ഈഫല്‍ ടവറിന് ബോംബ് ഭീഷണി; സന്ദര്‍ശകരെ ഒഴിപ്പിച്ചു; ഫ്രാന്‍സ് കനത്ത ജാഗ്രതയില്‍

ഈഫല്‍ ടവറിന് ബോംബ് ഭീഷണി; സന്ദര്‍ശകരെ ഒഴിപ്പിച്ചു; ഫ്രാന്‍സ് കനത്ത ജാഗ്രതയില്‍

പാരീസ്: ഫ്രാന്‍സിന്റെ അഭിമാനസ്തംഭമായ ഈഫല്‍ ഗോപുരത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് ഗോപുരത്തില്‍ നിന്നും സന്ദര്‍ശകരെ ഒഴിപ്പിച്ചു. ഭീഷണിക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെങ്കിലും രാജ്യത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഫ്രഞ്ച് മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയോടെയാണ് മൂന്നു നിലകളും ടവറിനു തൊട്ടുതാഴെയുള്ള സ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിച്ചത്. പ്രദേശത്ത് പോലീസും ബോംബ് സ്‌ക്വാഡും സൈന്യവും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുകയാണ്. ഭീഷണിക്ക് പിന്നില്‍ ഭീകരവാദികളാണോ എന്ന് സംശയിക്കുന്നതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഈഫല്‍ ടവറില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച് ടവര്‍ അടച്ചിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഫ്രാന്‍സില്‍ മാസങ്ങളായി കലാപകലുഷിതമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ ബോംബ് ഭീഷണിയെ അത്യന്തം ഗൗരവത്തോടെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ കാണുന്നത്.

പ്രതിവര്‍ഷം ആറ് ദശലക്ഷത്തിന് മുകളില്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്ന ലോകത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് പാരീസിലെ ഈഫല്‍ ഗോപുരം. 1887 ജനുവരിയില്‍ നിര്‍മ്മാണം ആരംഭിച്ച ഗോപുരം 1889 മാര്‍ച്ച് 31നാണ് പണി പൂര്‍ത്തിയായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.