മണിപ്പൂർ കലാപത്തിൽ വിചാരണ അസമിൽ; മൊഴികൾ ഓണ്‍ലൈനായി നൽകാമെന്ന് സുപ്രിം കോടതി

മണിപ്പൂർ കലാപത്തിൽ വിചാരണ അസമിൽ; മൊഴികൾ ഓണ്‍ലൈനായി നൽകാമെന്ന് സുപ്രിം കോടതി

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സുപ്രിംകോടതി അസമിലേക്ക് മാറ്റി. വിചാരണ കോടതി ജഡ്ജിയെ തെരഞ്ഞെടുക്കാൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രിംകോടതി നിർദേശിച്ചു. പ്രതികളും ഇരകളായവരും മണിപ്പൂരിൽ തുടരണമെന്നും കോടതി നിർദേശിച്ചു.

സിബിഐ അന്വേഷിക്കുന്ന 21 കേസുകളുടെ വിചാരണ നടപടികൾ അസമിലെ ഗുവഹാത്തിയിലേക്കു മാറ്റണമെന്ന കേന്ദ്രസർക്കാർ ആവശ്യം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെ തീരുമാനം. ആവശ്യമെങ്കിൽ ഒന്നിലധികം വിചാരണ കോടതി ജഡ്ജിമാരെ ഹൈക്കോടതിക്കു ചുമതലപ്പെടുത്താം. വാറന്റ് അയക്കൽ, കസ്റ്റഡി കാലാവധി നീട്ടൽ, മൊഴികൾ രേഖപ്പെടുത്തൽ തുടങ്ങി കേസുമായി ബന്ധപ്പെട്ട നടപടികളാണ് വിചാരണ കോടതി ജഡ്ജി ഇപ്പോൾ ചെയ്യേണ്ടത്.

സംഘർഷ ബാധിതർക്ക് മൊഴികൾ ഓൺലൈനായി നൽകാമെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. മണിപ്പൂരിലെ ഗോത്ര വിഭാഗത്തിന്റെ ഭാഷാ അറിയാവുന്ന മജിസ്‌ട്രേറ്റുമാരെ വിചാരണ കോടതി ജഡ്ജിമാരായി തെരഞ്ഞെടുക്കാനാണ് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിചാരണ നടപടികൾ അസമിലേക്ക് മാറ്റുന്നതിനെ കുകി വിഭാഗം എതിർത്തു. മിസോറാമിലേക്ക് മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. മിസോറാമിലേക്ക് പോകണമെങ്കിൽ അസം കടക്കണെമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അതിനാൽ അത് പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കും.

പ്രതികളുടെ തിരിച്ചറിയൽ പരേഡും ഓൺലൈനിലാണ് നടത്തേണ്ടത്. എന്നാൽ തിരിച്ചറിയൽ പരേഡ് നടക്കുമ്പോൾ മണിപ്പൂരിലെ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യം ഉണ്ടാകണമെന്നും സുപ്രിംകോടതി നിർദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.