നിമിഷങ്ങള്‍കൊണ്ട് ലണ്ടനെ തുടച്ചുനീക്കാന്‍ ശേഷി; 'സാത്താന്‍-2' ഭൂഖണ്ഡാന്തര ആണവ മിസൈല്‍ യുദ്ധസജ്ജമാക്കി റഷ്യ

നിമിഷങ്ങള്‍കൊണ്ട് ലണ്ടനെ തുടച്ചുനീക്കാന്‍ ശേഷി; 'സാത്താന്‍-2' ഭൂഖണ്ഡാന്തര ആണവ മിസൈല്‍ യുദ്ധസജ്ജമാക്കി റഷ്യ

മോസ്‌കോ: സാത്താന്‍-2: പേരു സൂചിപ്പിക്കുന്നതു പോലെ മനുഷ്യരാശിയുടെ നാശത്തിനു കാരണമാകുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സംവിധാനം പ്രവര്‍ത്തന സജ്ജമാക്കി റഷ്യ. യുദ്ധഭൂമിയായ ഉക്രെയ്‌നും പാശ്ചാത്യ രാജ്യങ്ങള്‍ക്കും വലിയ ആശങ്ക സൃഷ്ടിച്ചുകൊണ്ടാണ് അത്യാധുനിക ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ മോസ്‌കോയില്‍ എത്തിച്ചത്. ലണ്ടന്‍ നഗരത്തെ തുടച്ചുനീക്കാന്‍ ഈ ആണവ മിസൈലിന് കേവലം ആറു മിനിറ്റ് മതിയെന്നാണ് കരുതുന്നത്.

ആണവായുധ ശേഷിയുള്ള ഈ അത്യാധുനിക മിസൈലിന്റെ പ്രഹരശേഷി റഷ്യയുടെ ശത്രുക്കളെ അവരുടെ ഭീഷണികളെക്കുറിച്ച് രണ്ടുവട്ടം ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. അത്യാധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ മോസ്‌കോയില്‍ എത്തിച്ചതായി രാജ്യത്തിന്റെ ബഹിരാകാശ ഏജന്‍സിയുടെ തലവനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ തലവന്‍ യൂറി ബോറിസോവ് പുറത്തു വിട്ട വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 200 ടണ്ണിലധികം ഭാരമുള്ള സര്‍മാറ്റ് മിസൈലുകള്‍ 'യുദ്ധ മേഖലയിലെ ചുമതല ഏറ്റെടുത്തിട്ടുണ്ട്' എന്നാണ് റഷ്യന്‍ സര്‍ക്കാര്‍ നടത്തുന്ന ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

'വിദഗ്ധരുടെ കണക്കനുസരിച്ച്, ഉത്തര, ദക്ഷിണ ധ്രുവങ്ങളിലും ലോകമെമ്പാടുമുള്ള ഏത് സ്ഥലത്തും 10 ടണ്‍ വരെ ഭാരമുള്ള ആണവായുധങ്ങളെ എത്തിക്കാന്‍ ഈ മിസൈലുകള്‍ക്കാകും. റഷ്യ സര്‍മാറ്റിനെ യുദ്ധസജ്ജമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ തനിക്ക് കഴിയില്ലെന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി വെള്ളിയാഴ്ച പറഞ്ഞു.

റഷ്യയുടെ ആയുധപ്പുരയിലെ നിരവധി നൂതന ആയുധങ്ങളിലൊന്നായ സര്‍മാറ്റ് യുദ്ധ മുന്നണിയില്‍ ഉടന്‍ വിന്യാസത്തിന് തയ്യാറാകുമെന്ന് പുടിന്‍ നേരത്തെ തന്നെ ഭീഷണി മുഴക്കിയിരുന്നു. പാശ്ചാത്യ മാധ്യമങ്ങളാണ് ഇതിനെ 'സാത്താന്‍ കക' എന്നാണ് വിശേഷിപ്പച്ചത്.

സാത്താന്‍ 2 എന്ന് വിശേഷിപ്പിക്കപ്പെടുന്ന മിസൈല്‍ ലോകത്തിലെ ദൈര്‍ഘ്യമേറിയ ലക്ഷ്യങ്ങളെ നശിപ്പിക്കുന്ന ദീര്‍ഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായാണ് കരുതുന്നത്. 11,200 മൈല്‍ അകലെയുള്ള ലക്ഷ്യത്തിലേക്ക് മിസൈല്‍ എത്തിച്ചേരും. ഇതോടെ ബ്രിട്ടനും ഫ്രാന്‍സും അേമരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അനായാസ ലക്ഷ്യങ്ങളായി മാറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.