സിംഗപ്പൂരിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജനായ തര്‍മന്‍ ഷണ്മുഖരത്‌നം; പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം

സിംഗപ്പൂരിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജനായ തര്‍മന്‍ ഷണ്മുഖരത്‌നം; പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം

സിംഗപ്പൂര്‍: സിംഗപ്പൂരിന്റെ ഒമ്പതാമത്തെ പ്രസിഡന്റായി ഇന്ത്യന്‍ വംശജന്‍ തര്‍മന്‍ ഷണ്‍മുഖരത്‌നത്തെ (66) തിരഞ്ഞെടുത്തു. രാജ്യത്തെ മുന്‍ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമാണ്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ 70.40 ശതമാനം വോട്ടോടെയാണ് ഇദ്ദേഹത്തിന്റെ വിജയം. നങ് കോക് സോങ് (15.72%), ടാന്‍ കിന്‍ ലിയാന്‍ (13.88%) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ത്ഥികള്‍. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനാണ് തമിഴ് വേരുകളുള്ള തര്‍മന്‍ ഷണ്‍മുഖരത്‌നം.

2017 മുതല്‍ അധികാരത്തില്‍ തുടരുന്ന പ്രസിഡന്റ് ഹലിമ യാക്കൂബിന്റെ കാലാവധി സെപ്റ്റംബര്‍ 13-ന് പൂര്‍ത്തിയാകും. ഈ സാഹചര്യത്തിലാണ് ഷണ്മുഖരത്‌നം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് റിട്ടേണിങ് ഓഫീസര്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്.

സിംഗപ്പൂര്‍ ജനതയ്ക്ക് വേണ്ടി ഇത്രയും വലിയ ഒരു പദവി വഹിക്കാന്‍ ഭാഗ്യം ലഭിച്ചത് അഭിമാനമാണെന്ന് തിരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിക്കപ്പെട്ട ഷണ്മുഖരത്‌നം പറഞ്ഞു. ശുഭാപ്തിവിശ്വാസത്തോടെ രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് വേണ്ടി പ്രയത്‌നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി നേതാവായിരുന്ന തര്‍മന്‍ ഷണ്മുഖരത്‌നം പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടി അംഗത്വം പാടില്ലെന്നാണ് സിംഗപ്പൂരിലെ നിയമം. 1959 മുതല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പാര്‍ട്ടിയാണ് പി.എ.പി. ഉപപ്രധാനമന്ത്രി ആകുന്നതിന് മുന്‍പ് സിംഗപ്പൂരിന്റെ ധനകാര്യ മന്ത്രിയായും ഷണ്മുഖരത്‌നം പ്രവര്‍ത്തിച്ചിട്ടുണ്ട്.

തമിഴ് വംശജനായ സെല്ലപ്പന്‍ രാമനാഥന്‍ (1999-2011), മലയാളി സി.വി. ദേവന്‍ നായര്‍ (1981-1985) എന്നിവര്‍ക്ക് ശേഷം സിംഗപ്പൂരിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്ന ഇന്ത്യന്‍ വംശജനാണ് ഷണ്‍മുഖരത്‌നം. നിലവിലെ പ്രസിഡന്റായ ഹലിമ യാക്കൂബിന്റെ പിതാവും ഇന്ത്യന്‍ വംശജനാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.