ലോക യുവജന സമ്മേളനത്തില്‍ പങ്കെടുത്ത വൈദികര്‍ക്ക് തിരികെ രാജ്യത്തേക്കു വരുന്നതില്‍ വിലക്കുമായി നിക്കരാഗ്വന്‍ ഭരണകൂടം

ലോക യുവജന സമ്മേളനത്തില്‍ പങ്കെടുത്ത വൈദികര്‍ക്ക് തിരികെ രാജ്യത്തേക്കു വരുന്നതില്‍ വിലക്കുമായി നിക്കരാഗ്വന്‍ ഭരണകൂടം

മനാഗ്വേ: ലിസ്ബണില്‍ അടുത്തിടെ നടന്ന ആഗോള യുവജന സമ്മേളനത്തില്‍ പങ്കെടുത്ത വൈദികര്‍ക്ക് തിരികെ രാജ്യത്തേക്കു പ്രവേശിക്കുന്നതില്‍ വിലക്കുമായി നിക്കരാഗ്വന്‍ ഭരണകൂടം. ഫാ. ടോമസ് സെര്‍ജിയോ സമോറ കാല്‍ഡെറോണിന്‍, ഫാ. വില്യം മോറയെ എന്നിവര്‍ക്കാണ് ഡാനിയേല്‍ ഒര്‍ട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. ഓഗസ്റ്റ് ഒന്നുമുതല്‍ ആറു വരെയാണ് ലിസ്ബണില്‍ 10 ലക്ഷത്തിലേറെ പേര്‍ പങ്കെടുത്ത് ചരിത്രമായി മാറിയ ലോക യുവജനദിന സമ്മേളനം നടന്നത്.

ലാ പ്രെന്‍സ പത്രത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും ഗവേഷകയും അഭിഭാഷകയുമായ മാര്‍ത്ത പട്രീഷ്യ മൊളീനയാണ് ആശങ്കപ്പെടുത്തുന്ന ഈ വിവരം പുറംലോകത്തെ അറിയിച്ചത്.

ലിയോണ്‍ രൂപതയില്‍പെട്ട ഒരു ഇടവകയിലെ വികാരിയാണ് ഫാ. ടോമസ് സെര്‍ജിയോ. ലോക യുവജന സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോഴാണ് രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് സ്വേച്ഛാധിപത്യ ഭരണകൂടം സ്വീകരിച്ചത്. തങ്ങളുടെ വൈദികനുനേരെ ഭരണകൂടം സ്വീകരിച്ച നടപടിയില്‍ വിശ്വാസി സമൂഹം ദുഃഖം രേഖപ്പെടുത്തി.

അഭിഭാഷകനായ ഫാ. ടോമസ് ദീര്‍ഘകാലം കാരിത്താസ് ലിയോണിന്റെ ഉത്തരവാദിത്തം വഹിച്ചിരുന്നു. അത് ഭരണകൂടത്തിന്റെ സമ്മര്‍ദത്താല്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായി.

യുവജന സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സ്വന്തം നാട്ടിലേക്കുള്ള പ്രവേശനം നിഷേധിച്ചതില്‍ ഗവേഷകനായ ഫാ. വില്യം മോറയും ആശങ്ക രേഖപ്പെടുത്തി. സിയൂന രൂപതയിലെ ക്രിസ്റ്റോ റേ ഉബു നോര്‍ട്ടെ പൈവാസ് ഇടവകയിലെ വികാരിയും യുവജനശുശ്രൂഷയുടെ ചുമതലക്കാരനുമാണ് ഫാ. മോറ.

ഒര്‍ട്ടേഗയുടെയും ഭാര്യ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം ഈയടുത്ത മാസങ്ങളില്‍ നിക്കരാഗ്വന്‍ പൗരന്മാരായ നിരവധി പുരോഹിതര്‍ക്കും സാധാരണ വിശ്വാസികള്‍ക്കും സ്വന്തം രാജ്യത്ത് പ്രവേശനം നിഷേധിച്ചതായി ലാ പ്രെന്‍സ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.