കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പും ന്യൂനപക്ഷ കമ്മീഷനും തുടരുന്ന ക്രൈസ്തവ അവഹേളനം അവസാനിപ്പിക്കണമെന്നും മുസ്ലീം പ്രീണനം ഒഴിവാക്കി ക്രൈസ്തവര്‍ക്ക് തുല്യനീതി നടപ്പിലാക്കണമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ന്യൂനപക്ഷക്ഷേമ പദ്ധതികളില്‍ 80:20 അനുപാതം യാതൊരു പഠനവുമില്ലാത്തതാണെന്ന് സര്‍ക്കാര്‍തന്നെ വ്യക്തമാക്കിയിട്ടും ഈ അനുപാതം ന്യൂനപക്ഷക്ഷേമവകുപ്പ് തുടരുന്നതില്‍ നീതീകരണമില്ല. ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രിയും, കമ്മീഷന്‍ ചെയര്‍മാനും, അംഗങ്ങളും ഉദ്യോഗസ്ഥരും എല്ലാംതന്നെ മുസ്ലീം സമുദായത്തില്‍ നിന്നു മാത്രമായിരിക്കുന്നത് ക്രൈസ്തവ ന്യൂനപക്ഷത്തെ അവഹേളിക്കുന്നതാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും ഈ ദ്രോഹനയം തന്നെയാണ് സ്വീകരിച്ചത്. ഇരുമുന്നണികളും തുടരുന്ന ക്രൈസ്തവവിരുദ്ധ സമീപനത്തിന് മാറ്റമുണ്ടാകാതെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ക്രൈസ്തവ സഭാനേതൃസമ്മേളനം വിളിച്ചതുകൊണ്ടോ അരമനകള്‍ കയറിയിറങ്ങിയതുകൊണ്ടോ യാതൊരു നേട്ടവുമുണ്ടാകില്ല.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിലൂടെ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയും കേരളത്തില്‍ മുസ്ലീം ക്ഷേമപദ്ധതിയായി അട്ടിമറിച്ചിരിക്കുന്നു. ക്രൈസ്തവരെ പുറന്തള്ളിയുള്ള ഈ പദ്ധതി നടത്തിപ്പു സമിതിയും അടിയന്തരമായി സര്‍ക്കാര്‍ പുനഃസംഘടിപ്പിക്കണം. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ 2019 ജൂണ്‍ മുതല്‍ നവംബര്‍ വരെ വിവിധ ജില്ലകളില്‍ നടത്തിയ ക്രൈസ്തവ ന്യൂനപക്ഷ പഠനങ്ങളുടെ റിപ്പോര്‍ട്ട് പുറത്തിറക്കാത്തതില്‍ ദുരൂഹതയുണ്ട്. ഒരു വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ ന്യൂനപക്ഷ കമ്മീഷന്‍ ഒളിച്ചുകളിക്കുന്നത് അവസാനിപ്പിക്കണം.
ന്യൂനപക്ഷ കമ്മീഷന്‍ ആക്ടിന്റെ ഒൻപത് പ്രകാരം ന്യൂനപക്ഷങ്ങളെ വിവേചനങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ടവര്‍തന്നെ ഒരു മതവിഭാഗത്തിന്റെ മാത്രം കമ്മീഷനായി അധഃപതിച്ചിരിക്കുന്നത് ദുഃഖകരമാണ്. ന്യൂനപക്ഷ കമ്മീഷന്‍ ആക്ടില്‍ ഈ സര്‍ക്കാര്‍ നടത്തിയ അംഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ചുള്ള ഭേദഗതി എല്ലാ അംഗങ്ങളും ഒരു സമുദായത്തിനു മാത്രമായി തീറെഴുതി കൊടുക്കുന്നതാണ്. തിരുത്തലുകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്നും പ്രീണനരാഷ്ട്രീയം അവസാനിപ്പിച്ച് തുല്യനീതി നടപ്പിലാക്കാന്‍ സര്‍ക്കാരും, ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ രാഷ്ട്രീയ മുന്നണികളും തയ്യാറാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.