തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും തൊഴില്‍ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള അതിഥി പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ 25000 കടന്നു. അതിഥി തൊഴിലാളി രജിസ്‌ട്രേഷനോട് തൊഴിലാളികളും തൊഴിലുടമകളും കരാറുകാരും ക്രിയാത്മക സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും വരും ദിവസങ്ങളില്‍ രജിസ്ട്രേഷന്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും ലേബര്‍ കമ്മിഷണര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
തൊഴിലാളികളുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കുന്ന രീതിയിലാണ് രജിസ്ട്രേഷന്‍ പുരോഗമിക്കുന്നത്. രജിസ്ട്രേഷന്‍ കൂടുതല്‍ സുഗമമാക്കുന്നതിനായി പ്രത്യേകം രൂപകല്‍പന ചെയ്തിട്ടുള്ള അതിഥി മൊബൈല്‍ ആപ്പ് അന്തിമഘട്ടത്തിലാണ്. ആപ്പ് നിലവില്‍ വരുന്നതോടെ ഫെസിലിറ്റേഷന്‍ സെന്ററുകള്‍, ലേബര്‍ ക്യാമ്പുകള്‍, നിര്‍മ്മാണസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ക്ക് പുറമേ തൊഴിലാളികളിലേക്ക് നേരിട്ട് എത്തുന്ന തരത്തില്‍ രജിസ്ട്രേഷന്‍ നടപടികള്‍ക്ക് തുടക്കമിടും. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനൊപ്പം സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം തേടുമെന്നും കമ്മിഷണര്‍ അറിയിച്ചു.
അതിഥി തൊഴിലാളികള്‍ക്ക് പുറമേ, അവരുടെ കരാറുകാര്‍,തൊഴിലുടമകള്‍ എന്നിവര്‍ക്കും തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. https://athidhi.lc.kerala.gov.in/എന്ന പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. നിര്‍ദേശങ്ങള്‍ പ്രാദേശിക ഭാഷകളിലും ലഭ്യമാണ്. വ്യക്തിവിവരങ്ങള്‍ എന്‍ട്രോളിങ് ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെയാണ് നടപടികള്‍ പൂര്‍ത്തിയാകുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.