മണിപ്പൂരില്‍ പൊലീസിന്റെ വ്യാപക പരിശോധന; നിരവധി ആയുധങ്ങള്‍ പിടികൂടി

മണിപ്പൂരില്‍ പൊലീസിന്റെ വ്യാപക പരിശോധന; നിരവധി ആയുധങ്ങള്‍ പിടികൂടി

ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരില്‍ പൊലീസിന്റെ വ്യാപക പരിശോധന. 14 തോക്കുകളും വെടിയുണ്ടകളും സ്ഫോടക വസ്തുക്കളും അടക്കം നിരവധി ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. ഇംഫാല്‍, തൗബാല്‍, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളിലാണ് പൊലീസ് പരിശോധന നടത്തിയത്.

പട്ടാള ക്യാമ്പുകളിലും പൊലീസ് സ്റ്റേഷനുകളിലും അതിക്രമിച്ചു കയറി സ്ത്രീകള്‍ അടക്കമുള്ള മെയ്‌തേയി വിഭാഗക്കാരാണ് ആയുധങ്ങള്‍ വ്യാപകമായി കടത്തിക്കൊണ്ടു പോകുന്നത്. ഇക്കാര്യത്തില്‍ ഭരണകൂടത്തിന്റെ മൗനാനുവാദം മെയ്‌തേയികള്‍ക്കുണ്ടെന്ന് കുക്കികള്‍ ആരോപിച്ചിരുന്നു.

ഇവ വീണ്ടെടുക്കാന്‍ ആഴ്ചകളായി സൈന്യവും പൊലീസും തിരച്ചില്‍ തുടരുന്നുണ്ട്. ഇപ്പോള്‍ പിടിച്ചെടുത്ത ആയുധങ്ങള്‍ നഷ്ടപ്പെട്ടവയുടെ പത്ത് ശതമാനം പോലും വരില്ലെന്നാണ് വിലയിരുത്തല്‍.

അതിനിടെ മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. മണിപ്പൂരില്‍ നടപ്പാക്കിയതു പോലെ ഇന്ത്യയേയും വിഭജിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് രാഹുല്‍ ആരോപിച്ചു.

ഇന്ത്യ ഒരു കുടുംബമാണ്. കുടുംബത്തെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. മണിപ്പൂരും ഒരു കുടുംബമായിരുന്നു, അവര്‍ അത് തകര്‍ക്കാന്‍ ശ്രമിച്ചു. ജനങ്ങള്‍ തമ്മിലുള്ള ബന്ധം അവര്‍ നശിപ്പിക്കുന്നു. അവര്‍ തകര്‍ക്കാന്‍ ശ്രമിച്ചത് തങ്ങള്‍ പടുത്തുയര്‍ത്തും.

മനുഷ്യരെ ഒന്നിപ്പിക്കും, കുടുംബങ്ങളെ കൂടുതല്‍ ശക്തമാക്കും. മണിപ്പൂരിനെ ഭിന്നിപ്പിച്ചെന്നും തകര്‍ത്തെന്നുമാണ് ബിജെപി കരുതുന്നത്. എന്നാല്‍ മണിപ്പൂരിനെ തങ്ങള്‍ വീണ്ടെടുക്കുമെന്നും അദേഹം വ്യക്തമാക്കി.

'മണിപ്പൂരിനെ ചാമ്പലാക്കാന്‍ നിങ്ങള്‍ക്ക് രണ്ട് മാസം വേണ്ടി വന്നു. പക്ഷേ മണിപ്പൂരില്‍ വീണ്ടും സമാധാനം കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് അഞ്ച് വര്‍ഷം വേണ്ടി വന്നേക്കാം. എങ്കിലും ഞങ്ങള്‍ അത് സാധ്യമാക്കും. ഇത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമാണ്'- രാഹുല്‍ ഗാന്ധി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.