'നിങ്ങള്‍ മാര്‍പാപ്പയുടെ കൂടെയാണോ അതോ അദ്ദേഹത്തിന് എതിരാണോ?'; മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍

'നിങ്ങള്‍ മാര്‍പാപ്പയുടെ കൂടെയാണോ അതോ അദ്ദേഹത്തിന് എതിരാണോ?'; മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍

കൊച്ചി: 'ക്രിസ്തുവിന്റെ സഭയില്‍ മാര്‍പാപ്പയോടൊപ്പം നില്‍ക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ?' എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനയര്‍പ്പണത്തിന് എതിരുനില്‍കുന്ന വൈദികരോടും അല്‍മായരോടും മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച്ബിഷപ് സിറില്‍ വാസിലിന്റെ ചോദ്യം ഇതായിരുന്നു. ഓഗസ്റ്റ് 15 ന് പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിനോടും ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടും അനുബന്ധിച്ച് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചനസന്ദേശം നല്‍കുകയായിരുന്നു പൊന്തിഫിക്കല്‍ ഡെലഗേറ്റ്.

വചന സന്ദേശത്തിന്റെ മലയാള പരിഭാഷ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിറ്റിയൂറ്റിലെ കാനന്‍ നിയമ പ്രൊഫസറും ഈശോ സഭാംഗവുമായ ഫാദര്‍ സണ്ണി കൊക്കരവാലയില്‍ നല്‍കി.

സഭയും മാര്‍പ്പാപ്പയും അംഗീകരിച്ച ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ ചിലര്‍ നിലപാടെടുത്തു. വസ്തുതകള്‍ വിശ്വാസികളില്‍ നിന്ന് മറച്ചുവയ്ക്കാനും ശ്രമമുണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ ഇന്നലെ എത്തിയ വത്തിക്കാന്‍ പ്രതിനിഥിയായ ആര്‍ച്ച്ബിഷപ്പിനെ വിമത വിഭാഗം തടയാന്‍ ശ്രമിച്ചിരുന്നു.

ആര്‍ച്ചുബിഷപ്പ് മാര്‍ സിറില്‍ വാസില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം:

പ്രിയപ്പെട്ട സഹകാര്‍മികരെ, ഇവിടെ സന്നിഹിതരായ പ്രിയ സഹോദരീ സഹോദരന്മാരേ, എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രിയ വിശ്വാസികളെ,
ഈ ദൈവാലയത്തില്‍ ഇന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ന് നമ്മള്‍ ഒന്നിലധികം ആഘോഷങ്ങളുടെ നടുവിലാണ്. എല്ലാ ക്രൈസ്തവ സഭകളോടും ചേര്‍ന്ന് നാം പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിക്കുന്നു. കൂടാതെ, ഈ മഹത്തായ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ നമുക്ക് ഇത് വളരെയധികം സന്തോഷത്തിന്റെ സമയമാണ്. ഈ സ്വാതന്ത്ര്യം നമുക്ക് നേടിത്തന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു.

പരിശുദ്ധ കന്യകാമറിയത്തിന്റെ ആഴമായ സമര്‍പ്പണ ബോധവും പൂര്‍ണ്ണഹൃദയത്തോടെയുള്ള അനുസരണവും പരിഗണിക്കുന്നതിലൂടെ, സ്വര്‍ഗ്ഗാരോപണ തിരുനാളിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാന്‍ കഴിയും. മംഗളവര്‍ത്തയുടെ സമയത്ത് യാതൊരു മുന്‍വിധികളുമില്ലാതെ അവള്‍ ദൈവത്തോടുള്ള തന്റെ പ്രതിബദ്ധത നിര്‍ഭയമായി പ്രഖ്യാപിച്ചു. ചുരുക്കി പറഞ്ഞാല്‍, അവളുടെ സ്വര്‍ഗ്ഗാരോപണം ദൈവത്തോടുള്ള അവളുടെ സമ്പൂര്‍ണ്ണ സ്വയം സമര്‍പ്പണത്തിന്റെ ഫലമാണ്. ഇത് ഇന്ന് നമുക്ക് വ്യക്തവും ആഴമേറിയതുമായ ഒരു പാഠമായി വര്‍ത്തിക്കുന്നു, ദൈവത്തോടുള്ള നമ്മുടെ അചഞ്ചലമായ സമ്മതം മൂളല്‍ ഏറ്റവും സുന്ദരമായ രീതിയില്‍ ദൈവം ഫലവത്തായി തീര്‍ക്കും എന്നതാണിതിനര്‍ത്ഥം.

സീറോമലബാര്‍സഭയെയും എറണാകുളം-അങ്കമാലി അതിരൂപതയേയും അടുത്തറിയുന്ന ഒരാള്‍ എന്ന നിലയില്‍, സഭയും അതിരൂപതയും പ്രാര്‍ത്ഥനകൊണ്ടും, ക്ഷമകൊണ്ടും, സ്ഥിരോത്സാഹംകൊണ്ടും തങ്ങളുടെ ദൗത്യത്തിലൂടെ ദൈവത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അതിനായി ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുമെന്ന് എനിക്കുറപ്പുണ്ട്.

എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മാര്‍പ്പാപ്പയുടെ പ്രതിനിധി എന്ന നിലയില്‍, ഇന്നത്തെ തിരുനാളിനും എന്റെ ഇവിടുത്തെ ദൗത്യത്തിനും തമ്മില്‍ ഒരു പ്രത്യേക ബന്ധം കാണാന്‍ കഴിയും. പരിശുദ്ധ പിതാവ് കുറച്ചുകാലമായി ഈ അതിരൂപതയിലെ സ്ഥിതിഗതികള്‍ വളരെ ഉത്കണ്ഠയോടെ പിന്തുടരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2021 ജൂണ്‍ ഒന്‍പതിന്, റാസ കുര്‍ബാന തക്സ നിങ്ങളുടെ സഭയുടെ പരമോന്നത നിയമനിര്‍മ്മാണ സഭയായ മെത്രാന്മാരുടെ സുന്നഹദോസ് തയ്യാറാക്കുകയും ഈ തക്‌സയ്ക്കു ശ്ലൈഹീക സിംഹാസനത്തിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു. തദവസരത്തില്‍ നമുക്ക് പരിശുദ്ധ സിംഹാസനത്തില്‍ നിന്ന് ലഭിച്ച കത്ത് മുഴുവന്‍ സീറോമലബാര്‍സഭയിലും ഏകീകൃത കുര്‍ബാന അര്‍പ്പണരീതി നടപ്പിലാക്കണമെന്ന് വ്യക്തമായി ആവശ്യപ്പെടുന്നു: 'കാര്‍മ്മികന്‍ വചന പ്രഘോഷണം വരെ ബേമയില്‍ വിശ്വാസികളെ അഭിമുഖീകരിക്കുകയും; കൂദാശ പാരികര്‍മ വേളയില്‍ അള്‍ത്താരയിലേക്ക്, വിശ്വാസികളും കാര്‍മ്മികനും ഒരേ ദിശയിലേക്ക് തിരിയുകയും വേണം; കുര്‍ബാന സ്വീകരണത്തിന് ശേഷം സമാപന ചടങ്ങുകളില്‍ വീണ്ടും വിശ്വാസികളെ അഭിമുഖീകരിക്കുന്നു.'

ഈ തീരുമാനം നിയമാനുസൃതമായി എടുക്കുകയും ഉത്തരവാദിത്വപ്പെട്ടവര്‍ അംഗീകരിക്കുകയും ചെയ്തു. അതിനാല്‍ അനന്തമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാന്‍ ഇനി കഴിയില്ല. ഈ നിര്‍ണായക പരിഹാരത്തിന് നേരെ ചിലര്‍ ഉന്നയിച്ച വിവിധ എതിര്‍പ്പുകളും വാദങ്ങളും പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയെ വ്യക്തിപരമായും വിശദമായും അറിയിച്ചിരുന്നുവെന്ന് ഈ സന്ദര്‍ഭത്തില്‍ നാം ഓര്‍ക്കണം.  കൂടാതെ ഈ അതിരൂപതയ്ക്കു മാത്രമായി വേറിട്ടൊരു ആരാധനക്രമം അനുവദിക്കുന്നതുമായി ഉയര്‍ന്നുവന്ന ആശയവും അദ്ദേഹം വിശദമായി പഠിച്ചു. അതിനാല്‍ ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് പ്രത്യേകിച്ച് സിനഡിന്റെ തീരുമാനത്തിനെതിരായ എതിര്‍പ്പും അതിരൂപതയില്‍ പൂര്‍ണമായും ജനാഭിമുഖ കുര്‍ബാന വേണമെന്ന് ഉന്നയിച്ച കാര്യവും, ഇത് ഏകദേശം 50 വര്‍ഷം മുന്‍പ് തുടങ്ങി വെച്ചതാണെന്നും ഒക്കെ അദ്ദേഹത്തിന് നന്നായി അറിയാം.

ഇതൊക്കെയാണെങ്കിലും 2021 ജൂലൈ മൂന്നിന് മുഴുവന്‍ സീറോമലബാര്‍ സഭയ്ക്കും മാര്‍പാപ്പ എഴുതിയ കത്തില്‍ സംഘര്‍ഷങ്ങളില്‍ ഐക്യം നിലനില്‍ക്കണമെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു: 'ഞാന്‍ ... എല്ലാ വൈദികരോടും സന്യസ്ഥരോടും അല്‍മായരോടും നിങ്ങളുടെ സഭയുടെ മഹത്തായ നന്മയ്ക്കും ഐക്യത്തിനും വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള ഏകീകൃത രീതി എത്രയും വേഗം നടപ്പിലാക്കുക എന്ന് അഭ്യര്‍ത്ഥിക്കുന്നു. 2022 മാര്‍ച്ച് 25ന്, എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്‍മായര്‍ക്കും പ്രത്യേകമായി അയച്ച കത്തില്‍, ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി ഉടന്‍ നടപ്പാക്കാനുള്ള തന്റെ അഭ്യര്‍ത്ഥന പുതുക്കിക്കൊണ്ട് അദ്ദേഹം തന്റെ പിതൃഹൃദയത്തില്‍ ദുഖത്തോടെ നിരീക്ഷിക്കുന്നു: ''സൂക്ഷ്മമായ ആലോചനയ്ക്ക് ശേഷം പോലും, സീറോമലബാര്‍സഭയിലെ മറ്റ് രൂപതകളില്‍ നിന്ന് നിങ്ങളെത്തന്നെ ഒറ്റപ്പെടുത്തിക്കൊണ്ട്, നിങ്ങളുടെ പ്രത്യേക ആരാധനക്രമം പിന്തുടരാനാണ് നിങ്ങള്‍ തീരുമാനിച്ചത്. എന്നിരുന്നാലും, ക്രിസ്തുവില്‍ വിശ്വസിക്കുന്ന നമ്മള്‍, നമ്മുടെ പെരുമാറ്റവും വിയോജിപ്പും പ്രകടിപ്പിക്കുന്നതെങ്ങനെ, ബുദ്ധിമുട്ടുകളും അപമാനങ്ങളും പോലും എങ്ങനെ സ്വീകരിക്കുന്നു, എങ്ങനെ വിട്ടുവീഴ്ചക്ക് തയ്യാറാകും എന്നൊക്കെ ചോദ്യം ചെയ്യുന്നത് നല്ലതാണ്.

പ്രയാസകരവും വേദനാജനകവുമായ ഒരു ചുവടുവെപ്പാണ് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നതെന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ കര്‍ത്താവിന്റെ ശബ്ദം ശ്രവിക്കാനും മാര്‍പ്പാപ്പയെ വിശ്വസിക്കാനും തയ്യാറുള്ള പുരോഹിതന്മാരുടെയും അല്മായരുടെയും ഉദാഹരണങ്ങള്‍ ഞാന്‍ നിങ്ങളില്‍ കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ വിശ്വസ്ഥതയിലും അനുസരണത്തിലും വിശ്വാസമര്‍പ്പിച്ചുകൊണ്ട്, പ്രത്യേകിച്ച് തിരുപ്പട്ടം സ്വീകരിച്ചപ്പോള്‍ നിങ്ങള്‍ ഏറ്റെടുത്ത കടമകളെയും ഉത്തരവാദിത്വങ്ങളെയും ഓര്‍മിപ്പിച്ചുകൊണ്ട്, നിങ്ങള്‍ക്ക് ദൈവാനുഗ്രഹം ഉണ്ടാകുവാനായ് ഞാന്‍ പ്രാര്‍ഥിക്കുന്നു.'' പരിശുദ്ധ പിതാവിന്റെ ഈ പിതൃശബ്ദം പല വൈദികരും കേട്ടില്ല, പല സന്ദര്‍ഭങ്ങളിലും അല്‍മായരില്‍ നിന്നു ഇത് മറച്ചുവെച്ചു. അവസാനമായി, പ്രിയ പുരോഹിതരേ, കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിലെ പ്രിയപ്പെട്ട വേലക്കാരെ, തന്റെ പ്രതിനിധിയായി ഒരാളെ, എന്റെ നിയമനത്തിന്റെ ഉത്തരവില്‍ വായിക്കുന്നതുപോലെ 'വിയോജിക്കുന്ന വൈദികരെയും മെത്രാന്മാരെയും അനുസരണത്തിലേക്ക് തിരികെ കൊണ്ടുവരാന്‍' വേണ്ടി, വ്യക്തമായ ഉത്തരവോടെ നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കാന്‍ പരിശുദ്ധ പിതാവ് തീരുമാനിച്ചു.

ഒടുവില്‍ ഒരു ഫലം കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് മാര്‍പ്പാപ്പ ഈ വ്യക്തിഗത ദൗത്യം തിരഞ്ഞെടുത്തത്. അതിനാല്‍, പ്രിയ വൈദികരേ, ഞാന്‍ ഇവിടെ നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നു, എന്റെ പ്രത്യേക ചുമതലയുടെ ഭാഗമായി ഒരു ലളിതമായ ചോദ്യം നിങ്ങളോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഹൃദയത്തില്‍ ഉത്തരം നല്‍കുക! നിങ്ങള്‍ പരിശുദ്ധ പിതാവിനോടൊപ്പമാണോ, കത്തോലിക്കാ സഭയിലെയും നിങ്ങളുടെ സീറോമലബാര്‍സഭയിലെയും വൈദികരും അംഗങ്ങളുമായി തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ, അതോ പരിശുദ്ധ പിതാവിനോടും സീറോമലബാര്‍സഭയിലെയും കത്തോലിക്കാസഭയിലെയും നിങ്ങളുടെ ഇടയന്മാരോടും ഉള്ള അനുസരണക്കേടിലേക്ക് നിങ്ങളെ നയിക്കുന്ന കുഴപ്പക്കാരുടെ ശബ്ദത്തിനു മുന്‍ഗണന നല്‍കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നോ? നിങ്ങള്‍ നിയമവിരുദ്ധമായ രീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് തുടരണോ അതോ സഭ നിശ്ചയിച്ചിട്ടുള്ള നിയമങ്ങള്‍ക്കനുസൃതമായി അര്‍പ്പിക്കുവാന്‍ നിങ്ങള്‍ തയ്യാറാണോ?

നിങ്ങളുടെ മാര്‍പ്പാപ്പയെ അനുസരിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ, അതോ തെറ്റായ ഐക്യദാര്‍ഢ്യത്തിന്റെ പേരിലും നിങ്ങളെ ഭീഷണിപ്പെടുത്തിയതുകൊണ്ടും നിങ്ങളെ കത്തോലിക്കാ സഭയില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ വേര്‍തിരിക്കുന്ന ചില പുരോഹിതന്മാരെ കേള്‍കുവാനാണോ നിങ്ങള്‍ താല്‍പര്യപ്പെടുന്നത്? ചില ഇരുണ്ട ശക്തികളുടെ പദ്ധതികള്‍ നിറവേറ്റുകയും സിനഡിന്റെ തീരുമാനമനുസരിച്ച് കുര്‍ബാനയര്‍പ്പണം തടയുകയും ചെയ്യുന്ന അക്രമാസക്തരായ പ്രതിഷേധക്കാരുടെ ചെറുസംഘങ്ങളെ നിങ്ങള്‍ ഭയപ്പെടുന്നുണ്ടോ? നിങ്ങള്‍ മാര്‍പാപ്പയുടെ കൂടെയാണോ അതോ അദ്ദേഹത്തിന് എതിരാണോ?

അതിനാല്‍, എന്റെ ഈ ശബ്ദം നിങ്ങളുടെ ചെവികള്‍ അടയ്ക്കില്ല എന്ന പ്രതീക്ഷയില്‍ ഞാന്‍ നിങ്ങളോട് വീണ്ടും ചോദിക്കുന്നു: 'വിശുദ്ധ പത്രോസിനെ ഭരമേല്‍പ്പിച്ച ദിവ്യഗുരുവായ മിശിഹാ നയിക്കുന്ന കത്തോലിക്കാ സഭയുടെ പുരോഹിതന്മാരായി തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അവന്റെ പിന്‍ഗാമികള്‍ക്ക് കെട്ടഴിക്കാനും ബന്ധിക്കാനും, വിശ്വാസത്തില്‍ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനും പഠിപ്പിക്കാനും ഭരിക്കാനും ഉള്ള അവകാശം മിശിഹായില്‍നിന്നാണ് ലഭിച്ചത്. നിങ്ങള്‍ മിശിഹയെയും ഭൂമിയിലെ അവന്റെ വികാരിയായ മാര്‍പാപ്പയെയും പിന്തുടരാന്‍ ആഗ്രഹിക്കുന്നുണ്ടോ, അതോ മറ്റ് ഗുരുക്കന്മാരെ പിന്തുടരാന്‍ ആണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? നിങ്ങളുടെ പൗരോഹിത്യ കടമകളുടെ പാതയില്‍ നിന്ന് നിങ്ങള്‍ അകന്നുപോയോ?'

എറണാകുളം-അങ്കമാലി അതിരൂപതയിലെ അല്‍മായ വിശ്വാസികളോടും ഞാന്‍ ഇതേ ചോദ്യം ചോദിക്കുന്നു. പരിശുദ്ധ പിതാവിനെയും കത്തോലിക്കാസഭയെയും പിന്തുടരാന്‍ നിങ്ങള്‍ തയ്യാറാണോ; അതോ നിങ്ങളുടെ പേരില്‍ പരിശുദ്ധ പിതാവിനോടുള്ള വ്യക്തിപരമായ അനുസരണക്കേട് മറയ്ക്കാന്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ ചില പുരോഹിതന്മാരില്‍ വിശ്വാസമര്‍പ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളെ പ്രതിഷേധങ്ങളിലേക്ക് ക്ഷണിച്ചുകൊണ്ട് അവര്‍ അടിസ്ഥാനപരമായി നിങ്ങളെ ദുരുപയോഗം ചെയ്യുന്നു; അവരുടെ ദീര്‍ഘകാല ശിക്ഷണത്തിലൂടെ നിങ്ങളെ സ്വന്തം പിന്തുണക്കാരാക്കാന്‍ അവര്‍ ശ്രമിക്കുന്നു, ഒടുവില്‍ അവരുടെ കലാപങ്ങളില്‍ നിങ്ങളെ പലപ്പോഴും ബന്ദികളായി ഉപയോഗിക്കുന്നു. പല വൈദികരും അല്‍മായരും തങ്ങളുടെ പ്രതിഷേധം നല്ല വിശ്വാസത്തോടെ നടത്തിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. തങ്ങള്‍ സംവാദത്തിനും ചര്‍ച്ചയ്ക്കുമുള്ള അവകാശം വിനിയോഗിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വിശ്വസിക്കുന്ന പലരും ഈ അഹങ്കാരത്തിന്റെ പാതയിലേക്ക് നയിക്കപ്പെടുന്നു, നിര്‍ബന്ധം ഒടുവില്‍ ഫലം നല്‍കുമെന്ന് തെറ്റായി വിശ്വസിക്കുന്നു.

ദുഷ്‌കരമായ ഒരു ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഞാന്‍ ആത്മാര്‍ഥമായി നിങ്ങളോട് പറയുന്നു, തുടര്‍ച്ചയായ പ്രതിഷേധത്തിന്റെയും തിരസ്‌കരണത്തിന്റെയും ഒരേയൊരു ഫലം സഭയ്ക്ക് വലിയ ദോഷവും, നമ്മെ നിരീക്ഷിക്കുന്നവരുടെ മുമ്പില്‍ വലിയ അപവാദവും, ദൈവത്തിനെതിരെയുള്ള അനുസരണക്കേടിന്റെ ഫലമായ ആത്മീയ നാശവും ആയിരിക്കും വരുത്തിവെയ്കുക. അത്തരമൊരു അനുസരണക്കേടിന്റെ ഗുരുതരമായ പാപത്തിന് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉത്തരവാദികളാകാന്‍ ആഗ്രഹിക്കുന്നുണ്ടോ?

ദൈവേഷ്ടത്തെ തിരസ്‌കരിക്കുന്നത് നിങ്ങള്‍ അത് എത്ര ഭക്തിനിര്‍ഭരമായ വാക്യങ്ങളാലും പ്രാര്‍ത്ഥനകളാലും മറയ്ക്കാന്‍ ശ്രമിച്ചാലും, ഒരിക്കലും ദൈവാനുഗ്രഹത്തിലേക്കു നയിക്കുകയില്ല. നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ക്കും കലാപങ്ങള്‍ക്കും ദൈവാനുഗ്രഹം ഒരിക്കലും ഉണ്ടാകില്ല. നമ്മുടെ കര്‍ത്താവിന്റെ മുമ്പാകെ ഞാന്‍ മുട്ടുകുത്തി നിങ്ങളോട് അപേക്ഷിക്കുന്നു, ഈ കലാപത്തിന് എന്തെങ്കിലും യഥാര്‍ത്ഥമോ അല്ലാത്തതോ ആയ കാരണം നല്‍കിയിട്ടുള്ള ആരുടെയെങ്കിലും ഭാഗത്തുനിന്ന് വ്യക്തിപരമായി എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. അതുപോലെ, നമ്മുടെ കര്‍ത്താവിനും കത്തോലിക്കാസഭയ്ക്കും എതിരായ ഈ പാപത്തില്‍, അതായത്, പരിശുദ്ധ പിതാവ് അംഗീകരിച്ച ഏക നിയമാനുസൃതമായ രീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ വിസമ്മതിച്ചുകൊണ്ട്, ഇനിമേല്‍ ഈ പാപത്തില്‍ പങ്കുചേരരുതെന്ന് ഞാന്‍ മുട്ടുകുത്തി അപേക്ഷിക്കുന്നു.

പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണത്തിരുനാളില്‍ ആ നല്ല അമ്മ നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കട്ടെ! കര്‍ത്താവിന്റെ വിളി അനുസരിച്ച സ്ത്രീ, തന്റെ പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ ശരിയായ തീരുമാനം എളുപ്പത്തില്‍ എടുക്കുന്നതില്‍ നമ്മെ സഹായിക്കട്ടെ!
ആമേന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.