വ്യത്യസ്തമായ സിനിമാ അനുഭവം സമ്മാനിച്ച് 'ദ ഹോപ്പ്'; പെര്‍ത്തിലെ പ്രദര്‍ശനത്തിന് മികച്ച പ്രതികരണം

വ്യത്യസ്തമായ സിനിമാ അനുഭവം സമ്മാനിച്ച് 'ദ ഹോപ്പ്'; പെര്‍ത്തിലെ പ്രദര്‍ശനത്തിന് മികച്ച പ്രതികരണം

പെര്‍ത്ത്: ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന 'ദ ഹോപ്പ്' എന്ന മലയാള ചിത്രത്തിന്റെ ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ പ്രദര്‍ശനം ഇന്നലെ വൈകുന്നേരം പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ പള്ളിയുടെ പാരിഷ് ഹാളില്‍ നടന്നു. നിറഞ്ഞ സദസിനു മുന്നില്‍ അവതരിപ്പിച്ച ചിത്രത്തിന് പെര്‍ത്തിലെ മലയാളി സമൂഹത്തില്‍നിന്ന് മികച്ച പ്രതികരണമാണു ലഭിച്ചത്.



ശനിയാഴ്ച്ച പെര്‍ത്തിലെ കെംസ്‌കോട്ട് ഗുഡ് ഷെപ്പേര്‍ഡ് പള്ളിയിലായിരുന്നു ചിത്രത്തിന്റെ ഓസ്‌ട്രേലിയയിലെ ആദ്യ പ്രദര്‍ശനം. ഇംഗ്ലീഷ് ഭാഷയിലായിരുന്നു ആദ്യ പ്രദര്‍ശനം. ഇന്നലെ മലയാള ഭാഷയിലും. ഇടവക വികാരി ഫാ. അനീഷ് ജെയിംസ്, ജിബി ജോയ് എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. ഏറെ നാളായി സിനിമ കാണാതിരുന്നവര്‍ പോലും 'ദ ഹോപ്പ്' കാണാനെത്തിയിരുന്നു. സിനിമയുടെ ഇതിവൃത്തം തങ്ങള്‍ക്കൊരു പുതിയ അനുഭവമാണ് സമ്മാനിച്ചതെന്ന് കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെട്ടു.



ലോഗോസ് ഫിലിംസിന്റെ ബാനറില്‍ ജോയ് കല്ലൂക്കാരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രമാണ് 'ദ ഹോപ്പ്. ഇനി സെപ്റ്റംബര്‍ രണ്ടിന് (ശനിയാഴ്ച) വൈകുന്നേരം ആറിന് മലയാളത്തിലും സെപ്റ്റംബര്‍ ഒന്‍പതിന് (ശനിയാഴ്ച) വൈകുന്നേരം ആറിന് ഇംഗ്ലീഷിലും പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ പള്ളിയുടെ പാരിഷ് ഹാളില്‍ തന്നെ പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്.

തുടര്‍ന്ന് സെപ്റ്റംബര്‍ 22 ന് പെര്‍ത്തിലെ വില്ലെട്ടണില്‍ ഇംഗ്ലീഷ് പ്രദര്‍ശനം നടക്കും. പെര്‍ത്തിലെ പ്രദര്‍ശനങ്ങള്‍ക്കു ശേഷം ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ഉള്‍പ്പെടെയുള്ള മറ്റു നഗരങ്ങളിലും പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്.

ക്രിസ്ത്യന്‍ മൂല്യങ്ങളും മനോഹരമായ സന്ദേശവും ഉള്ളടക്കമായിട്ടുള്ള സിനിമ കുടുംബത്തോടൊപ്പം കാണാന്‍ ഏറ്റവും അനുയോജ്യമാണ്. സിനിമ കാണാന്‍ ടിക്കറ്റ് നിരക്ക് ഇല്ലെങ്കിലും സിനിമയ്ക്ക് ശേഷം ഇഷ്ടമുള്ള തുക സംഭാവന ചെയ്യാം. ക്രൈസ്തവ മൂല്യാധിഷ്ഠിത സിനിമകളുടെ പ്രോല്‍സാഹനത്തിന് അണിയറ പ്രവര്‍ത്തകര്‍ക്ക് സഹായമേകാന്‍ ഈ സംഭാവനകള്‍ ഉപകരിക്കും.



സിജോ വര്‍ഗീസ് അഭിനയിച്ച ഡോ. ജോണ്‍ അബ്രഹാം എന്ന കഥാപാത്രത്തിലൂടെയാണ് ജീവിതത്തെക്കുറിച്ചും നിത്യജീവിതത്തെക്കുറിച്ചുമുള്ള ബോധ്യങ്ങളിലേക്ക് സിനിമ പ്രേക്ഷകരെ നയിക്കുന്നത്. ഈ ലോക ജീവിതത്തിനു വേണ്ടി മാത്രം അദ്ധ്വാനിക്കുന്നവരാകാതെ ക്രിസ്തു വാഗ്ദാനം ചെയ്യുന്ന നിത്യതയെക്കുറിച്ച് സിനിമ ചിന്തകളും അറിവുകളും പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു.

രണ്ടു കോടിയിലധികം രൂപ മുതല്‍മുടക്കി സാങ്കേതിക തികവോടെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കൊമേഴ്‌സ്യല്‍ സിനിമയ്ക്കാവശ്യമായ ദൃശ്യഭംഗിയും സംഘര്‍ഷ മുഹൂര്‍ത്തങ്ങളും പാട്ടുകളും സൗണ്ട് ഇഫക്ടും സിനിമയെ ഒരു ഫാമിലി മൂവി എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.