വാഷിംഗ്ടൺ ഡിസി: 2020 ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് പരാജയപ്പെട്ടതിന് പിന്നാലെ അമേരിക്കയിലെ കാപിറ്റോൾ മന്ദിരം ആക്രമിക്കപ്പെട്ട കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ 'പ്രൗഡ് ബോയ്സ്' മുൻ നേതാവിന് 22 വർഷം തടവ് ശിക്ഷ. ട്രംപിനെ അധികാരത്തിൽ നിലനിർത്താനായി ഗൂഢാലോചനയിൽ പങ്കെടുത്തതിനാണ് എൻറിക് ടാരിയോയ്ക്ക് തടവ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂട്ടർമാർ 33 വർഷം തടവ് ആവശ്യപ്പെട്ടെങ്കിലും ജഡ്ജി എതിർക്കുകയായിരുന്നു.
ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെയുള്ള ഏറ്റവും നീണ്ട ശിക്ഷയാണ് എൻറിക്കിന് വിധിച്ചത്. 2021 ലെ യു.എസ്. കാപ്പിറ്റോൾ കലാപത്തിൽ സജീവമായ പങ്കെടുത്ത സംഘമാണ് പ്രൗഡ് ബോയ്സ്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാലാൾപ്പടയെന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്. നാലുമാസം നീണ്ട വിചാരണയ്ക്കൊടുവിലാണ് സംഘത്തിലെ ജോസഫ് ബിഗ്സ്, ഏഥൻ നോർഡീൻ, സക്കറി റേൽ, എൻറിക് ടാരിയോ എന്നിവർക്കെതിരെ കുറ്റം തെളിയിക്കപ്പെട്ടത്.
അനധികൃതമായി സംഘംചേർന്നു, സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നതുൾപ്പെടെയുള്ള കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തി. ഇവരടങ്ങുന്ന സംഘമാണ് പൊലീസ് വിലക്കുകൾ ലംഘിച്ച് ആദ്യം കാപ്പിറ്റോളിലേക്ക് അതിക്രമിച്ച് കയറിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അപൂർവമായി മാത്രം ചുമത്തുന്ന രാജ്യദ്രോഹ ഗൂഢാലോചനയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
വാഷിങ്ടണിലെ കോടതിയിൽ നടത്തിയ പരാമർശത്തിൽ ജനുവരി ആറിലെ സംഭവങ്ങളിൽ താൻ ഖേദിക്കുന്നുവെന്നും ആക്രമണത്തെ ചെറുക്കുന്നതിൽ പോലീസ് ഉദ്യോഗസ്ഥരുടെ ധീരതയെ അഭിനന്ദിക്കുന്നുവെന്നും എൻറിക് പറഞ്ഞിരുന്നു. ട്രംപ് ജോ ബൈഡനോട് തോറ്റുവെന്ന് ഇപ്പോൾ തനിക്ക് മനസിലാകുന്നുണ്ടെന്നും സ്വാതന്ത്ര്യത്തിനെതിരായ പ്രവർത്തനങ്ങൾക്ക് സ്വയം കുറ്റപ്പെടുത്തുന്നുവെന്നും എൻറിക് വ്യക്തമാക്കി. തന്നോട് ദയ കാട്ടണമെന്നും ശിക്ഷിക്കരുതെന്നും ആവശ്യപ്പെട്ടു.
സമാധാനപരമായി അധികാരം കൈമാറുന്ന രാജ്യത്തിന്റെ പാരമ്പര്യമാണ് ക്യാപിറ്റോൾ ആക്രമണത്തിൽ തകർന്നതെന്നും തിരിച്ചുകൊണ്ടുവരാൻ സമയവും വലിയ രീതിയിലുള്ള പരിശ്രമവും ആവശ്യമാണെന്നും ജഡ്ജി തിമോത്തി കെല്ലി അഭിപ്രായപ്പെട്ടു. ഇനി ഇത്തരത്തിലൊരു ആക്രമണം രാജ്യത്തുണ്ടാകാൻ പാടില്ലെന്നും, ശിക്ഷിക്കപ്പെട്ടതിൽ എൻറിക്കിന് പശ്ചാത്താപമുണ്ടെന്ന് തോന്നുന്നില്ലെന്നും ജഡ്ജി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.