നൈരാശ്യം അനുഭവിക്കുന്ന തൊഴില്‍രഹിതരെ ചേര്‍ത്തുപിടിക്കുന്നത് സഭയുടെ ഉത്തരവാദിത്തം: ഫ്രാന്‍സിസ് പാപ്പ

നൈരാശ്യം അനുഭവിക്കുന്ന തൊഴില്‍രഹിതരെ ചേര്‍ത്തുപിടിക്കുന്നത് സഭയുടെ ഉത്തരവാദിത്തം: ഫ്രാന്‍സിസ് പാപ്പ

ജോസ്‌വിന്‍ കാട്ടൂര്‍

വത്തിക്കാന്‍ സിറ്റി: മനുഷ്യന്റെ തൊഴില്‍ കേവലം ഉല്‍പാദനപരമായ ഒരു പ്രക്രിയ എന്നതിനേക്കാളുപരി സൃഷ്ടികര്‍മ്മത്തില്‍ ദൈവത്തിന്റെ സഹകാരികളാകാനും അതിലൂടെ ആത്മസാക്ഷാത്കാരം പ്രാപിക്കാനുമുള്ള ക്ഷണമായി സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. നീതിയിലും സാഹോദര്യത്തിലും അടിസ്ഥാനമിട്ട ഒരു നവലോക നിര്‍മ്മിതിയില്‍ ഒരാള്‍ തന്റെ അദ്ധ്വാനത്തിലൂടെയാണ് പങ്കാളിയാകുന്നത്. തൊഴില്‍ സംബന്ധമായ അരക്ഷിതാവസ്ഥയില്‍ സഭ തൊഴിലാളികള്‍ക്കൊപ്പം സഞ്ചരിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

സ്‌പെയിനിലെ കത്തോലിക്കാ തൊഴിലാളി സംഘടനയായ സ്പാനിഷ് കാത്തലിക് ആക്ഷന്റെ 14-ാമത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശത്താലാണ് പാപ്പ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. 'ഒരുവന്റെ ജീവിതത്തിന്റെയും അന്തസിന്റെയും അവിഭാജ്യ ഘടകമാണ് അവന്റെ തൊഴില്‍'- 'സുവിശേഷത്തിന്റെ ആനന്ദം' എന്ന തന്റെ ചാക്രിക ലേഖനത്തെ ഉദ്ധരിച്ച് പാപ്പാ പറഞ്ഞു.

തൊഴിലാളികളോടുള്ള പ്രതിബദ്ധത സഭ പ്രകടിപ്പിക്കേണ്ടത് ഒറ്റപ്പെട്ട വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയുമല്ല. മറിച്ച്, അവരോടുള്ള സ്ഥിരമായ ഐക്യദാര്‍ഢ്യത്തിലൂടെയും തൊഴില്‍പരമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്നവരെ പ്രത്യേക ശ്രദ്ധയോടെ പിന്തുണച്ചുകൊണ്ടുമാണ്. തൊഴില്‍ നഷ്ടപ്പെട്ടവരോ തൊഴിലവസരങ്ങളുടെ അഭാവം മൂലം ബുദ്ധിമുട്ടുന്നവരോ ആയ ആളുകളുടെ അടുത്തേക്ക് ഇറങ്ങിച്ചെല്ലുക എന്നതും സഭയുടെ ദൗത്യത്തില്‍ ഉള്‍പ്പെടുന്നു - പാപ്പാ കൂട്ടിച്ചേര്‍ത്തു.

തൊഴിലില്ലായ്മ മൂലം അനേകം കുടുംബങ്ങള്‍ കഷ്ടതയനുഭവിക്കുന്ന കാര്യം ഫ്രാന്‍സിസ് പാപ്പാ ഖേദപൂര്‍വ്വം അനുസ്മരിച്ചു. നൈരാശ്യവും ഒറ്റപ്പെടലും അനുഭവിക്കുന്ന തൊഴില്‍രഹിതരെ ചേര്‍ത്തുപിടിക്കുക എന്നത് സഭയുടെ ഉത്തരവാദിത്തവും കടമയും ആണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
സുവിശേഷത്തിന്റെ വെളിച്ചത്തിന് സാക്ഷികളായി, സാഹോദര്യത്തിന്റെ ഇഴകള്‍ നെയ്‌തെടുത്ത്, കൂടുതല്‍ നീതിപൂര്‍വ്വമായ ഒരു സമൂഹത്തെ പടുത്തുയര്‍ത്താന്‍ കാത്തലിക് ആക്ഷന്റെ അംഗങ്ങളോട് പാപ്പാ ആഹ്വാനം ചെയ്തു. 'തൊഴില്‍ മേഖലയില്‍ ദൈവത്തിന്റെ സ്വന്തജനമായി നിങ്ങള്‍ വര്‍ത്തിക്കണം. സഭയ്ക്ക് നിങ്ങളെക്കൊണ്ട് ആവശ്യമുണ്ട്' - ഈ വാക്കുകളോടെ പപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചു.

സ്പാനിഷ് കാത്തലിക് ആക്ഷന്റെ (ഒഛഅഇ) 14-ാമത് ജനറല്‍ അസംബ്ലി സ്‌പെയിനിലെ സെഗോവിയ നഗരത്തില്‍ ഓഗസ്റ്റ് 12 മുതല്‍ 15 വരെയാണ് നടന്നത്. രാജ്യത്തെ 41 രൂപതകളില്‍ നിന്ന് ആര്‍ച്ചുബിഷപ്പുമാരും ബിഷപ്പുമാരും മറ്റ് അംഗങ്ങളുമുള്‍പ്പെടെ 800-ല്‍ അധികം ആളുകള്‍ സംബന്ധിച്ചു. അടുത്ത ആറ് വര്‍ഷത്തേക്കുള്ള സംഘടനയുടെ മുന്‍ഗണനകള്‍, വെല്ലുവിളികള്‍, നിര്‍ദേശങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാനും തീരുമാനങ്ങളെടുക്കാനുമാണ് യോഗം ചേര്‍ന്നത്. സാമൂഹിക അസ്വാസ്ഥ്യങ്ങള്‍, അസമത്വം, അനീതി എന്നിവയാല്‍ വലയുന്ന ലോകത്ത്, ക്രിസ്തീയ വീക്ഷണത്തിലൂടെ ഈ വെല്ലുവിളികളെ നേരിടാനാണ് പ്രസ്ഥാനം ശ്രമിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.