'ബ്ലാക്ക് സമ്മറിനു' ശേഷമുള്ള ഏറ്റവും വിനാശകാരിയായ കാട്ടുതീ പ്രവചനം; തയാറെടുക്കാന്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് നിര്‍ദേശം

'ബ്ലാക്ക് സമ്മറിനു' ശേഷമുള്ള ഏറ്റവും വിനാശകാരിയായ കാട്ടുതീ പ്രവചനം; തയാറെടുക്കാന്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് നിര്‍ദേശം

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വേനലിനോടനുബന്ധിച്ച് വ്യാപകമായ കാട്ടുതീയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ, മഴയുടെ കുറവ്, കാലാവസ്ഥാ വ്യതിയാനങ്ങള്‍, പുല്‍മേടുകള്‍ എന്നിവയുടെ സ്വാധീനം മൂലം 2019-20 ലെ കാട്ടുതീയ്ക്കു ശേഷമുള്ള ഏറ്റവും വിനാശകാരിയായ കാട്ടുതീയായിരിക്കും ഇക്കുറി ഉണ്ടാവുകയെന്നാണ് ഓസ്ട്രേലിയന്‍ ഫയര്‍ അതോറിറ്റി കൗണ്‍സില്‍ നല്‍കുന്ന മുന്നറിയിപ്പ്. അതിനാല്‍ കാട്ടുതീയെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ തയാറെടുക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. 2019-20 കാലയളവില്‍ രാജ്യം സാക്ഷ്യം വഹിച്ച, 'ബ്ലാക്ക് സമ്മര്‍' എന്നു വിശേഷിപ്പിക്കപ്പെട്ട കാട്ടുതീ എല്ലാ സംസ്ഥാനങ്ങളിലും കനത്ത നാശം വിതച്ചിരുന്നു.

അതേസമയം, 2019-20-ല്‍ തീപിടിത്തം ബാധിക്കാത്ത സിഡ്നി ബേസിന്‍ (ന്യൂ സൗത്ത് വെയില്‍സിലെ ഒരു ജൈവമേഖലയാണ് സിഡ്‌നി ബേസിന്‍), തീരപ്രദേശങ്ങള്‍, ഹണ്ടര്‍ എന്നിവിടങ്ങളില്‍ ഇക്കുറി അപകടസാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

ഓസ്ട്രേലിയന്‍ ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം വസന്തകാലത്ത് കാട്ടുതീ സ്ഥിരം സംഭവമാണ്. എന്നാല്‍ ഈ സീസണില്‍ കാട്ടുതീയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ വ്യാപകമാണെന്ന് ഓസ്ട്രേലിയന്‍ ഫയര്‍ അതോറിറ്റി കൗണ്‍സില്‍ (അഫാക്) ചീഫ് എക്സിക്യൂട്ടീവ് റോബ് വെബ്ബ് പറഞ്ഞു. കാട്ടുതീയെ നേരിടാന്‍ തയാറെടുക്കാനും പ്രാദേശികമായ സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും ഓസ്ട്രേലിയന്‍ ബിസിനസുകള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും അഗ്‌നിശമനാ വിഭാഗം മുന്നറിയിപ്പുകള്‍ നല്‍കിക്കഴിഞ്ഞു.


ഓസ്ട്രേലിയന്‍ ഫയര്‍ അതോറിറ്റി കൗണ്‍സില്‍ പുറത്തിറക്കിയ മാപ്പില്‍ തീപിടിത്ത സാധ്യതയുള്ള മേഖലകള്‍ ചുവന്ന നിറത്തില്‍ കാണിച്ചിരിക്കുന്നു

ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയ്ക്കൊപ്പം കാട്ടുതീ ആളിക്കത്തിക്കാന്‍ ശേഷിയുള്ള ഉണങ്ങിയ പുല്‍മേടുകളുടെ വളര്‍ച്ചയും അധികൃതരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അടുത്തിടെയായി രാജ്യത്തിന്റെ പലയിടങ്ങളിലായി പെയ്യുന്ന കനത്ത മഴ മൂലം ചെടികള്‍ തിങ്ങിനിറഞ്ഞു വളര്‍ന്ന നിലയാണ്. അതിനാല്‍ അഗ്‌നിശമന സേനയുടെ സഹായം ആവശ്യമുള്ള കാട്ടുതീ കൂടുതല്‍ ഉണ്ടാകാനുള്ള സാധ്യതയാണ് ഇക്കുറി പ്രവചിക്കപ്പെടുന്നത്.

ക്വീന്‍സ്ലാന്‍ഡ്, ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ, നോര്‍ത്തേണ്‍ ടെറിട്ടറി എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ പ്രദേശങ്ങളിലാണ് അപകടസാധ്യത കൂടുതലുള്ളത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴയും വെള്ളപ്പൊക്കവും ഉണ്ടാകുന്നതിനാല്‍ ഓസ്ട്രേലിയയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും അടിക്കാടുകളും ഉയര്‍ന്ന പുല്ലുകളും വ്യാപകമായി വളര്‍ന്നു. അതിനാല്‍ തീ അതിവേഗം പടരാനുള്ള സാധ്യത കൂടുതലാണ്.

അപകട സാധ്യത കുറഞ്ഞ ടാസ്മാനിയയിലും ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയിലും, വസന്തകാലത്ത് സാധാരണ അളവിലുള്ള കാട്ടുതീ സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.

പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പില്‍ബാരയില്‍ തീപിടുത്തമുണ്ടാകാനുള്ള സാധ്യത കുറവാണ്. കിംബര്‍ലി മേഖലയില്‍ കാലാവസ്ഥ വരണ്ടതും ചൂടുള്ളതുമായതിനാല്‍ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.