ഇന്ത്യ മുന്നണിക്ക് 13 അംഗ ഏകോപന സമിതി; സിപിഎമ്മില്‍ നിന്ന് പ്രതിനിധിയില്ല: സീറ്റ് ചര്‍ച്ച 30 നകം പൂര്‍ത്തിയാക്കും

ഇന്ത്യ മുന്നണിക്ക് 13 അംഗ ഏകോപന സമിതി; സിപിഎമ്മില്‍ നിന്ന് പ്രതിനിധിയില്ല: സീറ്റ് ചര്‍ച്ച 30 നകം പൂര്‍ത്തിയാക്കും

ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും ഏകോപന സമിതിയിലില്ല.

മുംബൈ: പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പതിമൂന്നംഗ സമിതിയെ തെരഞ്ഞെടുത്തു. ഏകോപന സമിതിയാവും മുന്നണിയുടെ ഉന്നത സംവിധാനം.

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റു പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങാനും സെപ്റ്റംബര്‍ 30ന് മുമ്പ് പൂര്‍ത്തിയാക്കാനും മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

കോണ്‍ഗ്രസില്‍ നിന്ന് കെ.സി വേണുഗോപാല്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, എന്‍സിപി നേതാവ് ശരദ് പവാര്‍, തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിന്‍, ആര്‍ജെഡിയില്‍ നേതാവ് തേജസ്വി യാദവ്, ടിഎംസിയുടെ അഭിഷേക് ബാനര്‍ജി, ശിവസേനയില്‍ നിന്ന് സഞ്ജയ് റാവത്ത് എന്നിവര്‍ സമിതി അംഗങ്ങളാണ്.

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ദ് സോറന്‍, എഎപിയില്‍ നിന്നുള്ള രാഘവ് ഛദ്ദ, സമാജ്വാദി പാര്‍ട്ടി നേതാവ് ജാവേദ് അലി ഖാന്‍, ജെഡിയുവിന്റെ ലല്ലന്‍ സിങ്, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല, പിഡിപിയില്‍ നിന്ന് മെഹ്ബൂബ മുഫ്തി എന്നവരാണ് മറ്റ് അംഗങ്ങള്‍. സമിതിയില്‍ സിപിഎം പ്രതിനിധി ഇല്ല. ഗാന്ധി കുടുംബത്തില്‍ നിന്നും ആരും ഏകോപന സമിതിയിലില്ല എന്ന പ്രത്യേകതയുമുണ്ട്.

ലോക്സഭാ സീറ്റ് പങ്കുവയ്ക്കലില്‍ ഏകോപന സമിതിയുടെ നേതൃത്വത്തിലാവും ചര്‍ച്ചകള്‍ നടത്തുക. മുന്നണിയുടെ ലോഗോ സംബന്ധിച്ച് ഇന്നു ചേര്‍ന്ന യോഗത്തില്‍ അന്തിമ തീരുമാനം ആയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.