ന്യൂഡല്‍ഹി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍മന്ത്രിയും എ.സി മൊയ്തീന് ഇ.ഡിയുടെ കുരുക്ക്. ബിനാമി ഇടപാടുകള്‍ എ.സി മൊയ്തീന്റെ നിര്‍ദേശപ്രകാരമാണെന്ന് ഇഡി വ്യക്തമാക്കി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട 36 വസ്തുവകകള്‍ കണ്ടുകെട്ടി. ഇതിന് 15 കോടി രൂപയുടെ മൂല്യമുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹിയില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പാവപ്പെട്ടവരുടെ സ്വത്ത് പണയപ്പെടുത്തി ബിനാമി ഇടപാടുകള്‍ ബാങ്കില്‍ നടത്തി. ഇത്തരത്തില്‍ തട്ടിയെടുത്തത് 150 കോടിയാണ്. മൊയ്തീന്റെ 28 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതിലും സ്ഥിരീകരണവുമുണ്ട്. ഒരു പാര്‍ട്ടിയുടെ ജില്ലാ നേതാക്കളുടെ പങ്കാളിത്തത്തോടെയാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭൂമി പണയപ്പെടുത്തി നല്‍കിയ വായ്പകളിലും വന്‍ ക്രമക്കേട് നടന്നിട്ടുണ്ട്. ഭൂമിയുടെ മതിപ്പ് വിലയേക്കാള്‍ കൂടുതല്‍ വായ്പ നല്‍കി. വായ്പ തിരിച്ചടക്കാതെ വന്നപ്പോള്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും വസ്തു വിറ്റാല്‍ പോലും തുക തിരിച്ചുകിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബാങ്കിലെ ജീവനക്കാരുടെ ഒത്താശയോടെയാണ് ഈ ക്രമക്കേട് നടന്നിരിക്കുന്നത്.
മറ്റ് ബാങ്കുകളില്‍ ജപ്തി നടപടി നേരിടുന്ന വസ്തുക്കള്‍ ഇടനിലക്കാര്‍ പണം നല്‍കി തീര്‍ത്ത് തിരിച്ചെടുക്കുകയും ആ വസ്തു കരുവന്നൂര്‍ ബാങ്കില്‍ മതിപ്പ് വിലയേക്കാള്‍ കൂടിയ തുകയ്ക്ക് പണയം വയ്ക്കുകയുമായിരുന്നു തട്ടിപ്പിന്റെ രീതി. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഇഡി എ.സി മൊയ്തീന്റെ വീട്ടിലും കുന്നംകുളത്തെ എംഎല്‍എ ഓഫീസിലും മറ്റ് മൂന്ന് ഇടനിലക്കാരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു.
മൊയ്തീന്റെ വീട്ടില്‍ 22 മണിക്കൂറോളം റെയ്ഡ് നീണ്ടുനിന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.