വിവാദത്തില്‍ കൊഴുത്ത് വീണ്ടും കെ ഫോണ്‍; ഗുജറാത്ത് കമ്പനിയുടെ വരവ് സിപിഎം ബിജെപി ധാരണ പ്രകാരം: രമേശ് ചെന്നിത്തല

വിവാദത്തില്‍ കൊഴുത്ത് വീണ്ടും കെ ഫോണ്‍; ഗുജറാത്ത് കമ്പനിയുടെ വരവ് സിപിഎം ബിജെപി ധാരണ പ്രകാരം: രമേശ് ചെന്നിത്തല

പുതുപ്പള്ളി: കെ ഫോണില്‍ ഇന്റര്‍നെറ്റ് ദാതാവായ ബിഎസ്എന്‍എല്ലിനെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ബന്ധമുള്ള ഇഷാന്‍ ഇന്‍ഫോടെക്കിന് കരാര്‍ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണ് തെളിയിക്കുന്നതെന്ന് രമേശ് ചെന്നിത്തല.

പുതിയ ടെന്‍ഡര്‍ വിളിക്കാതെ ഗുജറാത്തി കമ്പനിക്ക് കരാര്‍ നല്‍കാനുള്ള നീക്കം അഴിമതിയാണെന്നും ഐടിയുടെ ചുമതലയില്‍ മുഖ്യമന്ത്രി വന്നതിനു ശേഷം ഒരേ രീതിയിലുള്ള അഴിമതിയാണ് നടക്കുന്നതെന്നും അദേഹം ആരോപിച്ചു.

കെ ഫോണില്‍ പലിശ രഹിത മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതില്‍ 36 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സിഎജി കണ്ടെത്തിയിട്ടുള്ളത്. പലിശ ഈടാക്കണമെന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദേശം ലംഘിക്കപ്പെട്ടുവെന്നും സിഎജി വ്യക്തമാക്കുന്നു. കെ ഫോണ്‍ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന സിഎജി റിപ്പോര്‍ട്ട് ചേര്‍ത്തു വായിക്കുമ്പോള്‍ ശാസ്ത്രീയമായ രീതിയില്‍ അഴിമതി നടത്താന്‍ മുഖ്യമന്ത്രിയെ കഴിഞ്ഞേ മറ്റൊരാള്‍ ഉണ്ടാകുകയുള്ളുവെന്നാണ് അദേഹം ആരോപിക്കുന്നത്.

തുടര്‍ഭരണത്തിന്റെ അഹങ്കാരത്തില്‍ എന്തുചെയ്താലും ഒരു പ്രശ്‌നവുമില്ല എന്ന നിലയിലാണ് മുഖ്യമന്ത്രി പെരുമാറുന്നത്. സാധാരണ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ ആ ആരോപണത്തെ സംബന്ധിച്ച് അവര്‍ പ്രതികരിച്ച് നിജ സ്ഥിതി ബോധ്യപ്പെടുത്താറുണ്ട്. അതാണ് രാഷ്ട്രീയത്തിലെയും പൊതു ജീവിതത്തിലെയും ശൈലിയെന്നിരിക്കെ മുഖ്യമന്ത്രി പ്രതികരിക്കാത്തതിനെയും മുന്‍ പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

കൂടാതെ, പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രചാരണത്തിന് വളരെ കുറച്ചു ദിവസം മാത്രം വരുന്നത് കനത്ത പരാജയം പേടിച്ചാണെന്നും അവര്‍ വരുന്നതിനനുസരിച്ച് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടുമെന്നും ചെന്നിത്തല പറഞ്ഞു. മാത്യു കുഴല്‍നാടന്‍ വസ്തുതാപരമായി ആരോപണം ഉന്നയിച്ചപ്പോള്‍ അദേഹത്തെയും ഈ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.