കാശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്റെ ഭാര്യ പാക് കാവല്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്

കാശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്റെ ഭാര്യ പാക് കാവല്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കാവല്‍ പ്രധാനമന്ത്രി അന്‍വറുല്‍ കാകറിന്റെ പ്രത്യേക ഉപദേഷ്ടാവായി കാശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്റെ ഭാര്യ മുഷാല്‍ ഹുസൈന്‍ മാലിക്കിനെ നിയമിച്ചു.

കാവല്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയാണ് അഞ്ച് ഉപദേഷ്ടാക്കളിലൊരാളായി മുഷാലിനെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. മനുഷ്യാവകാശം, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളിലെ ഉപദേശകസ്ഥാനമാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.

ജമ്മുകാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് തലവനായിരുന്ന യാസിന്‍ മാലിക് ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തികസഹായം നല്‍കിയെന്ന കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുകയാണ്. 2009-ലാണ് കലാകാരികൂടിയായ മുഷാലിനെ റാവല്‍പിണ്ടിയില്‍വച്ച് യാസിന്‍ വിവാഹം ചെയ്തത്. മുഷാലും മകളും നിലവില്‍ ഇസ്ലാമാബാദിലാണ്.

19 അംഗ കാവല്‍മന്ത്രിസഭയാണ് കഴിഞ്ഞദിവസം പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. പ്രസിഡന്റ് ആരിഫ് ആല്‍വി സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ വിദേശകാര്യസെക്രട്ടറിയും യു.എസിലെ മുന്‍ പാക് നയതന്ത്രപ്രതിനിധിയുമായ ജലീല്‍ അബ്ബാസ് ജിലാനിയാണ് വിദേശകാര്യമന്ത്രി.

അടുത്ത പൊതുതിരഞ്ഞെടുപ്പുവരെ കാകറിന്റെ നേതൃത്വത്തിലുള്ള കാവല്‍സര്‍ക്കാരാണ് പാകിസ്ഥാന്‍ ഭരിക്കുക. കാലാവധി പൂര്‍ത്തിയാക്കാന്‍ മൂന്ന് ദിവസം ശേഷിക്കെ ഓഗസ്റ്റ് ഒമ്പതിനാണ് മുന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നിര്‍ദേശപ്രകാരം പാര്‍ലമെന്റിന്റെ അധോസഭയായ നാഷണല്‍ അസംബ്ലി പ്രസിഡന്റ് പിരിച്ചുവിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.