കുറഞ്ഞ നിരക്കില്‍ പെട്രോള്‍ വേണം: യുഎഇയേയും ഇറാഖിനേയും ലക്ഷ്യമിട്ട് ഇന്ത്യ: ചര്‍ച്ചയ്ക്ക് തയ്യാറായി ഇറാഖ്

കുറഞ്ഞ നിരക്കില്‍ പെട്രോള്‍ വേണം: യുഎഇയേയും ഇറാഖിനേയും ലക്ഷ്യമിട്ട് ഇന്ത്യ: ചര്‍ച്ചയ്ക്ക് തയ്യാറായി ഇറാഖ്

ന്യൂഡല്‍ഹി: ഇറാഖില്‍ നിന്നും യുഎഇയില്‍ നിന്നും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ. റഷ്യ നല്‍കിയ വിലയ്ക്ക് സമാനമായി അന്താരാഷ്ട്ര വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ ആവശ്യപ്പെടാനാണ് ഇന്ത്യയുടെ നീക്കം. വിപണി വിലയില്‍ നിന്നും നിശ്ചിത ശതമാനം വിലക്കുറവില്‍ ക്രൂഡ് ഓയില്‍ നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ഇന്ത്യ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അടുത്തകാലം വരെ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത രാജ്യങ്ങളിലൊന്നായിരുന്നു ഇറാഖ്. എന്നാല്‍ ഉക്രെയിന്‍ അധിനിവേശത്തിന് പിന്നാലെയുണ്ടായ പശ്ചാത്യ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ എണ്ണ വിലയില്‍ വലിയ കുറവ് വരുത്തിയതോടെ സാഹചര്യം മുതലെടുത്ത് ഇന്ത്യ കൂടുതല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുകയായിരുന്നു.

ഇതോടെയാണ് ഇറാഖ്, യുഎഇ അടക്കമുള്ള പരമ്പരാഗത ഇറക്കുമതിക്കാരില്‍ നിന്നുള്ള എണ്ണയുടെ അളവ് കുറഞ്ഞത്.
ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ പ്രതീക്ഷിക്കുന്ന കിഴിവിന്റെ ശതമാനം ചര്‍ച്ച ചെയ്യാന്‍ ഇറാഖ് തയ്യാറാണ്. റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി വര്‍ധിച്ചതോടെ ഇന്ത്യയ്ക്കുള്ള എണ്ണ വിഹിതത്തിലും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇതേ നഷ്ടം സംഭവിക്കുന്നുണ്ട്. ഇന്ത്യ റഷ്യയുടെ എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതോടെ ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള ക്രൂഡിന്റെ ആവശ്യം കുത്തനെ ഇടിഞ്ഞു.

അതേസമയം വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ ക്രൂഡ് ഓയില്‍ ഫ്യൂച്ചേഴ്‌സ് കരാര്‍ ഒരു ശതമാനം ഉയര്‍ന്നിരുന്നു. അമേരിക്കയുടെ എണ്ണ ഉല്‍പ്പാദനം കുറയുമെന്ന നിഗമനമാണ് ക്രൂഡ് ഓയില്‍ വില ഉയര്‍ത്തിയത്. ബ്രെന്റ് ക്രൂഡ് 0.8 ശതമാനം ഉയര്‍ന്ന് 84.80 ഡോളറിലും ഡബ്ല്യുടിഐ ക്രൂഡ് 1.1 ശതമാനം ഉയര്‍ന്ന് 81.25 ഡോളറിലുമാണ് അവസാനിച്ചത്.

ഇന്ന് വില ഉയര്‍ന്നെങ്കിലും അസംസ്‌കൃത എണ്ണയുടെ വില ഈ ആഴ്ചയില്‍ രണ്ട് ശതമാനം നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ ഏഴ് ആഴ്ചയ്ക്കിടെ തുടര്‍ച്ചയായി നേട്ടമുണ്ടാക്കിയതിന് ശേഷമാണ് ഇടിവ്. ചൈനയുടെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കയാണ് അസംസ്‌കൃത എണ്ണയുടെ വിലയുടെ ചാഞ്ചാട്ടത്തിന്റെ പ്രധാന കാരണം.

വിതരണം വെട്ടിക്കുറയ്ക്കുമെന്ന സൗദി അറേബ്യയുടെയും റഷ്യയുടെയും പ്രഖ്യാപനമാണ് ജൂണിന് ശേഷം ക്രൂഡ് വില 20 ശതമാനത്തോളം ഉയരുന്നതിലേക്ക് നയിച്ചത്. അതേസമയം ഇന്ത്യയും യുഎഇയും തമ്മില്‍ ദിര്‍ഹം-രൂപ അടിസ്ഥാനത്തിലുള്ള ആദ്യ എണ്ണ വ്യാപാരവും അടുത്തിടെ നടന്നിരുന്നു.

രാജ്യാന്തര വിപണിയില്‍ ഏറ്റക്കുറിച്ചില്‍ ഉണ്ടായെങ്കിലും രാജ്യത്തെ മെട്രോ നഗരങ്ങളിലെ ഇന്ധന വിലയില്‍ ഇന്നുവരെ മാറ്റമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹിയില്‍ പെട്രോള്‍ 96.72 രൂപയിലും ഒരു ലിറ്റര്‍ ഡീസല്‍ 89.62 രൂപയിലും തുടരുകയാണ്. മുംബൈയില്‍ പെട്രോള്‍ വില 106.31 രൂപയിലും ഡീസലിന് 94.27 രൂപയിലുമാണ്. കൊല്‍ക്കത്തയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 106.03 രൂപയും ഡീസലിന് 92.76 രൂപയും നല്‍കണം. ചെന്നൈയില്‍ പെട്രോള്‍ വില 102.63 രൂപയിലും ഡീസലിന് 94.24 രൂപയിലും തുടരുന്നു.

ശനിയാഴ്ചയും സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 109.73 രൂപയും ഡീസലിന് 98.53 രൂപയുമാണ്. എറണാകുളത്ത് പെട്രോള്‍ വില 107.78 രൂപയും ഡീസല്‍ വില 96.70 രൂപയുമാണെങ്കില്‍ കോഴിക്കോട് പെട്രോള്‍ വില 108.28 രൂപയിലും ഡീസലിന് 97.20 രൂപയിലും മാറ്റമില്ലാതെ തുടരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.