കാന്‍ഡി: ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി വീണ്ടുമൊരു ഇന്ത്യാ-പാക് പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു. മറ്റേതൊരു മല്‍സരത്തേക്കാളും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ ഉറ്റുനോക്കുന്ന മല്‍സരമാണ് എന്നും ഇന്ത്യാ-പാക് മല്‍സരം.
ഏഷ്യാകപ്പില്‍ സെപ്റ്റംബര്‍ 2 ശനിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു രണ്ടു മണി മുതല്‍ ശ്രീലങ്കയിലെ പല്ലേക്കലേ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മല്‍സരം. ഏറെ കാലത്തിനു ശേഷം ഇരു ടീമുകളും മാറ്റുരയ്ക്കുന്നതിനാല്‍ ഈ ഏഷ്യാകപ്പ് മല്‍സരം ആവേശം നിറഞ്ഞ ഒന്നാകുമെന്നാണ് വിലയിരുത്തല്‍.
കണക്കുകള്‍ ഇങ്ങനെ!
ഇതുവരെ 13 മല്‍സരങ്ങളിലാണ് ഇരുടീമും ഏഷ്യാകപ്പില്‍ മാറ്റുരച്ചത്. ഇതില്‍ 7 തവണ വിജയം ഇന്ത്യയുടെ കൈയില്‍ നിന്നപ്പോള്‍ അഞ്ചു മല്‍സരങ്ങളില്‍ പാക്കിസ്ഥാന്‍ വിജയിച്ചു. ഒരു മല്‍സരം ടൈയായി.
കഴിഞ്ഞ ഏഷ്യാകപ്പില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ പോരാട്ടത്തിന് ഇറങ്ങുന്നത്. ഈ രണ്ടു മല്‍സരത്തിലും അര്‍ധസെഞ്ചുറിയും സെഞ്ചുറിയും നേടിയ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ ഇന്ത്യയെ നയിക്കുമ്പോള്‍ ജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ ചിന്തിക്കുന്നില്ല.
രണ്ടു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അനുഭവസമ്പത്തും സാന്നിധ്യവും ടീമിനു മുന്‍തൂക്കം നല്‍കുന്നുണ്ട്.
വിരാട് കോലിയുടെ ബാറ്റിലും ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്നു. പാക്കിസ്ഥാനെതിരെ മികച്ച ആവറേജും സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. പാണ്ഡ്യ, ജഡേജ എന്നിവരുടെ ഓള്‍റൗണ്ട് മികവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമാകും.
2014നു ശേഷം ഇതുവരെ ഏഷ്യാകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാക്കിസ്ഥാനു സാധിച്ചിട്ടില്ല. അന്ന് അവസാന ഓവര്‍ വരെ നീണ്ട ആവേശപോരില്‍ ഷാഹിദ് അഫ്രീദിയുടെ ബാറ്റിംഗ് കരുത്തില്‍ ഒരു വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്‍ വിജയം തട്ടിയെടുത്തത്. അതിനു ശേഷം ഇതുവരെ ഇന്ത്യ ഏഷ്യാകപ്പില്‍ പാക്കിസ്ഥാനു മുന്നില്‍ അടിയറവു പറഞ്ഞിട്ടില്ല.
അതേ സമയം, ഇന്നു ലോകക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ടീമാണ് പാക്കിസ്ഥാന്‍. ബാബര്‍ അസം നയിക്കുന്ന ബാറ്റിംഗ് നിര ഏതു ലോകോത്തര ബോളര്‍മാരെയും തച്ചുതകര്‍ക്കാന്‍ കെല്‍പ്പുള്ളതാണ്. മികച്ച പേസ് നിരയും പാക്കിസ്ഥാനുണ്ട്.
പേസര്‍ ഷഹീന്‍ അഫ്രീദിയുടെ പരിക്ക് ടീമിനെ അലട്ടുന്നുണ്ട്. നേപ്പാളിനെതിരായ ആദ്യമല്‍സരത്തില്‍ ആദ്യ ഓവറില്‍ തന്നെ രണ്ടു വിക്കറ്റെടുത്തു ഞെട്ടിച്ച ഷഹീന്‍ അഫ്രീദിയുടെ പരിക്ക് പാക്കിസ്ഥാന്‍ ക്യാമ്പില്‍ ആശങ്കയ്ക്ക് ഇടനല്‍കുന്നു.
അതേ സമയം, ആദ്യ മല്‍സരത്തില്‍ തന്നെ സെഞ്ചുറി കണ്ടെത്തിയ നായകന്‍ ബാബര്‍ അസം, മെയ്ഡന്‍ സെഞ്ചുറി കണ്ടെത്തിയ ഇഫ്തിഖര്‍ അഹമ്മദ് എന്നിവര്‍ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. 238 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ആദ്യ മല്‍സരത്തില്‍ പാക്കിസ്ഥാന്‍ കുറിച്ചത്.
എന്തായാലും പാക്കിസ്ഥാനെതിരെ ആദ്യ മല്‍സരത്തിന് ഇറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞൊന്നുമായിരിക്കില്ല ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. വീണ്ടുമൊരിക്കല്‍ കൂടി വിരാട് കോലി രക്ഷകനാകുമോ? വിജയം കൈപ്പിടിയിലാക്കാന്‍ ടീം ഇന്ത്യയ്ക്കാകുമോ? കാത്തിരിക്കാം നല്ലൊരു പോരാട്ടത്തിനായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.