അമേരിക്കൻ തെരഞ്ഞെടുപ്പ്; ട്രംപിന് വെല്ലുവിളിയായി ഇന്ത്യൻ വംശജനും

അമേരിക്കൻ തെരഞ്ഞെടുപ്പ്; ട്രംപിന് വെല്ലുവിളിയായി ഇന്ത്യൻ വംശജനും

വാഷിം​ഗ്ടൺ ഡിസി: 2024 ൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ രാജ്യത്തോടൊപ്പം ലോകവും പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ പ്രാഥമിക സംവാദത്തിനായി ഒത്തുകൂടി. എന്നാൽ മത്സരത്തിൽ മുൻനിരക്കാരനായ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭാവം പാർട്ടിക്ക് തിരിച്ചടിയാകും. തെരഞ്ഞെടുപ്പ് അട്ടിമറി കേസുമായി ബന്ധപ്പെട്ട് ജയിലിൽ കീഴടങ്ങാനിരിക്കുകയാണ് ട്രംപ്. ട്രംപിന്റെ അഭാവത്തിൽ വിജയം ഉറപ്പിക്കാനുള്ള ശ്രമങ്ങൾ മറ്റ് സ്ഥാനാർ‌ത്ഥികൾ കണ്ടെത്തേണ്ടതുണ്ട്. സംവാദ ഘട്ടത്തിലേക്ക് യോ​ഗ്യത നേടിയ സ്ഥാനാർത്ഥികൾ ആരൊക്കെയാണെന്ന് നോക്കാം

റോൺ ഡിസാന്റിസ്

റിപ്പബ്ലിക്കൻ പാർട്ടിയിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കടുത്ത വെല്ലുവിളിയാകും കത്തോലിക്ക വിശ്വാസിയായ
റോൺ ഡിസാന്റിസ്. താൻ ട്രംപിനേക്കാൾ ഫലപ്രദനാണെന്ന് സംവാദ പ്രസം​ഗത്തിനിടെ അദേഹം പറഞ്ഞു. ട്രംപ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ, അധികാരത്തിലിരിക്കുമ്പോൾ അദ്ദേഹം കൂടുതൽ കാര്യങ്ങൾ ചെയ്യുമായിരുന്നുവെന്ന് ഡിസാന്റിസ് പറയുന്നു. ട്രംപ് കുറച്ച് ഉത്തരവാദിത്വം കാണിച്ചിരുന്നെങ്കിൽ ഈ തെരഞ്ഞെടുപ്പ് എളുപ്പമായേനെ. വിജയിക്കാനാവാത്തവിധം അഴിമതിയിൽ മുങ്ങിപ്പോയതിനും ഡിസാന്റിസ് വിമർശിച്ചു.

44 കാരനായ റോൺ ഡി സാന്റിസ് ഇത് രണ്ടാം തവണയാണ് ഫ്ലോറിഡയിൽ ഗവർണർ പദവിയിൽ ഇരിക്കുന്നത്. ഡോണൾഡ് ട്രംപിന്റെ നയങ്ങളുടെയും നിലപാടുകളുടെയും ആരാധകനായ ഡിസാന്റിസ് ട്രംപിന്‌റെ അശിർവാദത്തോടെയാണ് ഫ്‌ളോറിഡയിൽ ഗവർണർ പദവിയിൽ എത്തുന്നത്. ട്രംപിന്റെ ശരീരഭാഷ പോലും ഡിസാന്റിസ് പിന്തുടരുന്നു എന്നാണ് ആക്ഷേപം. എന്നാൽ ട്രംപിനെ പോലെ കേസുകളോ നിയമ നടപടികളോ നേരിടുന്നില്ല എന്നത് അദ്ദേഹത്തിന് അനുകൂലവുമാണ്. റിപ്പബ്ലിക്കൻ നിരയിൽ ട്രംപ് പക്ഷം ഏറ്റവും വലിയ വെല്ലുവിളിയായി കാണുന്നതും ഡിസാന്റിസിനെയാണ്.

യാഥാസ്ഥിതിക നിലപാടുകൾ പിൻപറ്റിയാണ് ഡിസാന്റിസ് റിപ്പബ്ലിക്കൻ പാർട്ടിയിൽ ശക്തനാകുന്നത്. തോക്കുകൾ ഒളിപ്പിച്ച് കൈവശം വയ്ക്കാനുള്ള അവകാശം നൽകുക, സർവകലാശാലകൾക്കുള്ള ഫണ്ടിങ് നിർത്തലാക്കുക, പുസ്തകങ്ങൾ നിരോധിക്കുക, സ്‌കൂളുകളിലെ ലിംഗസ്വത്വ ചർച്ചകൾ നിയന്ത്രിക്കുന്നതടക്കം എൽജിബിടിക്യൂ വിഭാഗത്തിന് എതിരായ നയങ്ങൾ നടപ്പാക്കുക, ഏറ്റവുമൊടുവിൽ ആറ് ആഴ്ചയ്ക്ക് ശേഷമുള്ള ഗർഭച്ഛിദ്രം നിരോധിക്കുക തുടങ്ങിയ യാഥാസ്ഥിതിക സമീപനങ്ങളാണ് ഡിസാന്റിസിന്‌റെത്.

മൈക്ക് പെൻസ്

യു.എസിൽ 2024 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാനുള്ള പോരാട്ടത്തിന് മുൻ വൈസ് പ്രസിഡന്റും കടുത്ത കത്തോലിക്ക വിശ്വാസിയുമായ മൈക്ക് പെൻസും തയ്യാറാണ്. 2017 മുതൽ 2021വരെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കീഴിലായിരുന്നു പെൻസ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചത്. ഇൻഡ്യാന മുൻ ഗവർണറായിരുന്ന പെൻസ് 2020 വരെ ട്രംപിന്റെ വിശ്വസ്തനായിരുന്നു. തിരഞ്ഞെടുപ്പ് പരാജയം അട്ടിമറിക്കാൻ ട്രംപ് തിരികൊളുത്തിയ ക്യാപിറ്റൽ ആക്രമണത്തോടെ ഇരുവരും ഇടഞ്ഞിരുന്നു.

ഭരണ ഘടന അനുസരിക്കാൻ ട്രംപ് ബാധ്യസ്ഥനാണെന്ന് അദേഹം പറ‍ഞ്ഞു. സംവാദ പ്രസം​ഗത്തിലും ഗർഭച്ഛിദ്രം, നികുതികൾ, വിദേശനയം തുടങ്ങിയ വിഷയങ്ങളിൽ പരമ്പരാഗത യാഥാസ്ഥിതിക നയങ്ങൾക്കുള്ള പിന്തുണ എടുത്തു കാണിച്ച് അദ്ദേഹം വിത്യസ്തനാകാൻ ശ്രമിച്ചു.

നിക്കി ഹേലി

യുഎസ് മുൻ അംബാസഡറും ഇന്ത്യൻ വംശജും മുൻ സൗത്ത് കാരലിന ഗവർണറുമായ നിക്കി ഹേലിയും ഇത്തവരണ തെരഞ്ഞെടുപ്പ് രം​ഗത്തുണ്ട്. ട്രംപിനെതിരെ എപ്പോഴും വിമർശനം ഉന്നയിക്കുന്ന വ്യക്തി കൂടിയാണ് നിക്കി ഹേലി. ട്രംപിന്റെ തിരഞ്ഞെടുപ്പിനു ശേഷമുള്ള ചരിത്രം കഠിനമായി വിലയിരുത്തപ്പെടുമെന്ന് നിക്കി ഹേലി സംവാദത്തിനിടെ പറഞ്ഞു.

റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് പ്രസിഡൻറ് സ്ഥാനാർഥിയാകാൻ മൽസരിക്കുന്ന ആദ്യ ഇന്ത്യൻ വംശജയാണ് നിക്കി ഹേലി.2017 മുതൽ ഒരു വർഷക്കാലം ട്രംപിന് കീഴിൽ ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ അംബാസഡറായിരുന്നു നിക്കി ഹേലി. നിക്കി ഹേലിയുടെ മാതാപിതാക്കൾ ഇന്ത്യൻ പഞ്ചാബി സിഖ് വിഭാഗക്കാരാണ്

വിവേക് ​​രാമസ്വാമി

2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിപ്പോരാട്ടത്തിൽ രണ്ടാം സ്ഥാനത്ത് മുന്നേറുകയാണ് ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി. ഇന്ത്യൻ – അമേരിക്കൻ വ്യവസായി കൂടിയാണ് അദ്ദേഹം. അടുത്തിടെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സർവ്വേയിൽ ഫ്ലോറി‌ഡ ഗവർണർ റോൺ ഡിസാന്റിസും വിവേക് രാമസ്വാമിയും രണ്ടാം സ്ഥാനം പങ്കിടുമെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് അദ്ദേഹം ഏറെ ജനശ്രദ്ധ ആകർഷിച്ചു തുടങ്ങിയത്. ഫെഡറൽ ആരോപണങ്ങളിൽ ശിക്ഷിക്കപ്പെട്ടാൽ ട്രംപിന് മാപ്പ് നൽകാൻ തന്റെ പ്രസിഡന്റ് അധികാരം ഉപയോഗിക്കുമെന്ന് വ്യക്തമായി പറഞ്ഞ ഒരേയൊരു സ്ഥാനാർത്ഥിയാണ് വിവേക് ​​രാമസ്വാമി.

അതേസമയം എമേഴ്സൺ കോളേജ് വോട്ടെടുപ്പിൽ ഡിസാന്റിസും രാമസ്വാമിയും 10 ശതമാനം വീതം വോട്ടുകൾ നേടി ഒപ്പത്തിനൊപ്പം നിലനിൽക്കുകയാണ്. നിലവിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെ പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ ഒരു വ്യക്തി കൂടിയാണ് 38 കാരനായ വിവേക് രാമസ്വാമി. അമേരിക്കയിലെ ഒഹായോയിലാണ് ജനനം. പാലക്കാട് നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബയോളജിയിൽ ബിരുദം നേടിയ വിവേക് രാമസ്വാമി ഒരു ബയോടെക് കമ്പനി സ്ഥാപിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ഒരു അസറ്റ് മാനേജ്മെന്റ് സ്ഥാപനവും അദ്ദേഹം ആരംഭിച്ചു.

ക്രിസ് ക്രിസ്റ്റി

2016-ലെ തന്റെ ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച ആദ്യത്തെ പ്രമുഖ റിപ്പബ്ലിക്കൻ ഉദ്യോ​ഗസ്ഥന്മാരിൽ ഒരാളാണ് ക്രിസ് ക്രിസ്റ്റി. അതിനു ശേഷം അദ്ദേഹം പാർട്ടിക്കുള്ളിൽ മുൻ പ്രസിഡന്റിന്റെ നിശിത വിമർശകരിൽ ഒരാളായി മാറി. 2020 ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ മാറ്റിമറിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ട്രംപ് തന്റെ ഭരണഘടനാ സത്യപ്രതിജ്ഞ ലംഘിച്ചുവെന്നും തന്റെ പ്രസിഡന്റ് സ്ഥാനത്തിന് നാണക്കേട് വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പ്രസിഡൻഷ്യൽ കാമ്പയിൻ ആരംഭിച്ചപ്പോൾ, ട്രംപിന്റെ നോമിനേഷൻ പ്രതീക്ഷകൾ ഇല്ലാതാക്കാനുള്ള അവസരമായി ക്രിസ്റ്റി റിപ്പബ്ലിക്കൻ പ്രാഥമിക സംവാദങ്ങളിലേക്ക് വിരൽ ചൂണ്ടി.

ഡഗ് ബർഗം

നോർത്ത് ഡക്കോട്ടയിലെ അധികം അറിയപ്പെടാത്ത ഗവർണറാണ് ഡഗ് ബർഗം. തന്റെ കാമ്പെയ്‌നിന് ഒരു ഡോളർ സംഭാവന നൽകിയ ആദ്യത്തെ 20,000 പേർക്ക് 20 ഡോളർ സമ്മാന കാർഡുകൾ വാഗ്ദാനം ചെയ്തുത് മാധ്യമശ്രദ്ധ പിടിച്ചു പറ്റി.തന്റെ പ്രചാരണത്തിന് ധനസഹായം നൽകാൻ ബില്യൺ ഡോളർ വ്യക്തിഗത സമ്പത്ത് ഉപയോഗിക്കുന്ന മുൻ ടെക് എക്സിക്യൂട്ടീവ് സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഫെഡറൽ ഗവൺമെന്റിനെ ഒരു ബിസിനസ്സ് പോലെ നയിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. എന്നാൽ ട്രംപിനെക്കുറിച്ച് പരാമർശം ഒന്നും നടത്തിയില്ല

ആസാ ഹച്ചിൻസൺ

ആസ ഹച്ചിൻസൺ അർക്കൻസാസിലെ ജനപ്രിയ യാഥാസ്ഥിതിക ഗവർണറായിരുന്നു. കുട്ടികൾക്കുള്ള ട്രാൻസ്‌ജെൻഡർ വൈദ്യ ചികിത്സ നിയന്ത്രിക്കുന്ന നിയമത്തിന്റെ കാലാവധി അവസാനിച്ച വീറ്റോയും ട്രംപിനെ വിമർശിച്ചതും നിരവധി റിപ്പബ്ലിക്കൻമാർക്കിടയിൽ അദ്ദേഹത്തിന്റെ നിലപാടിനെ തളർത്തി.

‌ടിം സ്കോട്ട്

ശുഭാപ്തി വിശ്വാസം ഏറെയുള്ള മത്സരാർത്ഥിയാണ് ‌ടിം സ്കോട്ട്. ട്രംപിന്റെ നയങ്ങളിൽ നിന്ന് വളരെ വിത്യസ്തമായ നയമാണ് ‌ടിം സ്കോട്ട് പുലർത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.