വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയാല്‍ 10 വര്‍ഷം തടവ്; വിവാഹേതര ബന്ധം, സ്വവര്‍ഗ ബന്ധം ഇനി കുറ്റകരമല്ല !

വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയാല്‍ 10 വര്‍ഷം തടവ്; വിവാഹേതര ബന്ധം, സ്വവര്‍ഗ ബന്ധം ഇനി കുറ്റകരമല്ല !

ന്യൂഡല്‍ഹി: വ്യക്തിത്വം മറച്ചുവച്ച് സ്ത്രീകളെ വിവാഹം കഴിക്കുക, വിവാഹമോ ജോലിക്കയറ്റമോ വാഗ്ദാനം ചെയ്ത് പീഡനത്തിന് ഇരയാക്കുക തുടങ്ങിയവ 10 വര്‍ഷം തടവ് ലഭിക്കുന്ന കുറ്റങ്ങളാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭാരതീയ ശിക്ഷ നിയമത്തിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസുകള്‍ കോടതിയില്‍ എത്തിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഐപിസിയില്‍ വ്യവസ്ഥകളുണ്ടായിരുന്നില്ല. വിവാഹേതര ബന്ധം, സ്വവര്‍ഗ ബന്ധം തുടങ്ങിയവ കുറ്റകരമാക്കുന്ന വകുപ്പുകളും ബില്ലില്‍ നിന്നൊഴിവാക്കി. സുപ്രധാന വിധികളിലൂടെ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കേന്ദ്ര നീക്കം. മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന 497-ാം വകുപ്പും സ്വവര്‍ഗബന്ധം കുറ്റകരമാക്കുന്ന 377-ാം വകുപ്പും ഭരണഘടനാ വിരുദ്ധമെന്നായിരുന്നു സുപ്രീം കോടതി വിധി.

അതേസമയം 18 വയസിനു മുകളിലുള്ള സ്വന്തം ഭാര്യയുമായുള്ള ലൈംഗികബന്ധം, ലൈംഗിക പ്രവൃത്തികള്‍ എന്നിവ പീഡനപരിധിയില്‍ വരില്ലെന്ന വ്യവസ്ഥ പുതിയ ബില്ലിലും നിലനിര്‍ത്തി. ഭാര്യയ്ക്ക് 18 വയസിന് താഴെയാണ് പ്രായമെങ്കില്‍ ഇത് പീഡനമാകും. കൂട്ടബലാത്സംഗം നടത്തുന്നവരെ 20 വര്‍ഷം തടവിന് ശിക്ഷിക്കും. പീഡനത്തിന് ഇരയാവുന്ന കുട്ടിയുടെ പ്രായം 18ല്‍ താഴെയാണെങ്കില്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായി കണക്കാക്കും.

പുതിയ ബില്‍ അംഗീകരിക്കപ്പെട്ടാല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ വകുപ്പുകള്‍ ശിക്ഷാ നിയമത്തില്‍ ഇനി ഒറ്റ അധ്യായനത്തിനു കീഴിലാകും. ബില്ലിലെ അഞ്ചാം അധ്യായത്തിലാണ് ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം, അക്രമം, വിവാഹവുമായി ബന്ധപ്പെട്ടവ, ഗര്‍ഭം അലസിപ്പിക്കല്‍, കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ അധ്യായം. നിലവിലുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ പല അധ്യായങ്ങളിലാണ് ഈ വകുപ്പുകള്‍ നിലവില്‍ ഉള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.