ഖത്തറില്‍ കോവിഡിന്റെ പുതിയ വകഭേദം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

ഖത്തറില്‍ കോവിഡിന്റെ പുതിയ വകഭേദം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറില്‍ കോവിഡിന്റെ പുതിയ വകഭേദം 'ഇജി.5' (EG.5) സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഏതാനും കേസുകള്‍ സ്ഥിരീകരിച്ചതായി ഖത്തര്‍ പൊതുജനാരോഗ്യം മന്ത്രാലയം അറിയിച്ചു. പുതിയ വകഭേദം സ്ഥിരീകരിച്ചവരില്‍ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ സാഹചര്യങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കിയെന്നും അധികൃതര്‍ വെളിപ്പെടുത്തി. ഗുരുതര അണുബാധ പിടിപെടാന്‍ സാധ്യതയുള്ളവര്‍ മാസ്‌ക് ധരിക്കണമെന്നും തിരക്കേറിയ സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൂടാതെ, കൈകള്‍ വൃത്തിയായി സൂക്ഷിക്കുകയും മറ്റുള്ളവരുമായി സുരക്ഷിത അകലം പാലിക്കുകയും വേണം.

കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ പരിശോധനക്ക് വിധേയമായി ചികില്‍സ തേടണം. 60 വയസിന് മുകളിലുള്ളവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍ എന്നിവരിലാണ് രോഗം പിടിപെടാന്‍ സാധ്യത കൂടുതലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം ആദ്യമാണ് കോവിഡിന്റെ പുതിയ വകഭേദമായ ഇജി.5 സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.

നിലവില്‍ ഗള്‍ഫ് മേഖലയിലുള്‍പ്പടെ 50 രാജ്യങ്ങളിലാണ് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. ചൈന, യുഎസ്, കൊറിയ, ജപ്പാന്‍, കാനഡ, ഓസ്ട്രേലിയ, സിംഗപ്പൂര്‍, യുകെ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഇജി.5 സ്ഥിരീകരിച്ചിട്ടുണ്ട്.

ഇജി.5ന് പുറമെ ബിഎ 2.86 എന്ന വകഭേദം യുഎസ്, ഇംഗ്ലണ്ട്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണ്‍ പോലെ പുതിയ രണ്ടു വകഭേദങ്ങളും ഗുരുതര ലക്ഷണങ്ങള്‍ക്കോ രോഗാവസ്ഥയ്ക്കോ ഇടയാക്കുന്നതിന് ഇതുവരെ തെളിവില്ലെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.