കൗമാരക്കാരുടെയിടയില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്നുപയോഗം; ആശങ്കയറിച്ചും ടോക്‌സിക്കോളജിസ്റ്റുകളുടെ സേവനമഭ്യര്‍ത്ഥിച്ചും മാര്‍പാപ്പ

കൗമാരക്കാരുടെയിടയില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്നുപയോഗം; ആശങ്കയറിച്ചും ടോക്‌സിക്കോളജിസ്റ്റുകളുടെ സേവനമഭ്യര്‍ത്ഥിച്ചും മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കൗമാരക്കാരുടെയും യുവജനങ്ങളുടെയും ഇടയില്‍ മയക്കുമരുന്നിന് അടിമകളാകുന്നവരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനയില്‍ ആശങ്ക പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഓഗസ്റ്റ് 27 മുതല്‍ 31 വരെ റോമില്‍ നടക്കുന്ന ഫോറന്‍സിക് ടോക്‌സിക്കോളജിസ്റ്റുകളുടെ 60-ാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്നറിയിപ്പു നല്‍കിയത്. നമ്മുടെ സമൂഹം മികവിലും ഉത്പാദനക്ഷമതയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാലുണ്ടായ ഒരു സാമൂഹിക ദൗര്‍ബല്യമായാണ്, മയക്കുമരുന്നുകളുടെ വ്യാപനത്തെ താന്‍ കാണുന്നതെന്ന് പാപ്പ വ്യക്തമാക്കി.

ജീവിതത്തിലുണ്ടാകുന്ന ദുരനുഭവങ്ങള്‍, ഏകാന്തത, അസമത്വം, ഒറ്റപ്പെടുത്തല്‍ എന്നിവയ്‌ക്കൊപ്പം സമഗ്രമായ വ്യക്തിത്വ വികസനത്തിന്റെ അഭാവവുമാണ് ഓരോ ആസക്തിക്കും കാരണമായിത്തീരുന്നത്. എന്നാല്‍, ഇതേക്കുറിച്ച് നിസംഗത പുലര്‍ത്താന്‍ നമുക്കാവില്ല. മയക്കുമരുന്നിന് അടിപ്പെട്ടുപോകുന്നവരുടെ കഷ്ടപ്പാടുകള്‍ മനസിലാക്കി, അവരിലേക്ക് ഇറങ്ങിച്ചെല്ലാനും, അതോടൊപ്പം സമൂഹത്തിന്റെ ദുര്‍ബലതകളെ പരിഹരിക്കാനും ശ്രമിക്കണമെന്ന് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. യേശുവിനെപ്പോലെ നാമും, അടുത്തുചെല്ലാനും മുറിവുകള്‍ സുഖപ്പെടുത്താനും വീണവരെ എഴുന്നേല്‍പ്പിക്കാനുമായി വിളിക്കപ്പെട്ടിരിക്കുന്നു - പാപ്പാ കൂട്ടിച്ചേര്‍ത്തു.

മയക്കുമരുന്നിന്റെ വ്യാപനത്തിനും വിപണനത്തിനുമെതിരെ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ കാണിക്കുന്ന പ്രതിബദ്ധതയ്ക്ക് പാപ്പ അവരോട് നന്ദി പറഞ്ഞു. 'ഡാര്‍ക്ക് വെബ്' പോലെയുള്ള ഓണ്‍ലൈന്‍ ശൃംഖലയിലൂടെ കൗമാരക്കാര്‍ക്കിടയില്‍ പോലും മയക്കുമരുന്നിന്റെയും ഉത്തേജക വസ്തുക്കളുടെയും ഉപയോഗം വര്‍ദ്ധിച്ചു വരുന്നതിനെക്കുറിച്ചുള്ള ഭയാശങ്കകള്‍ മാര്‍പാപ്പ അവരുമായി പങ്കുവച്ചു.

മയക്കുമരുന്ന് ഉപഭോഗത്തിന്റെ വര്‍ദ്ധന കൗമാരക്കാര്‍ക്കിടയില്‍

കൗമാരവും യൗവനവും ഒരു വ്യക്തിയുടെ ജീവിതത്തിലെ അതിലോലമായ ഘട്ടങ്ങളാണ്. ശാരീരികവും വൈകാരികവും സാമൂഹികവുമായ തലങ്ങളിലുള്ള നിര്‍ണായക മാറ്റങ്ങള്‍, ഈ പ്രായത്തില്‍ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. പുതിയ അനുഭവങ്ങള്‍ക്കു വേണ്ടിയുള്ള ആഗ്രഹം, തങ്ങള്‍ക്ക് അജ്ഞാതമായത് പരീക്ഷിക്കാനുള്ള അഭിവാഞ്ഛ, ഒറ്റപ്പെടുമെന്നുള്ള ഭയം, സമപ്രായക്കാരുടെ സമ്മര്‍ദ്ദം ഇവയെല്ലാം ഈ പ്രായക്കാരെ സ്വധീനിക്കാറുണ്ട്. അതോടൊപ്പം നിലവിലെ ദുര്‍ബലവും അരക്ഷിതവുമായ സാമൂഹിക സാഹചര്യങ്ങളും യുവജനങ്ങളെ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണെന്ന് മാര്‍പാപ്പ ചൂണ്ടിക്കാണിച്ചു.

കായികരംഗവും പുതിയ ഉത്തേജകമരുന്നുകളും

എന്‍പിഎസ് ( New Psychoactive Substances) എന്നറിയപ്പെടുന്ന പുതിയ ഉത്തേജക മരുന്നുകള്‍ക്ക് കായിക രംഗത്ത് ഇന്ന് വലിയ വിപണിയാണുള്ളത്. അപകടം തിരിച്ചറിയാതെയാണ് പല ചെറുപ്പക്കാരും ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. അതിനാല്‍, ഉത്തേജക മരുന്നുകളുടെ വ്യാപനം തടയാനുള്ള ഫലപ്രദമായ മുന്‍കരുതലുകള്‍ എടുക്കുകയും അവയുടെ ഉപയോഗം കണ്ടുപിടിക്കാനുള്ള പരിശോധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും വേണം. ലഹരിക്കെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ലഹരിയില്‍ നിന്ന് മുക്തി നേടാനാവശ്യമായ ചികിത്സാ രീതികള്‍ വികസിപ്പിക്കുകയും വേണം. ഇതിനെല്ലാം നൂതന സങ്കേതികവിദ്യകള്‍ ഉപയോഗിക്കാവുന്നതാണ് - പാപ്പാ വിശദീകരിച്ചു.

കായിക രംഗത്ത് ഉന്നത വിജയമല്ലാതെ മറ്റൊന്നും ചിന്തിക്കാത്തവര്‍ അതിനുവേണ്ടി എന്തു വില കൊടുക്കാനും തയ്യാറാവുമ്പോഴാണ് മയക്കുമരുന്നില്‍ ആശ്രയിക്കുന്നത്. കാര്യക്ഷമതയുടെയും ഉല്‍പാദനക്ഷമതയുടെയു ആധുനിക സംസ്‌കാരമാണ് ഇതിനു പിന്നില്‍. തോല്‍വിയോ തടസങ്ങളോ അംഗീകരിക്കാത്ത സംസ്‌കാരമാണിത്. തോല്‍വി അംഗീകരിക്കാനുള്ള വൈമനസ്യം, വ്യക്തിത്വ വികസനത്തിന്റെ പോരായ്മയാണെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.

പാപ്പ തുടര്‍ന്നു: ഈ സാഹചര്യത്തില്‍ ചിട്ടയില്ലാത്ത ജീവിതത്തിന് ഉടമകളായ ചെറുപ്പക്കാര്‍ പരാജയത്തിന്റെ വേദന മറക്കാനും അവര്‍ അനുഭവിക്കുന്ന അസ്തിത്വ പ്രതിസന്ധി മറികടക്കാനും എളുപ്പത്തില്‍ ആശ്രയിക്കുന്നത് മയക്കുമരുന്നുകളെയാണ്. മയക്കുമരുന്നു വിപത്തിനെ ചെറുക്കാനും തടയാനും ബദല്‍ സംസ്‌കാരിക മാതൃകകള്‍ പ്രോത്സാഹിപ്പിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. ഇതിനായി പുതിയ വിദ്യാഭ്യാസ, ചികിത്സ, പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ടോക്‌സിക്കോളജിസ്റ്റുകളുടെ സേവനം അഭ്യര്‍ത്ഥിച്ചുകൊണ്ട്, പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.