അങ്ങേക്ക് സ്തുതി!; പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള ചാക്രിക ലേഖനം 'ലൗദാത്തോ സി' യുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിൽ: ഫ്രാൻസിസ് പാപ്പ

അങ്ങേക്ക് സ്തുതി!; പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള ചാക്രിക ലേഖനം 'ലൗദാത്തോ സി' യുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിൽ: ഫ്രാൻസിസ് പാപ്പ

ജോസ് വിൻ കാട്ടൂർ

വത്തിക്കാൻ സിറ്റി: സമകാലിക പരിസ്ഥിതി വിഷയങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് 'ലൗദാത്തോ സി' എന്ന തന്റെ ചാക്രികലേഖനത്തിന്റെ രണ്ടാം ഭാഗം പൂർത്തിയാക്കിവരുന്നതായി അറിയിച്ച് ഫ്രാൻസിസ് പാപ്പ. യൂറോപ്യൻ കൗൺസിലിലെ അംഗരാജ്യങ്ങളിൽ നിന്നുള്ള അഭിഭാഷകരുടെ പ്രതിനിധിസംഘത്തെ സ്വീകരിച്ച്, അവരോട് സംസാരിക്കവെയാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്. 'സുന്ദരവും വാസയോഗ്യവുമായ ഒരു ലോകം നമ്മിൽ നിന്ന് സ്വീകരിക്കാൻ ഭാവിതലമുറകൾക്ക് അവകാശമുണ്ട്. ദൈവത്തിന്റെ ഉദാരതയാൽ നമുക്കു ലഭിച്ച സൃഷ്ടവസ്തുക്കളുടെനേർക്ക് ഗൗരവപൂർണമായ ഉത്തരവാദിത്തമാണ് നമുക്കുള്ളത്' - പാപ്പാ ഓർമ്മപ്പെടുത്തി.

പരിസ്ഥിതി സംരക്ഷണത്തിനായുള്ള നിയമങ്ങളെ വികസിപ്പിച്ചെടുക്കുന്നതിൽ അഭിഭാഷകർ കാണിക്കുന്ന പ്രതിബദ്ധതയെ പരിശുദ്ധ പിതാവ് പ്രശംസിക്കുകയും ഈ രംഗത്തുള്ള അവരുടെ സംഭാവനകൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.

തുടർന്ന്, വത്തിക്കാൻ മാധ്യമ കാര്യാലയത്തിന്റെ തലവൻ മത്തെയോ ബ്രൂണി ഇതേക്കുറിച്ച് വിശദീകരിച്ച് പ്രസ്താവന ഇറക്കി. സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളും
അഞ്ചു ഭൂഖണ്ഡങ്ങളിലെയും ജനങ്ങളെ ബാധിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും 'ലൗദാത്തോ സി' യുടെ രണ്ടാം ഭാഗത്തിൽ പ്രത്യേകമാം വിധം പരാമർശിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഫ്രാൻസിസ് മാർപാപ്പയുടെ രണ്ടാമത്തെ ചാക്രികലേഖനമായ 'ലൗദാത്തോ സി' (അങ്ങേക്ക് സ്തുതി!) പ്രസിദ്ധീകരിച്ചത് 2015 ജൂൺ 18-ന് ആയിരുന്നു. നമ്മുടെ 'പൊതു ഭവനത്തിന്റെ പരിപാലനം' എന്നതായിരുന്നു അതിന്റെ മുഖ്യ പ്രതിപാദ്യവിഷയം. അതിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങൾ, അന്നുമുതൽ ആഗോളതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും, അതേത്തുടർന്ന് ലോക നേതാക്കളിൽ പലരും കാലാവസ്ഥാ പ്രതിസന്ധികളെ ദൂരീകരിക്കാനുള്ള നടപടികൾ പ്രവൃത്തിപഥത്തിൽ എത്തിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ 'സൃഷ്ടിയുടെ സ്തോത്രഗീത'മെന്ന വിശ്വോത്തര കൃതിയുടെ ആദ്യ രണ്ടു വാക്കുകളാണ് ഈ ചാക്രിക ലേഖനത്തിന്റെ ശീർഷകമായി പാപ്പ തെരഞ്ഞെടുത്തത്. 'ലൗദാത്തോ സി, മി സിഞ്ഞോറെ' (എന്റെ കർത്താവേ, അങ്ങേക്ക് സ്തുതി!)
എന്ന വാക്കുകളോടെയാണ് വിശുദ്ധൻ അതിസുന്ദരമായ തന്റെ ലഘുകാവ്യം ആരംഭിക്കുന്നത്. നമ്മുടെ പൊതു ഭവനമായ ഈ ഭൂമി, നമുക്കായി ജീവൻ പങ്കുവച്ചു നൽകുന്ന സഹോദരിയെ പോലെയും തുറന്ന കരങ്ങളോടെ നമ്മെ ആലിംഗനം ചെയ്യുന്ന സുന്ദരിയായ അമ്മയെ പോലെയുമാണെന്ന് വിശുദ്ധൻ അതിൽ ഓർമ്മിപ്പിക്കുന്നു.

വിശുദ്ധ ഫ്രാൻസിസിനെ മാർഗദർശിയായി സ്വീകരിച്ച്, അദ്ദേഹത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഫ്രാൻസിസ് എന്ന പേര് താൻ സ്വീകരിച്ചതെന്ന് മാർപാപ്പ തൻ്റെ ചാക്രിക ലേഖനത്തിൽ പറയുന്നുണ്ട്. ദുർബലവും, എന്നാൽ സമഗ്രവുമായ പരിസ്ഥിതിയുടെ അതുല്യനായ കാവലാളായി അസ്സീസിയിലെ ഫ്രാൻസിസിനെ പാപ്പാ അതിൽ എടുത്തുകാട്ടുന്നു. പ്രകൃതിയുമായി ഇഴുകിച്ചേർന്ന, ആനന്ദത്തിന്റെയും ആധികാരികതയുടേതുമായ ഒരു ജീവിതമായിരുന്നു വിശുദ്ധന്റേത്.

യോഗീവര്യനായ ഒരു തീർത്ഥാടകനെ പോലെ, ദൈവത്തോടും ചുറ്റുമുള്ളവരോടും പ്രകൃതിയോടും തന്നോടുതന്നെയുമുള്ള ലയത്തിൽ ജീവിച്ചുകൊണ്ട് അദ്ദേഹം ലാളിത്യത്തിന്റെ ഉത്തമ മാതൃകയായി. ഇക്കാരണത്താൽ അനേകം അക്രൈസ്തവരും അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധതയും പാവങ്ങളോടുള്ള നീതിയും പ്രകൃതിയോടുള്ള കരുതലും നമ്മുടെ അന്തരിക സമാധാനവുമായി അഭേദ്യമായ വിധത്തിൽ ബന്ധപ്പെട്ടിരിക്കുവെന്ന് അസ്സീസിയിലെ വിശുദ്ധൻ നമ്മെ പഠിപ്പിക്കുന്നു.

കൂടാതെ, നമ്മുടെ പൊതു ഭവനമായ ഭൂമിയെ സംരക്ഷിച്ചുകൊണ്ട്, മനുഷ്യരാശിയുടെ നല്ല ഭാവി കെട്ടിപ്പടുക്കാൻ തൻ്റെ ചാക്രിക ലേഖനത്തിലൂടെ പാപ്പ എല്ലാവരോടും അടിയന്തിരമായി അഭ്യർത്ഥിക്കുന്നു. ഇതിനായി എല്ലാവരെയും ഉൾക്കൊള്ളുന്ന തുറന്ന ചർച്ചകൾ നമുക്ക് ആവശ്യമാണ്. നാം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളും അവയ്ക്ക് കാരണമാകുന്ന പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ ഇടപെടലുകളും എല്ലാവരെയും ബാധിക്കുന്നതും എല്ലാവർക്കും ആശങ്കയുളവാക്കുന്നതുമാണ്.

ലോകവ്യാപകമായുള്ള പരിസ്ഥിതി മുന്നേറ്റങ്ങളും അവയോടനുബന്ധിച്ചുള്ള നിരവധി സംഘടനകളും എല്ലാ ജനസമൂഹങ്ങൾക്കിടയിലും ഇതേക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിൽ ആശാവഹമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നിരുന്നാലും, പ്രത്യക്ഷവും ഫലപ്രദവുമായ പ്രതിവിധികൾ ഇതുവരെ ഉരുത്തിരിഞ്ഞിട്ടില്ല എന്നുള്ളത് ഖേദകരമായ ഒരു വസ്തുതയാണ്. പല ഭാഗത്തുനിന്നും ഉണ്ടാകുന്ന ശക്തമായ എതിർപ്പുകളും പൊതുവേയുള്ള താല്പര്യക്കുറവുമാണ് ഇതിന് കാരണം.

അതിനാൽ, സർവ്വത്രികമായ ഒരു പുതിയ ഐക്യദാർഢ്യം ഈ കാര്യത്തിൽ ഉണ്ടാകേണ്ടതുണ്ട്. ദൈവത്തിൻറെ സൃഷ്ടിയെ സംരക്ഷിക്കുന്ന ഉപകരണങ്ങളായി മാറുവാൻ എല്ലാവർക്കും സാധിക്കണം. മനുഷ്യന്റെ ദുരുപയോഗത്താൽ, ദൈവത്തിന്റെ സൃഷ്ടിക്ക് ഏൽക്കേണ്ടിവന്ന നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഓരോരുത്തരും അവരവരുടെ കഴിവുകൾക്കനുസൃതമായി സഹകരിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും വേണം. ഈ കാര്യങ്ങളെല്ലാമാണ് പാപ്പാ തന്റെ ചാക്രിക ലേഖനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ തുടർച്ചയെന്നോണമാണ്, ആനുകാലിക വിഷയങ്ങളുംകൂടി ഉൾപ്പെടുത്തിക്കൊണ്ട് 'ലൗദാത്തോ സി' രണ്ടാം ഭാഗം പാപ്പാ തയ്യാറാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26