കൊച്ചി: സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ എറണാകുളം അങ്കമാലി അതിരൂപതയുടെ ബസിലിക്ക ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയ മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ പിതാവിനെ അപമാനിക്കുകയും,അവഹേളിക്കുകയും, കുപ്പികള്‍ കൊണ്ട് എറിഞ്ഞു കൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത ചില സഭാവിരുദ്ധരുടെ ഹീനമായ നടപടികളെ കഠിനമായി അപലപിക്കുന്നതായി സീറോ മലബാര്‍ സഭാ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി. സഭയുടെ കുര്‍ബാനക്രമവുമായി വിയോജിപ്പുള്ള വൈദികരടക്കമുള്ള ചിലരുടെ സാന്നിദ്ധ്യം ഏറെ ദുഖിപ്പിക്കുന്നു.
മാര്‍പാപ്പയെയും സീറോ മലബാര്‍ സിന്‍ഡിനെയും അനുസരിക്കാതെ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച ഇവര്‍ക്കെതിരെ ശക്തമായ സഭാനടപടികള്‍ ഉണ്ടാകണം. മാര്‍പാപ്പയുടെ പ്രതിനിധിക്കെതിരെ വൈദികരടക്കമുള്ളവര്‍ ചെയ്ത നടപടികള്‍ സഭാ വിശ്വാസികള്‍ക്ക് തികച്ചും അപമാനമാണെന്നും സീറോ മലബാര്‍ സഭയിലെ എല്ലാ വിശ്വാസികളും ഇത്തരം ഹീനമായ നീക്കങ്ങള്‍ക്കെതിരെ ജാഗ്രതയോടെ നിലകൊള്ളണമെന്നും ഫോറം ആവശ്യപ്പെട്ടു.
വിശുദ്ധ കുര്‍ബാന ചെറിയ അരുളിക്കയില്‍ കയ്യില്‍ വച്ചുകൊണ്ടു പ്രാര്‍ത്ഥനാനിരതനായി നിലകൊണ്ട വാസില്‍ പിതാവിന്റെ മാതൃക പൗരസ്ത്യ സഭയുടെ ആത്മീയ പാരമ്പര്യമാണ് കാണിക്കുന്നത്.ഈ മാതൃക പൗരസ്ത്യരായ നമുക്ക് പിന്‍ചെല്ലേണ്ട വലിയ സാക്ഷ്യമാണ്. തിന്മയ്ക്കുമേല്‍ സഭ നേടുന്ന അന്തിമവിജയമായി മാര്‍പാപ്പയുടെ പ്രതിനിധിയുടെ ആത്മീയ സാക്ഷ്യം നമ്മെ പഠിപ്പിക്കുന്നെന്നും കൂട്ടിച്ചേര്‍ത്തു.
വത്തിക്കാന്‍ പ്രതിനിധി വന്ന ശേഷവും സഭയില്‍ ആശയത്തിന്റെയോ വ്യക്തിയുടെയോ പേരില്‍ വിഭാഗീയത സൃഷ്ടിക്കുകയും ചേരിതിരിഞ്ഞ് ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നതു ഗുരുതര അച്ചടക്ക ലംഘനമാണ്. വൈദികരായോ സന്യസ്തരായോ തുടരുന്ന കാലത്തോളം കാനോനിക നിയമങ്ങളും അച്ചടക്കവും നിര്‍ബന്ധമായും അവര്‍ പാലിക്കണം. ഈയിടെ വൈദികരും സന്യസ്തരും വിശ്വാസികളും ഉള്‍പ്പെട്ട പരസ്യ പ്രതിഷേധങ്ങളും സമരങ്ങളും അച്ചടക്കത്തിന്റെ എല്ലാ അതിരും ലംഘിച്ചതായും സഭാവിരുദ്ധ ഗ്രൂപ്പുകളുടെ ഇടയില്‍ പെട്ട് ആരും കബളിപ്പിക്കപ്പെടരുതെന്നും ഫോറം വ്യക്തമാക്കി.
അതിരൂപതയിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവനകളില്‍ നിന്ന് എല്ലാവരും വിട്ടുനിന്ന് മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ഫോറം ആവശ്യപ്പെട്ടു. സീറോ മലബാര്‍ സഭയുടെ അതിരൂപതയുടെ കൂട്ടായ്മയ്ക്കും ആത്മീയതക്കും ഹാനികരമായ ഒന്നും വിശ്വാസികളുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും സീറോ മലബാര്‍ സഭ അല്‍മായ ഫോറം അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.