ലിബ്രെവില്ലെ: മധ്യ ആഫ്രിക്കന്‍ രാജ്യമായ ഗബോണില്‍ പട്ടാള അട്ടിമറിയെതുടര്‍ന്ന് പ്രസിഡന്റ് അലി ബോംഗോ ഒന്‍ഡിംബ വീട്ടുതടങ്കലില്‍. പുതിയ നേതാവായി ജനറല്‍ ബ്രൈസ് ഒലിഗുയി എന്‍ഗ്യുമയെ തിരഞ്ഞെടുത്തു. 64കാരനായ പ്രസിഡന്റും കുടുംബവും തങ്ങളുടെ തടവിലാണെന്ന് സൈന്യം അറിയിച്ചു. ജനങ്ങള്‍ തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തി.
സൈനികര്‍ക്കൊപ്പം ദേശീയ ഗാനം ആലപിച്ചാണ് തലസ്ഥാന നഗരമായ ലിബ്രെവില്ലെയില്‍ ജനങ്ങള്‍ ആഹ്ലാദ പ്രകടനം നടത്തിയത്. വര്‍ഷങ്ങളായി ഈ ഭരണം അവസാനിക്കാനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും സൈന്യത്തിന് നന്ദി പറയുന്നെന്നും ആഹ്ലാദ പ്രകടനത്തിന് എത്തിയവര്‍ പറഞ്ഞു.
ലിബ്രെവില്ലെയിലെ പ്രധാന തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. കപ്പലുകള്‍ക്ക് തീരം വിടാനുള്ള അനുമതി സൈന്യം റദ്ദാക്കി. റിപ്പബ്ലിക്കിലെ എല്ലാ സ്ഥാപനങ്ങളുടെയും ഭരണം പിരിച്ചുവിടാന്‍ സൈന്യം നിര്‍ദേശിച്ചു.
നൈജറില്‍ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തിന് പിന്നാലെയാണ് ഗബോണിലും പട്ടാള അട്ടിമറി നടന്നത്. നൈജറില്‍ സൈനിക നീക്കത്തിന് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ ഗബോണില്‍ ജനങ്ങള്‍ സൈന്യത്തിനൊപ്പമാണ് നില്‍ക്കുന്നത്.
എണ്ണ ഉല്‍പാദന രാജ്യമായ ഗബോണ്‍ നേരത്തേ ഫ്രഞ്ച് കോളനിയായിരുന്നു. 1967 മുതല്‍ 56 വര്‍ഷമായി പ്രസിഡന്റ് അലി ബോംഗോയുടെ കുടുംബമാണ് ഗബോണ്‍ ഭരിക്കുന്നത്. 14 വര്‍ഷം അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് അലി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ച ദിവസമാണ് അട്ടിമറി നടന്നത്.
ഗബോണില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വന്‍തോതില്‍ നിക്ഷേപമുണ്ട്. അതിനിടെ, ഗബോണിലെ തിരഞ്ഞെടുപ്പിനെ ബഹുമാനിക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു. അറ്റ്ലാന്റിക് തീരത്തുള്ള ഗബോണിന് വിശാലമായ പ്രകൃതി ദാതുക്കളാല്‍ നിറഞ്ഞ സംരക്ഷിത വനമേഖലയും തീരപ്രദേശവുമുണ്ട്.
മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളെ അപേക്ഷിച്ച്, ഗബോണിന്റെ വലിയ തോതിലുള്ള ആഭ്യന്തര സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നില്ല. ഓഗസ്റ്റ് മുതല്‍ കടുത്ത വിലക്കയറ്റത്തെ തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.