ഖത്തറിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്; രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാര്‍

ഖത്തറിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്; രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാര്‍

ദോഹ: ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയായ ഖത്തറിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. ഈ വര്‍ഷം ഖത്തര്‍ സന്ദര്‍ശിച്ചത് 25.6 ലക്ഷം ലോകസഞ്ചാരികളാണ്. 2023 ജനുവരി മുതല്‍ ഓഗസ്റ്റ് 25 വരെയുള്ള ആദ്യ എട്ട് മാസങ്ങളിലെ കണക്കാണിത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 157 ശതമാനം വര്‍ധനയാണ് സന്ദര്‍ശകരുടെ കാര്യത്തിലുണ്ടായിരിക്കുന്നത്. ലോകത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഖത്തറും ഇടംപിടിക്കുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എട്ട് മാസത്തിനിടെ ഖത്തറിലെത്തിയ ടൂറിസ്റ്റുകളില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ സൗദിയില്‍ നിന്നാണ്. ജര്‍മനി, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നാണ് തുടര്‍ന്ന് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ ലഭിച്ചത്. കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍, യു.കെ, യു.എ.ഇ, പാകിസ്ഥാന്‍ എന്നിവയാണ് മൂന്നു മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്.

2022 ലെ മൊത്തം സന്ദര്‍ശകരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് കഴിഞ്ഞ എട്ട് മാസത്തിനിടെ ലഭിച്ചതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി (ക്യുഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശകരുടെ എണ്ണത്തിലെ ഈ ഗണ്യമായ വളര്‍ച്ച, ലോകത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ ഉയര്‍ച്ചയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇതിന് വഴിയൊരുക്കിയത് 2022-ലെ ഫിഫ ഫുട്ബോള്‍ ലോകകപ്പ് മല്‍സരമാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ളവരും ഫുട്ബോള്‍ മല്‍സരം കാണാന്‍ ഖത്തറിലെത്തിയിരുന്നു. മാത്രമല്ല, അന്ന് നിര്‍മിച്ച സ്റ്റേഡിയങ്ങളില്‍ ചിലത് ഖത്തര്‍ ഇപ്പോഴും മറ്റു മല്‍സരങ്ങളായി ഉപയോഗിക്കുന്നുണ്ട്.

ലോകകപ്പിനു ശേഷമുള്ള ആറ് മാസത്തിനിടെ 20 ലക്ഷം വിദേശ ടൂറിസ്റ്റുകളെത്തി. ഇതിലും ഇന്ത്യക്കാരാണ് രണ്ടാം സ്ഥാനത്ത്. ചരിത്രവിജയമായി മാറിയ ലോകകപ്പ് സംഘാടനത്തിന് ശേഷം ഖത്തര്‍ ടൂറിസം 347 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.