തിരുവനന്തപുരം: കഴിഞ്ഞ ആറു വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് കാണാതായത് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43,272 സ്ത്രീകളെയെന്ന് റിപ്പോര്‍ട്ട്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഓരോ വര്‍ഷവും ശരാശരി 984 പെണ്‍കുട്ടികളെയും 6227 സ്ത്രീകളെയും കാണാതാവുന്നുണ്ടെന്ന് എന്‍സിആര്‍ബി പറയുന്നു. 2016 മുതല്‍ 2021 വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ കാലയളവിലെ കാണാതായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരില്‍ 2822 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കാണാതായ വനിതകളും പെണ്‍കുട്ടികളും ഉള്‍പ്പടെ നഷ്ടപ്പെട്ടവരില്‍ 93% പേരെക്കുറിച്ചുള്ള അറിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് എന്‍സിആര്‍ബി പറയുന്നു. എന്നാല്‍ ഇപ്പോഴും ഒരു സൂചന പോലും ലഭിക്കാത്ത 7% കേസുകള്‍ കേരളാ പൊലീസിന് തലവേദനയാകുന്നു. അതായത് നഷ്ടപെട്ട 3000 ലധികം വനിതകള്‍ എവിടെയാണെന്നാര്‍ക്കും അറിയില്ല.
കൂടുതല്‍ പെണ്‍കുട്ടികളെ കാണാതായത് 2018ലാണ്. ഈ വര്‍ഷം മാത്രം 1136 പെണ്‍കുട്ടികളെയാണ് കാണാതായത്. കൂടുതല്‍ സ്ത്രീകളെ കാണാതായത് 2019ല്‍ ആണെന്നും (8202) കണക്കുകള്‍ വ്യക്തമാക്കുന്നു. ജസ്ന തിരോധാനക്കേസ് ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി കണക്കുകള്‍ കൃത്യമായി വെളിപ്പെടുത്തണമെന്ന ആവശ്യം സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
കാണാതായവരെ കണ്ടെത്തുന്നതില്‍ ഏറ്റവും മികച്ച പ്രതിരോധ പ്രവര്‍ത്തനമാണ് കേരളം രേഖപ്പെടുത്തിയതെന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. കാണാതായ ആളുകളെ കണ്ടെത്തുന്നതിലെ പ്രധാന വശമാണ് പൊലീസ് അന്വേഷണങ്ങളില്‍ തുടര്‍ച്ച ഉറപ്പാക്കുന്നത്. 2019-ല്‍ കാണാതായ കേസുകള്‍ പ്രത്യേകമായി അന്വേഷിക്കാന്‍ താന്‍ രണ്ട് പ്രത്യേക ടീമുകള്‍ രൂപീകരിച്ചു. കാണാതായ സ്ത്രീകളെ കണ്ടെത്തുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. എല്ലാ മാസവും ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോകളിലെ എല്ലാ ഡിവൈഎസ്പിമാരും ഒരു എസ്പിയും യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. ഈ നീക്കത്തിലൂടെ ആ മാസം കാണാതായ നൂറോളം സ്ത്രീകളെ കണ്ടെത്താന്‍ സംഘത്തിന് കഴിഞ്ഞുവെന്ന് അദേഹം പറഞ്ഞു.
കാണാതായതിനെ കുറിച്ച് പറയുമ്പോള്‍, അത് എല്ലായ്പ്പോഴും തട്ടിക്കൊണ്ടുപോകല്‍ കേസായിരിക്കണമെന്നില്ല. ആളുകള്‍ ഒളിച്ചോടുകയും ആള്‍മാറാട്ടം നടത്തുകയും ചെയ്യുന്നു, ആ സംഭവങ്ങളും മിസിങ് കേസുകളായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നുവെന്ന്‌ബെഹ്റ ചൂണ്ടിക്കാട്ടി.
അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍ നിന്നും കാണാതായത് 40,000 സ്ത്രീകളെയെന്നാണ് റിപ്പോര്‍ട്ട്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. കണക്കുകള്‍ പ്രകാരം 2016-ല്‍ 7,105, 2017-ല്‍ 7,712, 2018-ല്‍ 9,246, 2019-ല്‍ 9,268 എന്നിങ്ങനെയാണ് സ്ത്രീകളെ കാണാതായത്. 2020ല്‍ 8,290 സ്ത്രീകളെ കാണാതായി. ആകെ സംഖ്യ 41,621 എന്നും കൃത്യമായി പറയുന്നു. 2021 ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറയുന്നത് അഹമ്മദാബാദില്‍ നിന്നും വഡോദരയില്‍ നിന്നുമായി ഒരു വര്‍ഷത്തിനിടെ 4,722 സ്ത്രീകളെ കാണാതായെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മുന്‍ ഐപിഎസ് ഓഫീസറും ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ സുധീര്‍ സിന്‍ഹ പറയുന്നത് ഇങ്ങനെ. കാണാതായ സ്ത്രീകളില്‍ പലരെയും ഗുജറാത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് നിര്‍ബന്ധിത ലൈംഗിക വൃത്തിക്കായി കയറ്റി അയച്ചിട്ടുണ്ടാകുമെന്നാണ് തന്റെ നിരീക്ഷണം. കാണാതാകുന്ന കേസുകള്‍ ഗൗരവമായി പരിഗണിക്കാത്തതാണ് പൊലീസ് സംവിധാനത്തിന്റെ പ്രശ്‌നം. കൊലപാതകത്തേക്കാള്‍ ഗുരുതരമാണ് ഇത്തരം കേസുകള്‍. കാണാതായ കേസ് ഒരു കൊലപാതക കേസ് പോലെ തന്നെ കര്‍ശനമായി അന്വേഷിക്കണം. ബ്രിട്ടീഷുകാരുടെ കാലത്തെ രീതിയിലാണ് ആളുകളുടെ കാണാതായ കേസുകള്‍ പൊലീസ് അന്വേഷിക്കുന്നത് എന്നതിനാല്‍ അവ പലപ്പോഴും അവഗണിക്കപ്പെടുന്നതെന്നും സിന്‍ഹ പറയുന്നു.
ഗുജറാത്തില്‍ പെണ്‍കുട്ടികള്‍ കാണാതാവുന്നതിന് കാരണം മനുഷ്യക്കടത്താണെന്ന് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഡോ. രാജന്‍ പ്രിയദര്‍ശി പറയുന്നു. തന്റെ ഔദ്യോഗിക ജീവിത കാലത്ത് കാണാതാകുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും അനധികൃത മനുഷ്യക്കടത്ത് സംഘങ്ങള്‍ അവരെ മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകുകയും വില്‍ക്കുകയും ചെയ്യുന്നതായി നിരീക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ബിജെപി നേതാക്കള്‍ കേരളത്തിലെ സ്ത്രീകളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും എന്നാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ 40,000 ത്തിലധികം സ്ത്രീകളെ കാണാനില്ലെന്നും ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് ഹിരേന്‍ ബാങ്കര്‍ വിമര്‍ശിച്ചു. ഗുജറാത്തില്‍ പ്രതിദിനം 25 സ്ത്രീകളെ കാണാതാവുന്നു. ഇതാണോ മോഡിയുടെ ഗുജറാത്ത് മോഡല്‍ എന്ന് ചോദിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.