വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ സൈനിക മേധാവി മാർക്ക് മില്ലി. യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചും സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെക്കുറിച്ചും വത്തിക്കാനിൽ വെച്ച് നടന്ന കൂടിക്കാഴ്ചക്കിടെ ഇരുവരും ചർച്ച ചെയ്തു. റഷ്യ ആക്രമിച്ചതിനു ശേഷം യുക്രെയ്‌നിലെ സാധാരണക്കാരുടെ ജീവിത നിലവാരവും മരണത്തിന്റെ കണക്കും വളരെയധികം ആശങ്കപ്പെടുത്തുന്നെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.
കത്തോലിക്ക വിശ്വാസിയായ മാർക്ക് മില്ലി യുഎസിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനും പ്രസിഡന്റിന്റെയും പ്രതിരോധ സെക്രട്ടറിയുടെയും ദേശീയ സുരക്ഷാ സമിതിയുടെയും പ്രധാന സൈനിക ഉപദേശകനുമാണ്. വത്തിക്കാനിലെ യുഎസ് അംബാസഡർ ജോ ഡോണലിയും, മില്ലിയുടെ ഭാര്യ ഹോളിയൻ ഹാസും പാപ്പയെ സന്ദർശിച്ച സംഘത്തിലുണ്ടായിരിന്നു. ഇവർക്ക് പാപ്പ വെഞ്ചിരിച്ച ജപമാല സമ്മാനിച്ചു.
റഷ്യയുമായി സംവാദത്തിന് തയ്യാറാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയോട് പറഞ്ഞിരുന്നു. എന്നാൽ യുക്രെയ്‌നിന്റെ സമാധാനം പുനസ്ഥാപിക്കുന്നതിനും റഷ്യൻ സൈന്യത്തെ പിൻവലിക്കുന്നതിനും ശത്രുത അവസാനിപ്പിക്കുന്നതിനും അതിർത്തി പുനസ്ഥാപിക്കുന്നതിനും വത്തിക്കാൻ പിന്തുണ നൽകണമെന്ന് സെലെൻസ്‌കി ആവശ്യപ്പെട്ടിരുന്നു.
യുക്രൈൻ – റഷ്യ യുദ്ധത്തിൽ വത്തിക്കാൻറെ സമാധാന ദൗത്യം ഇറ്റാലിയൻ കർദ്ദിനാൾ മരിയോ സുപ്പിയുടെ നേതൃത്വത്തിൽ നടക്കുന്നതിനിടെയാണ് മാർപാപ്പയും മില്ലിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നതെന്നത് ശ്രദ്ധേയമാണ്. യുക്രൈനിലെ കീവിലേക്കും റഷ്യയിലെ മോസ്‌കോയിലേക്കും യാത്ര ചെയ്‌ത കർദിനാൾ സുപ്പി അധികാരികളുമായി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം ജൂലൈ മധ്യത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും അദേഹം ചർച്ച നടത്തിയിരിന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26