ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പില്‍ രാജ്യത്തെ 160 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തി കേന്ദ്രങ്ങളിലും പാര്‍ട്ടിക്ക് വേണ്ടത്ര ശക്തിയില്ലാത്തതുമായ മണ്ഡലങ്ങളിലാണ് നേരത്തെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് തീവ്ര പ്രചാരണത്തിന് ഇറങ്ങാന്‍ ബിജെപി തയ്യാറെടുക്കുന്നത്.
കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ 160 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കുന്ന കാര്യം വ്യക്തമാക്കിയത്. 160 മണ്ഡലങ്ങളെ 40 ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കുക.
160 മണ്ഡലങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും പശ്ചിമ ബംഗാള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ സംസ്ഥാനങ്ങളും ഉള്‍പ്പെടുന്നു. ദുര്‍ബലമായ സീറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നേരത്തേ രംഗത്തിറങ്ങുന്നതിലൂടെ ലഭിക്കുന്ന മുന്‍തൂക്കം മുതലാക്കുകയുമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഡിസംബറോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ മേഖലകളില്‍ സംഘടനാ സംവിധാനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും ബൂത്ത് തലംമുതല്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനുമുള്ള പരിപാടികള്‍ ബിജെപി ആവിഷ്‌കരിക്കും. 160 മണ്ഡലങ്ങളെ 40 ക്ലസ്റ്ററുകളായി തിരിച്ചാകും പ്രവര്‍ത്തനം. ഈ മണ്ഡലങ്ങളില്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ പ്രചാരണത്തിന് നേതൃത്വം നല്‍കും.
നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുടെ റായ് ബറേലി, സമാജ് വാദി പാര്‍ട്ടിയുടെ ഡിംപിള്‍ യാദവ് മത്സരിക്കുന്ന മെയിന്‍പുരി, എന്‍സിപി നേതാവ് സുപ്രിയ സുലെയുടെ ബരാമതി ( മഹാരാഷ്ട്ര) സീറ്റ് തുടങ്ങിയവ ഉള്‍പ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.