പറന്നു പൊങ്ങി ചന്ദ്രയാൻ ലാൻഡർ; വീണ്ടും സുരക്ഷിത ലാൻഡിങ്: പരീക്ഷണം വിജയമെന്ന് ഐ.എസ്.ആർ.ഒ

പറന്നു പൊങ്ങി ചന്ദ്രയാൻ ലാൻഡർ; വീണ്ടും സുരക്ഷിത ലാൻഡിങ്: പരീക്ഷണം വിജയമെന്ന് ഐ.എസ്.ആർ.ഒ

ബെംഗളുരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 3 ന്റെ വിക്രം ലാൻഡർ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്നും അന്തരീക്ഷത്തിൽ ഉയരുകയും വീണ്ടും സോഫ്റ്റ് ലാൻഡ് നടത്തുകയും ചെയ്തുവെന്ന് ഐ.എസ്.ആർ.ഒ. ഭൂമിയിൽ നിന്ന് നിർദേശം നൽകിയാണ് ലാൻഡറിനെ ഏകദേശം 40 സെന്റീമീറ്റർ ഉയർത്തിയത്. 30-40 സെന്റീമീറ്റർ അകലത്തിൽ മറ്റൊരിടത്ത് സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്യുകയും ചെയ്തു.

ഹോപ്പ് എക്‌സ്പിരിമെന്റ് എന്ന് വിളിക്കുന്ന ഈ പരീക്ഷണം വിജയകരമായതായി ഐ.എസ്.ആർ.ഒ എക്‌സിൽ പോസ്റ്റ് ചെയ്തു. ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. വിക്രത്തെ വീണ്ടും ചലിപ്പിക്കാനുള്ള ശ്രമം വിജയകരമായി പൂർത്തീകരിച്ചു. എല്ലാ സംവിധാനങ്ങളും കൃത്യമായി പ്രവർത്തിച്ചു. ലാൻഡിങ് സമയത്ത് നിവർത്തിയ റാംപ്, ചാസ്തേ ഇൽസ എന്നീ പേലോഡുകൾ മടക്കി വിക്രത്തെ ചന്ദ്രോപരിതലത്തിൽനിന്ന് വിജയകരമായി ഉയർത്തി ലാൻഡ് ചെയ്യിച്ചശേഷം പുനർവിന്യസിച്ചെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

ഓഗസ്റ്റ് 23 നാണ് വിക്രം ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തത്. തുടർന്ന് ലാൻഡറിൽനിന്ന് പുറത്തിറങ്ങിയ പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ചുറ്റിനടന്ന് പര്യവേഷണം നടത്തി. ചന്ദ്രന്റെ ഉപരിതലത്തിൽ സൾഫറിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതടക്കമുള്ള നിർണായക കണ്ടെത്തലുകൾ നടത്താൻ റോവറിനായി.

12 ദിവസം നീണ്ട പര്യവഷേണത്തിനു ശേഷം പ്രഗ്യാൻ റോവറിനെ സുരക്ഷിതമായി പാർക്ക് ചെയ്ത് സ്‌ളീപ്പ് മോഡിലേക്ക് മാറ്റിയതായി ഇന്നലെ ഐഎസ്ആർഒ അറിയിച്ചിരുന്നു. ഭൂമിയിലെ പതിനാല് ദിനരാത്രങ്ങൾ കഴിഞ്ഞ് സെപ്റ്റംബർ 22ന് വീണ്ടും ചന്ദ്രനിൽ സൂര്യനുദിക്കുമ്പോൾ റോവർ പ്രവർത്തിപ്പി ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ. ഇത് സാധിച്ചില്ലെങ്കിൽ പ്രഗ്യാന്റെ പ്രവർത്തനം എന്നെന്നേക്കുമായി നിലയ്ക്കും. പൂർണ്ണ വിജയമായ ചന്ദ്രയാൻ 1നും പാതി വിജയമായ ചന്ദ്രയാൻ 2നുമൊപ്പം ചന്ദ്രയാൻ 3ഉം ISRO യുടെ അഭിമാനമായി ചരിത്രത്തിൽ സ്ഥാനം പിടിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.