മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ വീണ്ടും ആരോപണ ശരങ്ങളുമായി മാത്യു കുഴല്‍നാടന്‍; വീണയുടെ കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് കൂടുതല്‍ പണം വാങ്ങി

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ വീണ്ടും ആരോപണ ശരങ്ങളുമായി മാത്യു കുഴല്‍നാടന്‍; വീണയുടെ കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് കൂടുതല്‍ പണം വാങ്ങി

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ നികുതി വെട്ടിപ്പു നടത്തിയെന്ന ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. വീണാ വിജയന്റെ എക്സാലോജിക് കമ്പനി കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് കണക്കില്‍ കൂടുതല്‍ പണം വാങ്ങിയിട്ടുണ്ടെന്നും അതില്‍ നികുതി വെട്ടിപ്പു നടന്നതായും അദ്ദേഹം വെളിപ്പെടുത്തി. വീണയുടെ കമ്പനിയുടെ കണക്കുകള്‍ നിരത്തിയായിരുന്നു എം.എല്‍.എയുടെ ആരോപണങ്ങള്‍

ഒരു കോടി 72 ലക്ഷം രൂപയാണ് വീണ വാങ്ങിയത്. സേവനത്തിന് നിയമാനുസൃതമായാണ് വീണയുടെ കമ്പനി പണം വാങ്ങിയതെന്നാണ് സി.പി.എം വാദം. 42 ലക്ഷം വാങ്ങിയതിന് നികുതി അടച്ചു. എന്നാല്‍ 1,72 കോടിക്ക് ജി.എസ്.ടി അടച്ചിട്ടില്ല. നികുതി അടച്ചെങ്കില്‍ അതിന്റെ രേഖ സി.പി.എം പുറത്ത് വിടുമോ. പൊളിറ്റിക്കല്‍ ഫണ്ടിങ് അല്ല നടന്നത് എന്ന് അര്‍ത്ഥം. 30 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന് ഈ വകുപ്പില്‍ കിട്ടേണ്ടത്. രേഖകള്‍ താന്‍ പുറത്തുവിടുകയാണെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2014-ല്‍ തുടങ്ങിയ എക്സാ ലോജിക് പ്രവര്‍ത്തനരഹിതമാണെന്നും പ്രവര്‍ത്തിക്കാത്ത കമ്പനിക്ക് ധനസഹായം എങ്ങനെ ലഭിച്ചെന്നും അദ്ദേഹം ചോദിച്ചു. കമ്പനി വാങ്ങിച്ച പണം സേവനത്തിനായി ലഭിച്ചതല്ലെന്നും അധികാരസ്ഥാനത്തിരിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതിനായി നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു. 2015 ലാണ് വീണയുടെ കമ്പനി തുടങ്ങിയത്. ഒരു വര്‍ഷം വരവ് ഉണ്ടായിരുന്നില്ല. രണ്ടാം വര്‍ഷം 2015-16 ല്‍ 44 ലക്ഷം നഷ്ടം ഉണ്ടായി.

കര്‍ത്തായുടെ ഭാര്യയുടെ പേരിലുള്ള കമ്പനി വീണയുടെ കമ്പനിക്ക് 25 ലക്ഷം രൂപ നല്‍കി. 2019-20 ല്‍ 17 ലക്ഷം നഷ്ടമുണ്ടായി. 1.72 ലക്ഷം കരിമണല്‍ കമ്പനിയില്‍ നിന്ന് വാങ്ങി. ഇത് കൂടാതെ 42 ലക്ഷം വാങ്ങിയതായി രേഖകളുണ്ട്. ലോണ്‍ ആയി വാങ്ങി എന്നാണ് കണക്ക്.

ആറ് ലക്ഷം രൂപ മാത്രമാണ് നികുതിയിനത്തില്‍ അടച്ചിട്ടുള്ളത്. 1.72 കോടി രൂപ വാങ്ങിയത് കരാര്‍ അനുസരിച്ചാണെങ്കില്‍ അതിന് നികുതി അടച്ചിട്ടുണ്ടോ? സി.പി.എം മുഖ്യമന്ത്രിയുടെ മകളുടെ സെക്യൂരിറ്റി ഏജന്‍സിയായി അധംപതിച്ചു. വീണയ്ക്ക് വേണ്ടി സി.പി.എം ഈ ഗതികേടില്‍ എത്തി. ഈ നികുതി വെട്ടിപ്പിനെതിരെ ഡി.വൈ.എഫ്.ഐ സമരം നടത്തുമോ?

സി.പി.എമ്മിനോട് സഹതാപം തോന്നുന്നു. ഇനിയും അമ്പേറ്റ് വാങ്ങാന്‍ താന്‍ തയാറാണ്. താന്‍ ഇനിയും അഴിമതിക്കെതിരെ പോരാടും. പരാതി നല്‍കിയിട്ട് വേണോ കേന്ദ്ര ഏജന്‍സിക്ക് ഇതിലൊക്കെ അന്വേഷണം നടത്താന്‍. ഈ ഇടപാടിലെ ജി.എസ്.ടി തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ധനമന്ത്രി അതിന് തയ്യാറായില്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

വീണാ വിജയനെതിരായ മാസപ്പടി വിവാദം ചര്‍ച്ചയായി ഉയര്‍ത്തിയപ്പോഴാണ് തനിക്കെതിരെ ആരോപണം ഉയര്‍ന്നത്. തനിക്കെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറാണ്. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചിട്ടില്ല. താന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് പൊതുസമൂഹം പിന്തുണ നല്‍കി. തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടാത്തതു കൊണ്ടാണ് വിശദീകരണവുമായി വീണ്ടും വന്നത്. കോതമംഗലത്തെ വീട്ടില്‍ മണ്ണിട്ടതിന് തനിക്ക് മറുപടിയുണ്ട്. വാഹനം വീട്ടിലെത്തിക്കാന്‍ റോഡ് നിര്‍മ്മിക്കാനാണ് പിന്‍ഭാഗത്ത് മണ്ണിട്ടത്. ഇതിന്റെ പേരിലാണ് കുടുംബവീട്ടില്‍ റീ സര്‍വ്വേ നടത്തിയതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.