ആലപ്പുഴ: ഒട്ടേറെ മേഖലകളിൽ കുതിച്ചു മുന്നേറുന്ന കേരളത്തിന് വിദ്യാഭ്യാസരംഗത്ത്, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈ അടുത്ത നാളുകളിൽ കണ്ടുവരുന്ന തകർച്ചകൾ വലിയ നാണക്കേടാണ് ആണ് വരുത്തി വയ്ക്കുന്നത് എന്ന് പറയാതിരിക്കാൻ സാധിക്കുകയില്ല. നാടിന്റെ വളർച്ചയിൽ പ്രത്യേകിച്ചും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിവരുന്ന സംഭാവനകൾ നിസ്തുല്യമാണ്. ഈ മേഖലയിൽ ആലപ്പുഴ ജില്ലയിലെ എടത്വ സെന്റ്. അലോഷ്യസ് കോളജിനുള്ള പങ്ക് ഏറെ ശ്ലാഘനീയമാണ്.
വളർന്നു വരുന്ന കുട്ടികളിൽ രാഷ്ട്രീയ ബോധം വളർത്തുന്നത് നല്ലതുതന്നെ. എന്നാൽ കലാലയങ്ങളിൽ ഇതിന്റെ പേരിൽ നടമാടുന്ന ചില അക്രമങ്ങൾ പലരുടെയും ജീവിതത്തിന്റെ നിറം തന്നെ മായിച്ചു കളയാൻ കാരണമായിട്ടുണ്ട്. ചെറിയൊരു തർക്കമോ വാക്കേറ്റമോ ആണ് പലപ്പോഴും വലിയ അക്രമങ്ങളായി പരിണമിക്കുന്നത്.
വിദ്യാഭ്യാസ രംഗത്ത് 59 വർഷത്തെ ചരിത്രമാണ് സെന്റ് അലോഷ്യസ് കോളജിന് അവകാശപ്പെടാനുള്ളത്. ഇക്കഴിഞ്ഞ പത്താം തീയതി കോളജിൽ ക്ലാസ് നടക്കുമ്പോൾ ക്‌ളാസിൽ കയറാതെ ബൈക്ക് ഷെഡിൽ ഇരുന്ന രണ്ട് വിദ്യാർത്ഥികളോട് അവിടെ ഇരിക്കാതെ ക്‌ളാസിലേക്ക് പോകാൻ സെക്യൂരിറ്റി ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ കുട്ടികൾ കോളജിലെ മറ്റു ചില കുട്ടികളെക്കൂട്ടി ഇതിനെ ചോദ്യം ചെയ്യാൻ എത്തുകയും സെക്യൂരിറ്റിയുമായി കയർക്കുകയും മോശമായി സംസാരിക്കുകയും അദ്ദേഹത്തെ മുറിയിൽ പൂട്ടിയിടുകയും ചെയ്തു.
സംഭവത്തെപ്പറ്റി അന്വേഷിക്കാൻ കോളേജ് അധികൃതർ ഒരു കമ്മീഷനെ നിയമിച്ചു. സെക്യൂരിറ്റി സ്ത്രീത്വത്തെ അപമാനിച്ചു എന്ന ഒരു പെൺകുട്ടിയുടെ പരാതിയെപ്പറ്റിയും കമ്മീഷൻ അന്വേഷിച്ചു. എന്നാൽ അത്തരത്തിലുള്ള എന്തെങ്കിലും അവിടെ നടന്നതായി കമ്മീഷൻ കണ്ടെത്തിയിട്ടില്ല.
നാടിനും സമൂഹത്തിനും മുതൽക്കൂട്ടായ, സമഗ്രസംഭാവനകൾ നൽകുന്ന, തലമുറകളെ വാർത്തെടുക്കുന്ന, നമ്മുടെ കലാലയങ്ങളെ തച്ചുടക്കാൻ ഒരു ശക്തിയേയും അനുവദിച്ചു കൂടാ. തങ്ങൾ നിയമത്തിന് അതീതരാണ് എന്ന ചിന്താഗതി പലപ്പോഴും യുവതലമുറയെ നയിക്കുന്നത് വലിയ അപകടത്തിലേയ്ക്കാണ്. നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും, അതനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നുമുള്ള ബോധ്യം പുതു തലമുറയ്ക്ക് കൂടിയേ തീരൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.