അനധികൃതമായി അതിര്‍ത്തി കടന്ന അമേരിക്കന്‍ സൈനികന്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഉത്തരകൊറിയ; നാടു വിട്ടത് വിവേചനം മൂലമെന്ന് വിശദീകരണം

അനധികൃതമായി അതിര്‍ത്തി കടന്ന അമേരിക്കന്‍ സൈനികന്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഉത്തരകൊറിയ; നാടു വിട്ടത് വിവേചനം മൂലമെന്ന് വിശദീകരണം

പ്യോങ്യാങ്: അനധികൃതമായി അതിര്‍ത്തി കടന്ന അമേരിക്കന്‍ സൈനികന്‍ പ്രൈവറ്റ് ട്രാവിസ് കിങ് രാജ്യത്തുണ്ടെന്ന ഔദ്യോഗിക സ്ഥിരീകരണവുമായി ഉത്തരകൊറിയ. അമേരിക്കന്‍ സൈന്യത്തിലെ വര്‍ണ വിവേചനവും മനുഷ്യത്വരഹിതമായ സമീപനങ്ങളുമാണ് ട്രാവിസിനെ തങ്ങളുടെ രാജ്യത്തെത്തിച്ചതെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം. ഉത്തരകൊറിയയില്‍ അഭയം തേടാനുള്ള ആഗ്രഹം 23കാരനായ ട്രാവിസ് കിങ് പ്രകടിപ്പിച്ചതായി ദേശീയ മാധ്യമമായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി വാര്‍ത്ത പുറത്തുവിട്ടു. അസമത്വം നിറഞ്ഞ അമേരിക്കന്‍ സമൂഹത്തിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ട്രാവിസ് പറഞ്ഞതായും ഉത്തരകൊറിയ വ്യക്തമാക്കുന്നു.

ദക്ഷിണകൊറിയയിലെ യു.എസ്. സേനാതാവളത്തില്‍ ജോലിചെയ്തിരുന്ന കിങ് ജൂലായ് 18-നാണ് ഉത്തരകൊറിയയിലേക്ക് ഓടിപ്പോയത്. ഉത്തര - ദക്ഷിണ കൊറിയകളെ വേര്‍തിരിക്കുന്ന സൈനിക അതിര്‍ത്തിരേഖയായ ജോയിന്റ് സെക്യൂരിറ്റി ഏരിയ (ജെഎസ്എ) കടന്നതിന് അമേരിക്കന്‍ സൈനികനെ ഉത്തരകൊറിയ തടവിലാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാകുന്നത് ആദ്യമാണ്. അതിര്‍ത്തിഗ്രാമമായ പാന്‍മുന്‍ജോ സന്ദര്‍ശിക്കുന്നതിനിടെയാണ് ട്രാവിസ് കിങ് അനുമതിയില്ലാതെ അതിര്‍ത്തി കടന്നത്. സൈനികനെ തടവിലാക്കിയ വിവരം അമേരിക്കയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് നേഷന്‍സ് കമാന്‍ഡ് സ്ഥിരീകരിച്ചിരുന്നു.

എത്രയും വേഗം ട്രാവിസ് കിങ്ങിനെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനായുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി. സൈനികന്‍ മനഃപൂര്‍വം അതിര്‍ത്തി കടന്നതാണെന്ന് പെന്റഗണ്‍ നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.

അതേസമയം, കിങ്ങിന്റെ ആരോഗ്യസ്ഥിതിയോ, താമസസ്ഥലമോ ഉത്തരകൊറിയ വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തെ എന്തുചെയ്യാന്‍ ഉദ്ദേശിക്കുന്നെന്നും പറഞ്ഞിട്ടില്ല. കിങ്ങിന്റെ അമ്മ ക്ലോഡിന്‍ ഗേറ്റ്‌സ് തന്റെ മകനോട് മാനുഷികമായി പെരുമാറണമെന്ന് ഉത്തര കൊറിയയോട് അഭ്യര്‍ത്ഥിച്ചു.

2021 മുതല്‍ യുഎസ് സൈന്യത്തിന്റെ ഭാഗമാണ് ട്രാവിസ് കിങ്. ദക്ഷിണ കൊറിയയില്‍ വിന്യസിച്ചിരുന്ന യുഎസ് സൈന്യത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിലെ സൈനികനായിരുന്നു ഇയാള്‍. ദക്ഷിണ കൊറിയയില്‍ ഒരു പൗരനെ ആക്രമിച്ചതിന് ഒരു ആക്രമണ കേസില്‍ രണ്ട് മാസം ട്രാവിസ് തടവില്‍ കഴിഞ്ഞിരുന്നു. ജൂലൈ 10നാണ് മോചിക്കപ്പെട്ടത്. 18ന് ഇയാളെ കാണാതായി.

ദക്ഷിണ കൊറിയയിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ യുഎസില്‍ അച്ചടക്ക നടപടികള്‍ നേരിടാനായി ട്രാവിസിനെ തിരികെ വിളിച്ചിരുന്നു. അമേരിക്കയിലേക്ക് പോകുന്നതിന് പകരം ഇയാള്‍ ഉത്തര- ദക്ഷിണ കൊറിയകളുടെ അതിര്‍ത്തി ഗ്രാമമായ പാന്‍ജുന്‍മിലേക്ക് വിനോദസഞ്ചാര യാത്രാ ടീമിനൊപ്പം മുങ്ങുകയായിരുന്നു.

248 കിലോമീറ്ററുള്ള സൈനിക മേഖലയാണ് പാന്‍മുന്‍ജോം. പാന്‍മുന്‍ജോം മേഖലയില്‍ വെടിവയ്പ്പും മറ്റ് ആക്രമണങ്ങളും പല തവണയുണ്ടായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നിരവധി ചര്‍ച്ചകള്‍ക്ക് കൂടി വേദിയായിട്ടുള്ള മേഖല കൂടിയാണിത്. യുഎന്‍ കമാന്‍ഡും ഉത്തര കൊറിയയും സംയുക്തമായാണ് ഈ പ്രദേശം നിയന്ത്രിക്കുന്നത്. യുദ്ധസ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള പ്രത്യേക ടൂറിസം പദ്ധതി കൂടി ഇവിടെയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.