പെർത്ത്: പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ദൈവാലായത്തിൽ പരിശുദ്ധ മാതാവിന്റെ സ്വർഗാരോഹണ തിരുനാളും വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും സംയുക്തമായി കൊണ്ടാടി. ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് വിൻസൻഷ്യൻ സന്യാസ സമൂഹത്തിന്റെ കോട്ടയം പ്രൊവിൻഷ്യാളായ ഫാദർ മാത്യു കക്കാട്ടുപിള്ളിൽ മുഖ്യ കാർമികനായി. ഇടവക വികാരി ഫാദർ അനീഷ് ജെയിംസും അസിസ്റ്റന്റ് വികാരി ഫാദർ ബിബിൻ വേലമ്പറമ്പിലും സഹകാർമികരായി.
ഓരോ കുടുംബങ്ങളിലും സ്ത്രീക്ക് അമ്മ, ഭാര്യ, മകൾ എന്ന നിലയ്ക്ക് മഹത്തായ പരിഗണന നൽകുന്നത് ഉത്തമമായ സംസ്കാരം ഉടലെടുക്കുന്നതിന്റെ ലക്ഷണമാണ്. കത്തോലിക്ക സഭ സ്ത്രീക്ക് മഹത്തായ സ്ഥാനമാണ് നൽകുന്നത്. പരിശുദ്ധ അമ്മയെ സഭ എപ്പോഴും ദൈവ മാതാവായി കാണുകയും വണങ്ങുകയും ആദരിക്കുകയും ചെയ്യുന്നു.
ഈശോയുടെ അവസാനത്തെ ഏഴ് മൊഴികളിൽ സ്ത്രീയ 'ഇതാ നിന്റെ അമ്മ' എന്നുള്ള വചനം ഉൾപ്പെടുത്തിയത് ഇതിനുള്ള ഉദാഹരണമാണ്. സ്വന്തം അമ്മയെ ഈശോ മഹത്വപ്പെടുത്തിയതുപോലെ സഭ മഹത്വപ്പെടുത്തുന്നു. ലോകത്തിലെ എല്ലാ വ്യക്തികളും സ്ത്രീയെ മഹത്വപ്പെടുത്തുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നിടത്ത് നല്ല സംസ്കാരം ഉയർന്നു വരുമെന്ന് വചന സന്ദേശത്തിനിടെ ഫാ. മാത്യു കക്കാട്ടുപിള്ളിൽ വി.സി പറഞ്ഞു.
വിശുദ്ധ കുർബാനയിലും പ്രദിക്ഷണത്തിലും നിരവധി വിശ്വാസികൾ പങ്കെടുത്തു. സീറോ മലബാർ യൂത്ത് മൂവ്മെന്റും നവ ദമ്പതികളുമാണ് തിരുനാളിൽ പ്രസുദേന്തിമാരായത്. തിരുനാളിനു ശേഷം അൽഫോൺസാമ്മയുടെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള സ്കിറ്റും അരങ്ങേറി. സീറോ മലബാർ യൂത്ത് മൂവ്മെന്റ് പ്രവർത്തകരാണ് സ്കിറ്റ് അവതരിപ്പിച്ചത്. ഷാജു ഫ്രാൻസിസ് സംവിധാനം ചെയ്ത സ്കിറ്റിൽ, മെറിൽ അനൂബ്, മാർഗരറ്റ് ജോസഫ്, നവീൻ ജോസഫ്, അമല മാത്യു, ജോയിസി ബിജു, ആൻസൽ ആൽബർട്ട്, ആൻ സിബി, ചാൾഡ് ഡാർവിൻ, ജിതിൻ ജോൺ, സാൻഡിയ ഷിജു, അലൻ മാത്യു എന്നിവരാണ് വിവിധ കഥാപാത്രങ്ങളായെത്തിയത്. അന്ന ജോബി, സെറ ജോബി, നവോമി ജോസഫ്, ആൻമരിയ ജോജു എന്നിവരാണ് സ്കിറ്റിന് മികവേകാൻ മനോഹരമായ നൃത്തങ്ങൾ അവതരിപ്പിച്ചത്. ജോഷില ജോജു കോറിയോഗ്രഫിയും ജോയൽ ബിജു ശബദമിശ്രണവും നിർവഹിച്ചു.
തിരുനാളിനോടനുബന്ധിച്ച് വെള്ളി, ശനി ദിവസങ്ങളിൽ നടന്ന ധ്യാനത്തിന് ഫാ. മാത്യു കക്കാട്ടുപിള്ളിൽ നേതൃത്വം നൽകി. തിരുനാളിനും പ്രദിക്ഷണത്തിനും എസ്എംവൈഎം പ്രവർത്തകരും കൈക്കാരന്മാരും നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.