കൊച്ചി: സംഘബലം കൊണ്ട് സഭയെ നേരിടാം എന്നു കരുതി വിശ്വാസികളെ ഇളക്കിവിട്ടു പ്രതിരോധം തീർക്കുന്ന വൈദികർ, തങ്ങൾ ജന പ്രതിനിധികളോ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരോ അല്ല എന്നു മനസ്സിലാക്കണം.
സംഘബലം കൊണ്ടു സ്ഥാപിച്ചെടുക്കാവുന്നതല്ല സഭയുടെ തനിമയും വ്യക്തിത്വവും. സഭാ വ്യക്തിത്വത്തിന്റെ അടിസ്ഥാനം ആരാധനാ ക്രമമാണ് എന്നറിയാത്തവരല്ല വൈദികർ. ലത്തീൻ സഭയുടെ ആരാധനാ രീതി മതി എന്നു വാശി പിടിക്കുന്നത്, സ്വന്തം സഭയുടെ പൈതൃകത്തിൽ അഭിമാനം ഇല്ലാത്തതു കൊണ്ടാണ്.
അസ്തിത്വപരമായ ഈ അപകർഷതയുണ്ടാകുന്നത് അറിവുകേടിൽനിന്നാണ്. അവനവന്റെ പൈതൃകത്തിൽ അഭിമാനമില്ലാത്തത് ഒരു അന്തസ്സായി ആരും കരുതരുത്.
അത് അടിസ്ഥാനപരമായി അറിവില്ലായ്മയാണ്. അതു സഭാ മാതാവിൽനിന്ന് സ്വന്തം ആരാധനാ പൈതൃകം ഗ്രഹിക്കാൻ കഴിയാതെ പോയതിന്റെ പ്രശ്നമാണ്.
കേരളത്തിൽ ലത്തീൻ സഭയുടെ സ്വാധീനം ഏറ്റവും ശക്തമായ എറണാകുളം കൊച്ചി വരാപ്പുഴ മേഖലയിൽ, വളർന്നു വന്നവർ എന്ന നിലയിലും, ആ സഭാ പൈതൃകത്തിന്റെ പ്രാഭവത്തിൽ ഐഡന്റിറ്റി ക്രൈസിസിൽ പെട്ടുപോയ ഒരു വിശ്വാസി സമൂഹം എന്ന നിലയിലും, ഈ പ്രശ്നത്തെ അനുഭാവപൂർവ്വം കാണുമ്പോൾത്തന്നെ, അറിവുള്ള വൈദികർ പോലും സ്വന്തം സഭയുടെ ഐഡന്റിറ്റിയെ ഇത്ര മാത്രം വെറുക്കുന്നത് കഷ്ടമെന്നേ പറയാൻ കഴിയൂ.
സ്വന്തം പൈതൃകത്തോടുള്ള വെറുപ്പ് സ്വന്തം സഭയിലെ പിതാക്കൻമാരോടുള്ള എതിർപ്പായി വളർന്ന്, ആഗോള സഭയുടെ തലവനോടുതന്നെയുള്ള അനുസരണക്കേടിൽ എത്തി നിൽക്കുന്നു.
സങ്കടകരമാണ് ഈ അവസ്ഥ!
കുടുംബത്തിൽ, കുഞ്ഞായിരിക്കുമ്പോൾ തന്നെ അപ്പനെ അറിഞ്ഞു വളരുന്നതു പോലെ, വിശ്വാസ പരിശീലന കാലത്ത് സഭാ മാതാവിൽനിന്ന് സ്വന്തം പൈതൃകവും പാരമ്പര്യങ്ങളും പഠിച്ചും അറിഞ്ഞും അതിനെ സ്നേഹിച്ചും വളരാൻ കഴിയാതെപോയ ഒരു തലമുറ, ഇപ്പോൾ എല്ലാ അധികാരത്തെയും പിതൃ രൂപങ്ങളേയും സ്വന്തം അസ്തിത്വത്തെ തന്നെയും വെറുത്തു ഗുരുതര അസ്തിത്വ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നു. ഇതിൽനിന്നു മോചനം നൽകാൻ ആർക്കാണ് കഴിയുക, ദൈവമേ..!!!
കെസിബിസി മുൻ സെക്രട്ടറി ജനറൽ ആണ് ലേഖകൻ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26