ഫ്‌ളോറിഡയിലെ പ്രതികൂല കാലാവസ്ഥ; യു.എ.ഇ ബഹിരാകാശ സഞ്ചാരി നെയാദിയുടെ ഭൂമിയിലേക്കുള്ള മടക്കം നീട്ടിവച്ചു

ഫ്‌ളോറിഡയിലെ പ്രതികൂല കാലാവസ്ഥ; യു.എ.ഇ ബഹിരാകാശ സഞ്ചാരി നെയാദിയുടെ  ഭൂമിയിലേക്കുള്ള മടക്കം നീട്ടിവച്ചു

ദുബായ്: ആറ് മാസം നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയ യു.എ.ഇ ശാസ്ത്രജ്ഞന്‍ സുല്‍ത്താന്‍ അല്‍ നെയാദി അടങ്ങുന്ന നാലംഗ സംഘത്തിന്റെ ഭൂമിയിലേക്കുള്ള യാത്ര മാറ്റി വച്ചു. ഫ്‌ളോറിഡ തീരത്ത് മോശം കാലാവസ്ഥയെ തുടര്‍ന്നാണ് മടക്കയാത്ര മാറ്റി വച്ചതെന്ന് നാസ അറിയിച്ചു. കാലാവസ്ഥ അനുകൂലമായാല്‍ സംഘം ഞായറാഴ്ച ഭൂമിയിലേക്ക് മടങ്ങും. തിങ്കളാഴ്ചയാകും ഭൂമിയിലെത്തുക.

ശനിയാഴ്ച യാത്ര തിരിച്ച് ഞായറാഴ്ച ഭൂമിയിലെത്തുന്ന വിധത്തിലാണ് നേരത്തെ യാത്ര ക്രമീകരിച്ചിരുന്നത്. മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിരുന്നു. അല്‍ നെയാദിയും സംഘവും സഹപ്രവര്‍ത്തകരോട് യാത്ര പറയുന്നതിന്റെ ദൃശ്യങ്ങളും നാസ പുറത്തുവിട്ടിരുന്നു. ഇതിന് ശേഷമാണ് അപ്രതീക്ഷിതമായി മടക്കയാത്ര മാറ്റി വയ്‌ക്കേണ്ടി വന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ബഹിരാകാശത്ത് നിന്നുള്ള കൂടുതല്‍ ചിത്രങ്ങളും ദൃശ്യങ്ങളും നെയാദി പങ്കുവെച്ചിരുന്നു. ബഹിരാകാശ നിലയത്തില്‍ ബാലന്‍സ് നഷ്ടപ്പെട്ട് പറന്നു നടക്കുന്നതും ആഹാരം കഴിക്കുന്നതും ഉള്‍പ്പടെയുള്ള ദൃശ്യങ്ങളാണ് നെയാദി സമൂഹ മാധ്യമമായ എക്സിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ആറ് മാസത്തെ ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി നെയാദി യു.എ.ഇയില്‍ എത്തുമ്പോള്‍ അവിസ്മരണീയ സ്വീകരണം ഒരുക്കാനുളള തയ്യാറെടുപ്പുകളാണ് മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. ബഹിരാകാശ നിലത്തില്‍ ഇരുന്നൂറോളം പരീക്ഷണങ്ങളിലാണ് അല്‍ നെയാദി പങ്കാളിയായത്. ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് ചെലവഴിച്ച, സ്‌പേസ് വോക്ക് നടത്തിയ ആദ്യ അറബ് പൗരന്‍ എന്നീ നേട്ടങ്ങള്‍ കൂടി സ്വന്തമാക്കിയാണ് നെയാദി ഭൂമിയില്‍ തിരിച്ചെത്തുന്നത്.

അല്‍ നെയാദി ഉള്‍പ്പെട്ട നാലംഗ ക്രൂ-6 സംഘം കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ബഹിരാകാശ നിലയത്തില്‍ എത്തിയത്. ക്രൂ-6ന് പൂര്‍ത്തിയാക്കാനാവാത്ത ജോലികള്‍ കഴിഞ്ഞ ദിവസം ബഹിരാകാശ നിലയത്തില്‍ എത്തിയ ക്രൂ-7നെ ഏല്‍പിച്ചാണ് സംഘം ഭൂമിയിലേക്ക് മടങ്ങുക.
ക്രൂ-6ല്‍ നെയാദിക്കൊപ്പം ഉണ്ടായിരുന്ന സ്റ്റീഫന്‍ ബോവന്‍, വാറന്‍ ഹോബര്‍ഗ് (യുഎസ്), ആന്ദ്രേ ഫെഡ് യാവേവ് (റഷ്യ) എന്നിവരും ഭൂമിയിലേക്കു മടങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.