ന്യൂഡല്‍ഹി: ലോക്സഭയിലെ സസ്പെന്‍ഷനെതിരെ കോണ്‍ഗ്രസിന്റെ ലോക്സഭ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സുപ്രീം കോടതിയെ സമീപിച്ചേക്കും. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന് അധീര്‍ ചൗധരി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍, ജനാധിപത്യ വിരുദ്ധമായ പല മാര്‍ഗങ്ങളും ബിജെപി സ്വീകരിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
തന്റെ സസ്പെന്‍ഷന്‍ പിന്തിരിപ്പന്‍ നടപടിയാണ്. ആദ്യം തൂക്കിലേറ്റപ്പെട്ട ശേഷം, വിചാരണ പിന്നീട് നേരിടുന്ന നടപടിക്കാണ് താന്‍ വിധേയനായിരിക്കുന്നത്. പ്രതിപക്ഷത്തെ നാല് എംപിമാരുടെ സസ്പെന്‍ഷനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇത് മുമ്പൊന്നും കാണാത്തൊരു പ്രതിഭാസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തുടര്‍ച്ചയായ മോശം പെരുമാറ്റം എന്ന ആരോപണത്തെ തുടര്‍ന്നാണ് ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമെതിരായ പരാമര്‍ശങ്ങളിലാണ് നടപടി. ആദ്യമായാണ് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവിനെ ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നത്.
മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ മറുപടി പറഞ്ഞ പ്രധാനമന്ത്രിക്കെതിരെയും അധീര്‍ രഞ്ജന്‍ ചൗധരി ആഞ്ഞടിച്ചു. രാജാവ് അന്ധനാണെന്നും ധൃതരാഷ്ട്രര്‍ അന്ധനായിരുന്നപ്പോള്‍ ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടെന്നും മണിപ്പൂര്‍ വിഷയത്തെ താരതമ്യപ്പെടുത്തിക്കൊണ്ട് അധീര്‍ രഞ്ജന്‍ പറഞ്ഞു. മണിപ്പൂരിലെ കലാപത്തെ ഒരു സംസ്ഥാനത്തെയും അക്രമവുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.