ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന 'ദ ഹോപ്പിന്റെ' ഓസ്ട്രേലിയയിലെ ആദ്യ പ്രദര്‍ശനം ഇന്ന് പെര്‍ത്തില്‍; ആദ്യ ഷോ ഇംഗ്ലീഷില്‍

ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന 'ദ ഹോപ്പിന്റെ' ഓസ്ട്രേലിയയിലെ  ആദ്യ  പ്രദര്‍ശനം ഇന്ന് പെര്‍ത്തില്‍; ആദ്യ ഷോ ഇംഗ്ലീഷില്‍

പെര്‍ത്ത്: ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന 'ദ ഹോപ്പ്' എന്ന മലയാള ചിത്രത്തിന്റെ ഓസ്ട്രേലിയയിലെ ആദ്യ പ്രദര്‍ശനം ഇന്നു (ശനിയാഴ്ച്ച) നടക്കും. പെര്‍ത്തിലെ കെംസ്‌കോട്ട് ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ ഇന്നു വൈകുന്നേരം ഏഴിനാണ് ആദ്യ പ്രദര്‍ശനം. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രദര്‍ശനമാണു നടക്കുന്നത്. മലയാള ഭാഷയിലുള്ള പ്രദര്‍ശനം നാളെ (ഓഗസ്റ്റ് 27-ന്) വൈകുന്നേരം ആറിന് പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ പള്ളിയുടെ പാരിഷ് ഹാളില്‍ നടക്കും.

ലോഗോസ് ഫിലിംസിന്റെ ബാനറില്‍ ജോയ് കല്ലൂക്കാരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രമാണ് 'ദ ഹോപ്പ്. സെപ്റ്റംബര്‍ രണ്ടിന് (ശനിയാഴ്ച) വൈകുന്നേരം ആറിന് മലയാളത്തിലും സെപ്റ്റംബര്‍ ഒന്‍പതിന് (ശനിയാഴ്ച) വൈകുന്നേരം ആറിന് ഇംഗ്ലീഷിലും പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ പള്ളിയുടെ പാരിഷ് ഹാളില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്.



തുടര്‍ന്ന് സെപ്റ്റംബര്‍ 22 ന് പെര്‍ത്തിലെ വില്ലെട്ടണില്‍ ഇംഗ്ലീഷ് പ്രദര്‍ശനം നടക്കും. പെര്‍ത്തിലെ പ്രദര്‍ശനങ്ങള്‍ക്കു ശേഷം ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ഉള്‍പ്പെടെയുള്ള മറ്റു നഗരങ്ങളിലും പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്.

ക്രിസ്ത്യന്‍ മൂല്യങ്ങളും മനോഹരമായ സന്ദേശവും ഉള്ളടക്കമായിട്ടുള്ള സിനിമ കുടുംബത്തോടൊപ്പം കാണാന്‍ ഏറ്റവും അനുയോജ്യമാണ്. സിനിമ കാണാന്‍ ടിക്കറ്റ് നിരക്ക് ഇല്ലെങ്കിലും സിനിമയ്ക്ക് ശേഷം ഇഷ്ടമുള്ള തുക സംഭാവന ചെയ്യാം. ക്രൈസ്തവ മൂല്യാധിഷ്ഠിത സിനിമകളുടെ പ്രോല്‍സാഹനത്തിന് അണിയറ പ്രവര്‍ത്തകര്‍ക്ക് സഹായമേകാന്‍ ഈ സംഭാവനകള്‍ ഉപകരിക്കും.

സിജോ വര്‍ഗീസ് അഭിനയിച്ച ഡോ. ജോണ്‍ അബ്രഹാം എന്ന കഥാപാത്രത്തിലൂടെയാണ് ജീവിതത്തെക്കുറിച്ചും നിത്യജീവിതത്തെക്കുറിച്ചുമുള്ള ബോധ്യങ്ങളിലേക്ക് സിനിമ പ്രേക്ഷകരെ നയിക്കുന്നത്. ഈ ലോക ജീവിതത്തിനു വേണ്ടി മാത്രം അദ്ധ്വാനിക്കുന്നവരാകാതെ ക്രിസ്തു വാഗ്ദാനം ചെയ്യുന്ന നിത്യതയെക്കുറിച്ച് സിനിമ ചിന്തകളും അറിവുകളും പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു.

രണ്ടു കോടിയിലധികം രൂപ മുതല്‍മുടക്കി സാങ്കേതിക തികവോടെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കൊമേഴ്സ്യല്‍ സിനിമയ്ക്കാവശ്യമായ ദൃശ്യഭംഗിയും സംഘര്‍ഷ മുഹൂര്‍ത്തങ്ങളും പാട്ടുകളും സൗണ്ട് ഇഫക്ടും സിനിമയെ ഒരു ഫാമിലി മൂവി എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നു.

1993-ല്‍ ഒരു ധ്യാനത്തിലൂടെ വലിയ ആന്തരിക പരിവര്‍ത്തനം ഉണ്ടായ ജോയ് കല്ലൂക്കാരന്‍ അപ്പോള്‍ മുതല്‍ നോര്‍ത്ത് ഇന്ത്യ മിഷനുകളിലെ സജീവ അംഗമാണ്. ദൈവവചനം ഫലപ്രദമായി പ്രഘോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2001-ല്‍ സ്ഥാപിതമായ ഗോസ്പല്‍ ഫോര്‍ ദ പുവര്‍ എന്ന ആത്മീയ സംഘടനയുടെ പ്രസിഡന്റാണ് ജോയ് കല്ലൂക്കാരന്‍. സുവിശേഷ പ്രഘോഷണത്തില്‍ സിനിമയ്ക്കുള്ള പ്രാധാന്യം മനസിലാക്കി ഒരു കൂട്ടം ആളുകള്‍ ഇതിനായി മുന്നിട്ടിറങ്ങുകയായിരുന്നു.

'ദ ഹോപ്പ്' എന്ന സിനിമ എല്ലാ ക്രൈസ്തവ വിശ്വാസികളും കണ്ടിരിക്കേണ്ട ചിത്രമാണെന്ന് കെ.സി.ബി.സി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഈ ലോകത്തിലെ പ്രശ്നങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും അപ്പുറമുള്ള ലോകത്തെക്കുറിച്ച് ആത്മീയ ബോധം പകരാന്‍ സിനിമ സഹായിക്കുന്നു. നിരാശയുടെ സ്ഥാനത്ത് ദൈവത്തിലും അവിടുത്തെ വാഗ്ദാനങ്ങളിലും ആശ്രയം തേടാന്‍ സിനിമ പ്രേരിപ്പിക്കുന്നു.

ഇടവകകളില്‍ വിശ്വാസ രൂപീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപകര്‍ക്ക് ഈ ചിത്രം തങ്ങളുടെ പഠന പ്രവര്‍ത്തനത്തിന് സഹായകരമായിരിക്കും. വിശ്വാസ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സിനിമ കാണുന്നതിലൂടെ കരുത്ത് ലഭിക്കുമെന്നും കെ.സി.ബി.സി വ്യക്തമാക്കുന്നു.

കുടുംബങ്ങള്‍, പ്രത്യേകിച്ച് യുവജനങ്ങളും സ്‌കൂള്‍ കുട്ടികളും പുരോഹിതരും സന്യസ്തരുമൊക്കെ ഈ ചിത്രം കണ്ടിരിക്കേണ്ടതാണെന്ന് തൃശൂര്‍ രൂപതാ അധ്യക്ഷനായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. മെത്രാന്മാര്‍ എല്ലാവരും ഈ ചിത്രം കാണുകയും അതിന്റെ പ്രചാരണത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

യു.കെ, അയര്‍ലന്‍ഡ്, യു.എസ്.എ, കാനഡ, യു.എ.ഇ. എന്നിവിടങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. അവിടെയെല്ലാം മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്.

സിനിമ കാണാന്‍ താല്‍പ്പര്യമുള്ളവര്‍ ചുവടെയുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. പ്രദര്‍ശനത്തിനായി 300 സീറ്റുകള്‍ മാത്രമേ ലഭ്യമാകൂ. ഇംഗ്ലീഷിലും മലയാളത്തിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിബി ജോയി: 61432165637


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.