനില്‍ വിവാദം, കുവൈറ്റിലും വിയറ്റ്നാമിലും വിലക്ക്

ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രം ബാര്‍ബി പാശ്ചാത്യ രാജ്യങ്ങളിലെ തിയറ്ററുകളില്‍നിന്ന് വലിയ കലക്ഷന്‍ നേടി മുന്നേറുമ്പോള്‍തന്നെ സിനിമയ്‌ക്കെതിരേ വിമര്‍ശനവും ശക്തമാകുന്നു. സിനിമയ്ക്ക് വിയറ്റ്നാമും കുവൈറ്റും വിലക്ക് ഏര്‍പ്പെടുത്തി.

മോശം പെരുമാറ്റം പ്രോത്സാഹിപ്പിക്കുകയും സാമൂഹിക മൂല്യങ്ങളെ വളച്ചൊടിക്കുകയും ചെയ്യുന്ന തരത്തിലുള്ള ആശയങ്ങളാണ് സിനിമയിലുള്ളതെന്ന് കുവൈറ്റിലെ ഫിലിം സെന്‍സര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ ലാഫി അല്‍ സുബൈ ആരോപിച്ചു. ഇതോടെ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തുന്ന രണ്ടാമത്തെ രാജ്യമായി കുവൈറ്റ്. നേരത്തെ വിയറ്റ്‌നാമില്‍ ചിത്രത്തിന് വിലക്ക് നേരിട്ടിരുന്നു.

സിനിമയ്‌ക്കെതിരെ വിവാദം ചൂടുപിടിക്കുന്നതിനെ തുടര്‍ന്ന് ലബനനിലും സിനിമ വിലക്കിയേക്കും എന്നാണ് സൂചന. ബാര്‍ബി സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും വിശ്വാസത്തിന്റെയും ധാര്‍മ്മിക മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്നും ലബനന്‍ സാംസ്‌കാരിക മന്ത്രി മുഹമ്മദ് മൊര്‍താദ പ്രതികരിച്ചു. ഇത്തരം ചിത്രങ്ങള്‍ കുടുംബത്തിന്റെ മൂല്യങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎയിലെ തീയേറ്ററുകളില്‍ ബാര്‍ബി കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തി. പക്ഷെ പതിനഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല. സിനിമയുടെ പ്രമേയം കൊച്ചു കുട്ടികള്‍ക്ക് കാണാന്‍ യോജിച്ചതല്ലെന്ന വിലയിരുത്തലിലാണ് സിനിമയ്ക്ക് രാജ്യത്ത് 15+ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.

ദക്ഷിണ ചൈനാക്കടലില്‍ ചൈനയുമായി തര്‍ക്കത്തിലുള്ള പ്രദേശത്തെ ചിത്രീകരിക്കുന്ന ഒരു ഭൂപടത്തിന്റെ പേരിലാണ് വിയറ്റ്‌നാം സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ചിത്രത്തിലെ ഒരു സീനില്‍ തര്‍ക്ക പ്രദേശം ചൈനയുടെ അധീനതയിലാണെന്ന തരത്തിലെ ഭൂപടം കാണിക്കുന്നുണ്ടെന്നും ഇത് ആക്ഷേപകരമാണെന്നുമാണ് വിയറ്റ്‌നാം അധികൃതര്‍ പറയുന്നത്. തര്‍ക്ക മേഖലയിലെ കൃത്രിമ ദ്വീപുകളില്‍ ചൈന വര്‍ഷങ്ങളായി മിലിട്ടറി ബേസുകളും മറ്റും നിര്‍മ്മിക്കുന്നുണ്ട്. പ്രദേശം തങ്ങളുടേതാണെന്ന് സ്ഥാപിക്കാന്‍ നാവിക പട്രോളിംഗും സജീവമാണ്.

ജൂലൈ 21നാണ് വാര്‍ണര്‍ ബ്രോസിന്റെ നിര്‍മാണത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയത്. വ്യത്യസ്തമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായി ബാര്‍ബി റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തില്‍ മാര്‍ഗോട്ട് റോബി ആണ് ബാര്‍ബിയായി എത്തിയത്. റയാന്‍ ഗോസ്ലിംഗ്, സിമു ലിയു, എമ്മ മക്കി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാര്‍ബി പാവകളെ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ടോയ് നിര്‍മ്മാതാക്കളായ മാറ്റല്‍ ഇന്‍കോര്‍പ്പറേഷന്റെ പങ്കാളിത്തത്തോടെയാണ് ചിത്രം നിര്‍മിച്ചത്.

ആദ്യ വാരം അമേരിക്കയിലും കാനഡയിലും നിന്ന് മാത്രം 155 മില്യണ്‍ ഡോളറാണ് (1270 കോടി) ചിത്രം നേടിയത്. പ്രദര്‍ശനത്തിനെത്തി മൂന്നാംവാരം നൂറ് കോടി ഡോളര്‍ ക്ലബ് മറികടന്നിരിക്കുകയാണ് ബാര്‍ബി. 2023ല്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ബാര്‍ബി. ഒരു വനിതാ സംവിധായകയുടെ ചിത്രം നൂറ് കോടി ഡോളര്‍ ക്ലബ്ബിലെത്തുക എന്ന ചരിത്രനേട്ടം ബാര്‍ബിയിലൂടെ ഗ്രെറ്റ ഗെര്‍വിഗ് സ്വന്തമാക്കി.

ജൂണില്‍ ഏറ്റവും പുതിയ സ്പൈഡര്‍ മാന്‍ ആനിമേഷന്‍ ചിത്രമായ സ്‌പൈഡര്‍മാന്‍ എക്രോസ് സ്‌പൈഡര്‍വേഴ്‌സ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ അവകാശങ്ങളെ പിന്തുണയ്ക്കുന്നതിന്റെ പേരിലായിരുന്നു വിലക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.