'റബര്‍ വിപണിയെ തകര്‍ക്കുന്നത് അനിയന്ത്രിത ഇറക്കുമതി': അഡ്വ. വി.സി സെബാസ്റ്റ്യന്‍

'റബര്‍ വിപണിയെ തകര്‍ക്കുന്നത് അനിയന്ത്രിത ഇറക്കുമതി': അഡ്വ. വി.സി സെബാസ്റ്റ്യന്‍

കോട്ടയം: അനിയന്ത്രിത ഇറക്കുമതിയിലൂടെ വ്യവസായികള്‍ ആഭ്യന്തര റബര്‍ വിപണി ബോധപൂര്‍വ്വം തകര്‍ക്കുകയാണെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. റബര്‍ ബോര്‍ഡും കേന്ദ്ര സര്‍ക്കാരും വിപണി ഇടപെടലുകള്‍ നടത്താതെ ഒളിച്ചോടുന്നുവെന്നും അ്‌ദ്ദേഹം കുറ്റപ്പെടുത്തി.

1947 ലെ റബര്‍ നിയമമാണ് ഇപ്പോഴും നടപ്പിലുള്ളത്. ഈ നിയമമനുസരിച്ച് റബര്‍ ബോര്‍ഡിന് വിപണിയുടെ തകര്‍ച്ചയില്‍ ഇടപെടല്‍ നടത്താം. ഇതിന് ശ്രമിക്കാതെ വ്യവസായികള്‍ക്കായി ഒത്താശ ചെയ്തത് വിപണിയില്‍ വിലയിടിച്ച് കര്‍ഷകനെ ദ്രോഹിക്കുന്ന റബര്‍ ബോര്‍ഡ് സമീപനം കര്‍ഷകരെ റബര്‍ കൃഷി ഉപേക്ഷിക്കുന്നതിന് നിര്‍ബന്ധിതരാക്കുന്നുവെന്ന് അഡ്വ. വി.സി സെബാസ്റ്റ്യന്‍ വ്യക്തമാക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളൊഴികെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കുള്ള നാമമാത്ര റബര്‍ കൃഷി വ്യാപനം ഉയര്‍ത്തിക്കാട്ടുന്നത് വിലയിടിക്കുവാനുള്ള തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വടക്കേ ഇന്ത്യന്‍ വ്യവസായികള്‍ ഗുണനിലവാരം കുറഞ്ഞ അസംസ്‌കൃത റബര്‍ നിയന്ത്രണമില്ലാതെ ഇറക്കുമതി ചെയ്യുന്നതും കേരളത്തില്‍ വിലയിടിവിന് കാരണമാണ്. കേരളത്തില്‍ റബ്ബര്‍ ഉല്‍പാദനം കുറഞ്ഞിട്ടും സമീപകാലത്തെ വലിയ വിലയിടിവ് നേരിടുകയാണ് കര്‍ഷകര്‍.

സംസ്ഥാന സര്‍ക്കാരിന്റെ വില സ്ഥിരതാ പദ്ധതിയും ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കപ്പുറം നടപ്പിലാക്കുന്നതില്‍ പരാജയപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ 500 കോടി പ്രഖ്യാപനത്തില്‍ 32.5 കോടി മാത്രം നല്‍കി. ഈ വര്‍ഷത്തെ ബഡ്ജറ്റ് പ്രഖ്യാപനത്തിലെ 600 കോടിയില്‍ അഞ്ച് മാസങ്ങള്‍ പിന്നിടുമ്പോഴും ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നും വി.സി സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.