തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരള നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് ബിജെപി നേതൃത്വത്തെ വെട്ടിലാക്കി മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ. രാജഗോപാല്‍. തികച്ചും അപ്രതീക്ഷിതമായിരുന്നു രാജഗോപാലിന്റെ നിലപാട്.
ബിജെപി പ്രതിനിധിയായ അദ്ദേഹം പ്രമേയത്തെ എതിര്‍ക്കും എന്നാണ് എല്ലാവരും കരുതിയിരുന്നത്. താന്‍ പ്രമേയത്തെ അനുകൂലിക്കുകയാണ് ചെയ്തതെന്നും പ്രമേയത്തില്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളിലുള്ള അഭിപ്രായവ്യത്യാസം ചൂണ്ടിക്കാണിച്ചുവെന്നും അദ്ദേഹം പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍ സമഗ്രമായ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. കേന്ദ്ര സര്‍ക്കാരിനെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ ബിജെപിക്കാരന്‍ ആയതുകൊണ്ട് എതിര്‍ക്കുന്നത് ശരിയല്ല. അതുകൊണ്ട് പ്രമേയത്തെ എതിര്‍ത്തില്ല. ഒന്നിച്ചു നില്‍ക്കണം എന്നതാണ് പൊതു അഭിപ്രായം. ആ നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. അത് ഡമോക്രാറ്റിക് സ്പിരിറ്റ് ആണ് എന്നതാണ് തന്റെ വ്യാഖ്യാനമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രനിയമങ്ങള്‍ പിന്‍വലിക്കണമെന്ന പ്രമേയത്തോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് തീര്‍ച്ചയായും, അതുകൊണ്ടാണല്ലോ വോട്ട് ചെയ്യാതിരുന്നത് എന്നായിരുന്നു രാജഗോപാലിന്റെ മറുപടി. കേന്ദ്രനിയമം പിന്‍വലിക്കണമെന്ന് ബിജെപി എംഎല്‍എ ആവശ്യപ്പെടുന്നതില്‍ ഒരു പ്രശ്‌നവുമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം മറുപടിയായി പറഞ്ഞു.
നിയമസഭയില്‍ ബിജെപിയുടെ ഏക അംഗമായ രാജഗോപാല്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതോടെ കേന്ദ്രത്തിനെതിരായി ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയം എന്ന പ്രത്യേകതയും ഈ പ്രമേയത്തിന് കൈവന്നു. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം ഒരു മാസം പിന്നിട്ട അവസരത്തിലാണ് കേരള നിയമസഭ പ്രമേയം പാസാക്കുന്നത്.
കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള കര്‍ഷകരുടെ സ്വാതന്ത്ര്യം തീറെഴുതിക്കൊടുക്കുന്ന നിയമം അംബാനിയും അദാനിയും അടക്കം കേന്ദ്ര സര്‍ക്കാരിനോട് അടുപ്പമുള്ള കുത്തകകള്‍ക്കുവേണ്ടിയുള്ളതാണെന്ന ആരോപണം അതിശക്തമായി ഉയരുന്നുണ്ട്. നിയമം പിന്‍വലിക്കില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറച്ച നിലപാടില്‍ തട്ടി കഴിഞ്ഞ ദിവസം നടന്ന അഞ്ചാംവട്ട ചര്‍ച്ചയും തീരുമാനമാകാതെ പിരിയുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.