താമരശ്ശേരി: വിശുദ്ധ ഗ്രന്ഥത്തിലെ ഏറ്റവും മിഴിവാർന്ന ചിത്രമാണല്ലോ ധൂർത്ത പുത്രനു വേണ്ടി കാത്തിരിക്കുന്ന സ്നേഹനിധിയായ പിതാവിന്റെ ചിത്രം. സീറോ മലബാർ സഭയിലെ പിതാക്കന്മാർ ഇന്നലെ (24-08-2023 ന്) പുറത്തിറക്കിയ കൂട്ടായ്മയ്ക്ക് വേണ്ടിയുള്ള സംയുക്ത ആഹ്വാനം ധൂർത്ത പുത്രനു വേണ്ടി കാത്തിരിക്കുന്ന സ്നേഹനിധിയായ പിതാവിനെ ഓർമ്മിപ്പിക്കുന്നു.
ഈ ആഹ്വാനത്തിൽ അഭിവന്ദ്യ പിതാക്കന്മാർ മാർപാപ്പയുടെ പ്രതിനിധിയായ പൊന്തിഫിക്കൽ ഡെലഗേറ്റിനോടുള്ള നിഷേധാത്മകമായ സമീപനം കത്തോലിക്കാ കൂട്ടായ്മയിൽ തുടരാനാകാത്ത സാഹചര്യം സൃഷ്ടിക്കുമെന്ന കാര്യം ഓർമ്മിപ്പിക്കുന്നു. ഏറെ ദുഃഖകരമായ ഈ സാഹചര്യത്തിൽ നമ്മുടെ അമ്മയായ പരിശുദ്ധ കത്തോലിക്കാ സഭയുടെ കൂട്ടായ്മ ആരും നഷ്ടപ്പെടുത്തരുതെന്ന് പിതൃനിർവിശേഷമായ സ്നേഹത്തോടെ സിനഡ് പിതാക്കന്മാർ ഓർമിപ്പിക്കുകയാണ്. ഏകീകൃത ബലിയർപ്പണം ഘട്ടം ഘട്ടമായെങ്കിലും നടപ്പിലാക്കാനുള്ള സന്നദ്ധ ബന്ധപ്പെട്ടവർ ശ്ലൈഹിക സിംഹാസനത്തെ അറിയിക്കണമെന്ന് സിനഡ് ഉദ്ബോധിപ്പിക്കുന്നു.
കത്തോലിക്കാ സഭയുടെ മനോഹാരിതയാണ് ഈ ആഹ്വാനത്തിൽ നാം കാണുന്നത്. അതെ, കത്തോലിക്കാ സഭ എന്നത് ഒരു കേഡർ പാർട്ടിയല്ലെന്നും നഷ്ടപ്പെട്ടുപോയ ആടിനു വേണ്ടി ഏതറ്റവും വരെ പോകുന്ന നല്ല ഇടയൻ ആണെന്നും അഭിവന്ദ്യ പിതാക്കന്മാരുടെ ഈ ആഹ്വാനം നമ്മെ ഓർമിപ്പിക്കുന്നു. വിജയ പരാജയങ്ങൾ ഇല്ലാതെ എല്ലാവരും പരിശുദ്ധ സിംഹാസനത്തെ അനുസരിക്കണമെന്നും ഒരുമയുടെ വിശുദ്ധ ബലിയർപ്പിക്കണമെന്നും ദേശമോ സാഹചര്യങ്ങളോ അതിനു തടസ്സം സൃഷ്ടിക്കരുതെന്നും കാലാ കാലങ്ങളായി സിനഡ് ആവർത്തിച്ച് ഉദ്ബോധിപ്പിക്കുന്നതാണല്ലോ.
സിനഡിന്റെ ഈ ആഹ്വാനം ചിലരെയെങ്കിലും നിരാശരാക്കിയിട്ടുണ്ടാകാം. കടുത്ത അച്ചടക്ക നടപടിയിലേക്ക് പൊന്തിഫിക്കൽ ഡെലഗേറ്റ് നീങ്ങിയ സാഹചര്യത്തിൽ ഇത്തരം ഒരു ആഹ്വാനത്തിന് പ്രസക്തിയുണ്ടോ എന്ന് ചിന്തിക്കുന്നവരും ഉണ്ടാകാം. എന്നാൽ, ചിതറിക്കുകയല്ല ചേർത്തു പിടിക്കുകയാണ് തങ്ങളുടെ ദൗത്യം എന്ന് ഈ ആഹ്വാനത്തിലൂടെ സിനഡ് പിതാക്കന്മാർ വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിക്കുകയാണ്. വിഭാഗീയ പ്രവണതകളോ വിഭജനങ്ങളോ നമുക്ക് കരണീയമല്ലെന്നും ബലിയർപ്പണ വേദി നമ്മുടെ കൂട്ടായ്മയുടെ ഉറവിടമാകണമെന്നും പിതാക്കന്മാർ ആഹ്വാനം ചെയ്യുന്നു. നമുക്ക് ഒരുമയോടെ ഇനിയും മുന്നോട്ടു നീങ്ങണം. എപ്പോഴും ചർച്ചകൾക്ക് സന്നദ്ധമായിരുന്നതു പോലെ ഇനിയും ചർച്ചകൾക്ക് തയ്യാറാണെന്ന് എളിമയോടുകൂടെ പിതാക്കന്മാർ ആവർത്തിക്കുകയാണ്.
ഇപ്രകാരം കൂട്ടായ്മയ്ക്ക് വേണ്ടി ആഹ്വാനം നടത്തുമ്പോഴും അടിസ്ഥാനപരമായ കാര്യങ്ങളിൽ നിന്നും സിനഡ് അണുവിട വ്യതിചലിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സീറോ മലബാർ സഭയുടെ സിനഡ് തീരുമാനിച്ചതും പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയം അംഗീകരിച്ചതും പരിശുദ്ധ മാർപാപ്പ ഉദ്ബോധിപ്പിച്ചതുമായ ഏകീകൃത ബലിയർപ്പണ രീതിയാണ് വിശുദ്ധ കുർബാനയുടെ അർപ്പണ രീതി. അത് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ഇവിടെ രൂപതാ തലത്തിലുള്ള വലിപ്പച്ചെറുപ്പമോ പ്രാദേശിക താൽപര്യങ്ങളോ ആരും നോക്കാൻ പാടില്ല. സഭയുടെ നന്മയായിരിക്കണം എല്ലാവരുടെയും ലക്ഷ്യം.
"Roma Locuta, Causa Finita" ( "റോം സംസാരിച്ചു, കാര്യങ്ങൾക്ക് തീർപ്പായി") എന്ന നാലാം നൂറ്റാണ്ടിലെ വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ നമുക്ക് ഓർക്കാം. മാർപാപ്പയും പൊന്തിഫിക്കൽ ഡെലഗേറ്റും സീറോ മലബാർ സഭ എന്ന വ്യക്തി സഭയുടെ നന്മയ്ക്ക് വേണ്ടി പരിശ്രമിക്കുന്നവരാണ്. അവരുടെ തീർപ്പുകളെ നമുക്ക് ബഹുമാനിക്കാം. സഭയിൽ പ്രതിസന്ധികൾ രൂപപ്പെടുമ്പോൾ പരിശുദ്ധ സിംഹാസനത്തിൽ നിന്നും ലഭിക്കുന്ന തീർപ്പുകളെ ദൈവ ഹിതമായിക്കണ്ട് നമുക്ക് ശിരസ്സാ വഹിക്കാം. പ്രതീക്ഷയുടെ ഒരു പൊൻപുലരി സീറോ മലബാർ സഭയ്ക്ക് ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26