ജോഹന്നാസ്ബര്‍ഗില്‍ അഞ്ചുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; 63 പേര്‍ വെന്തുമരിച്ചു, 43 പേര്‍ക്ക് പരിക്ക്

ജോഹന്നാസ്ബര്‍ഗില്‍ അഞ്ചുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; 63 പേര്‍ വെന്തുമരിച്ചു, 43 പേര്‍ക്ക് പരിക്ക്

ജോഹന്നാസ്ബര്‍ഗ്: ജോഹന്നാസ്ബര്‍ഗില്‍ അഞ്ചുനില കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 63 പേര്‍ വെന്തുമരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. എല്ലാവരുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടില്‍ വ്യാഴാഴ്ച അര്‍ധരാത്രി 1.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്.

തീ നിയന്ത്രണവിധേയമായെന്ന് ജോഹന്നാസ്ബര്‍ഗിലെ അഗ്നിരക്ഷാ സേന അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് നിഗമനം. കുടുങ്ങി കിടക്കുന്നവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തില്‍ അനധികൃതമായിട്ടാണ് ആളുകളെ താമസിപ്പിച്ചിരുന്നതെന്നാണ് വിവരം. നഗരമധ്യത്തില്‍ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ അനധികൃതമായി കൈവശം വയ്ക്കുന്നത് വ്യാപകമാണ്. പലതും താമസക്കാരില്‍ നിന്ന് വാടക ഈടാക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെ നിയന്ത്രണത്തിലാണെന്നും പറയപ്പെടുന്നു.

ജോഹന്നാസ്ബര്‍ഗിന് ഇത് സങ്കടകരമായ ദിവസമാണ്. 20 വര്‍ഷത്തിലേറെയായി സേവനം അനുഷ്ടിക്കുന്നു. ഇത്തരമൊരു കാര്യം താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.