ഹവായിലെ കാട്ടുതീയെ അതിജീവിച്ച മരിയ ലനകില കത്തോലിക്കാ ദേവാലയത്തിന്റെ മുന്നിലുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ ശില്‍പത്തിനരികില്‍ ഫാ. കുര്യാക്കോസ് നടൂപ്പറമ്പില്‍. കാട്ടുതീയില്‍ നശിച്ച മരങ്ങള്‍ ചുറ്റിലും കാണാം.
ഹവായ്: വിഴുങ്ങാനെത്തിയ അഗ്നിഗോളത്തിനു മുന്നില്‍ ആത്മീയ ശോഭയോടെ നിലകൊണ്ട ഹവായിലെ കത്തോലിക്കാ ദേവാലയത്തിന്റെ അതിജീവനം അത്ഭുതമായി മാറുകയാണ്. കാട്ടുതീയില്‍പെട്ട് ഹവായിയന്‍ ദ്വീപുകളുടെ ഭൂരിഭാഗവും കത്തിച്ചാമ്പലായെങ്കിലും ലഹൈനയിലെ 177 വര്‍ഷം പഴക്കമുള്ള മരിയ ലനകില കത്തോലിക്കാ പള്ളി യാതൊരുവിധ കേടുപാടും കൂടാതെ നിലനിന്നത് അത്ഭുതമായാണ് വിശ്വാസികളും ലോക മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്.
പത്തനംതിട്ട സ്വദേശിയും മിഷനറിസ് ഓഫ് ഫെയ്ത്ത് കോണ്‍ഗ്രിഗേഷന്‍ അംഗവുമായ ഫാ. കുര്യാക്കോസ് നടൂപ്പറമ്പിലാണ് ഇടവക വികാരി. പള്ളിക്കു ചുറ്റുമുള്ള കെട്ടിടങ്ങളെല്ലാം കത്തി നശിച്ചെങ്കിലും പ്രത്യാശയുടെ പ്രതീകമായി പള്ളി അതേപടി നിലനിന്നത് പ്രദേശവാസികളായ വിശ്വാസികള്‍ക്കും ആശ്വാസമാവുകയാണ്.
ലനകില കത്തോലിക്കാ ദേവാലയം തീപിടിത്തത്തിനു ശേഷം
വിനോദസഞ്ചാരത്തിനു പേരുകേട്ട ലഹൈന, മൗയി എന്നിവിടങ്ങളിലാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. അമേരിക്ക ഒരു നൂറ്റാണ്ടിനിടെ കണ്ട ഏറ്റവും വലിയ കാട്ടുതീയില്‍ മരിച്ച 106 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി മൗയി കൗണ്ടി അധികൃതര്‍ സ്ഥിരീകരിച്ചു. തെരച്ചില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ഏകദേശം 1,300 പേരെ കാണാതായി. പതിനായിരക്കണക്കിനു പേരെയാണു മാറ്റിപ്പാര്‍പ്പിച്ചത്.
വിനാശകരമായ കാട്ടുതീയെ ഔവര്‍ ലേഡി ഓഫ് വിക്ടറിയുടെ പേരിലുള്ള മരിയ ലനകില കാത്തലിക് ചര്‍ച്ച് അതിജീവിച്ചത് ആഗോള മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. തീപിടിത്തത്തില്‍ ഭൂരിഭാഗവും നശിച്ച ലഹൈന നഗരത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. 13,000-ത്തില്‍ താഴെ മാത്രമാണ് ഇവിടുത്തെ താമസക്കാര്‍. കാട്ടുതീ അണഞ്ഞശേഷം അവിടെ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളില്‍ കത്തിച്ചാമ്പലായ കെട്ടിടങ്ങള്‍ക്കും സസ്യജാലങ്ങള്‍ക്കും നടുവില്‍ പള്ളിയും അതിനോടു ചേര്‍ന്ന പള്ളിമേടയും ഭദ്രമായി നിലകൊള്ളുന്നതു കാണാം.
ഇടവക വികാരിയും മലയാളിയുമായ ഫാ. കുര്യാക്കോസ് നടൂപ്പറമ്പില്‍ അഗ്നിബാധയില്‍നിന്ന് പള്ളി കെട്ടിടം അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ സാക്ഷ്യം മാധ്യമങ്ങളോടു പങ്കുവച്ചു. പത്തനംതിട്ടയിലെ കൊല്ലമുളയാണ് ഫാ. കുര്യാക്കോസിന്റെ സ്വദേശം.
തീപിടിത്തത്തിനു ശേഷം ഫാ. കുര്യാക്കോസ് നടൂപ്പറമ്പില്‍ പോലീസ് അകമ്പടിയോടെ പള്ളിക്കുള്ളില്‍ പ്രവേശിച്ചതായി രൂപതാ പത്രമായ ഹവായ് കാത്തലിക് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. പള്ളിയിലെ പൂക്കള്‍ പോലും വാടുകയോ കത്തിച്ചാമ്പലാകുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. പീഠങ്ങളില്‍ ചാരത്തിന്റെ പൊടി മാത്രമാണ് ഉണ്ടായിരുന്നത്. അതേസമയം, കത്തോലിക്കാ പള്ളിയില്‍ നിന്ന് വളരെ അകലെയല്ലാത്ത സേക്രഡ് ഹാര്‍ട്ട് സ്‌കൂളിനും കോണ്‍വെന്റിനും വീടുകള്‍ക്കും തീപിടിത്തത്തിലും ശക്തമായ കാറ്റിലും കാര്യമായ കേടുപാടുണ്ടായി.
'ഈ അനുഗ്രഹത്തിന് ഞങ്ങള്‍ ദൈവത്തിന് നന്ദി പറയുന്നു' - ഹോണോലുലു ബിഷപ്പ് ലാറി സില്‍വ പറഞ്ഞു. പ്രദേശം വൃത്തിയാക്കുന്നത് വരെ പള്ളി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ബിഷപ്പ് സില്‍വ കൂട്ടിച്ചേര്‍ത്തു.
1846ല്‍ സ്ഥാപിതമായ പള്ളിയുടെ നിലവിലെ കെട്ടിടം നിര്‍മിച്ചത് 1873-ലാണ്. തീപിടിത്തത്തില്‍ പള്ളിയുടെ തടി മേല്‍ക്കൂരയ്ക്ക് മാത്രം നേരിയ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
'ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു അത്ഭുതം തന്നെയാണ്' - മൗയിയിലെയും ലാനായിലെയും വികാരി മോണ്‍സിഞ്ഞോര്‍ ടെറന്‍സ് വടാനബെ ഹോണോലുലു പറഞ്ഞു. കൂടുതല്‍ വിവരങ്ങളും നാശനഷ്ടങ്ങള്‍ വല്ലതുമുണ്ടോ എന്നതും പരിശാധനകള്‍ക്കുശേഷം മാത്രമേ അറിയൂ. പ്രഥമദൃഷ്ട്യാ ദേവാലയം കേടുപാടുകളൊന്നും കൂടാതെയാണ് കാണപ്പെടുന്നതെന്ന് വൈലുക്കുവിലെ സെന്റ് ആന്റണീസ് ഓഫ് പാദുവ കാത്തലിക് ചര്‍ച്ചിന്റെ വികാരി കൂടിയായ വാടാനബെ വെളിപ്പെടുത്തി.
മൗയി ദ്വീപിലെ കാട്ടുതീയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ ദുരന്തമുഖത്ത് എത്തിക്കാനുള്ള കഠിനമായി പരിശ്രമത്തിലാണെന്നും കാത്തലിക് ചാരിറ്റീസ് ഓഫ് ഹവായ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.