നിരോധിച്ചിട്ടും ക്ലാസില്‍ 'അബായ' ധരിച്ചെത്തി; വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിപ്പിക്കാതെ ഫ്രഞ്ച് സ്‌കൂളുകള്‍

നിരോധിച്ചിട്ടും ക്ലാസില്‍ 'അബായ' ധരിച്ചെത്തി; വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിപ്പിക്കാതെ ഫ്രഞ്ച് സ്‌കൂളുകള്‍

പാരിസ്: നിരോധനം ഏര്‍പ്പെടുത്തിയിട്ടും 'അബായ' ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ച് ഫ്രാന്‍സിലെ സര്‍ക്കാര്‍ നിയന്ത്രിത സ്‌കൂളുകള്‍. ശരീരം മുഴുവന്‍ മൂടുന്ന, ഇസ്ലാം മത വസ്ത്രമായ അബായ ധരിച്ച് മുന്നൂറോളം പെണ്‍കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് എത്തിയതെന്നും പുതിയ വസ്ത്രധാരണ നിയമങ്ങള്‍ അറിയിച്ചതോടെ ഇവരില്‍ ഭൂരിഭാഗം പേരും ഇത് അനുസരിച്ചെന്നും ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേല്‍ അത്തല്‍ അറിയിച്ചു.

അബായ മാറ്റാന്‍ വിസമ്മതിച്ച 67 കുട്ടികളെ വീട്ടിലേക്ക് തിരിച്ചയച്ചെന്നും അത്തല്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ്, പുതിയ അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ അബായ വിലക്കുന്നതായുള്ള ഉത്തരവ് ഫ്രഞ്ച് സര്‍ക്കാര്‍ പുറത്തിറക്കിയത്. അബായ വിലക്കിയുള്ള ഉത്തരവ് പുറത്തുവന്നതിന് ശേഷമുള്ള ആദ്യ സ്‌കൂള്‍ ദിനം ഇന്നലെയായിരുന്നു.

വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിരിക്കേണ്ട മതേതരത്വത്തിന് എതിരാണ് ഇത്തരം വസ്ത്രങ്ങളെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. ഒരു ക്ലാസ് മുറിയിലേക്ക് ചെല്ലുമ്പോള്‍ വിദ്യാര്‍ഥികളെ അവരുടെ മതം കൊണ്ടല്ല തിരിച്ചറിയേണ്ടതെന്നും അബായ ധരിച്ച് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തരുതെന്നും നേരത്തെ ടി.എഫ്. വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ അത്തല്‍ പറഞ്ഞിരുന്നു. മുസ്ലിം വിദ്യാര്‍ഥിനികള്‍ അബായ ധരിക്കുന്നതിനെതിരെ വലതുപക്ഷ സംഘടനകള്‍ നേരത്തെ പ്രതിഷേധമുയര്‍ത്തിയിരുന്നു.

സ്‌കൂളുകളില്‍ വലിയ കുരിശുകള്‍, ജൂത തൊപ്പി, ഇസ്ലാമിക രീതിയിലുള്ള ശിരോ വസ്ത്രങ്ങള്‍ എന്നിവ ധരിക്കുന്നതിനും വിലക്കുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.