ടോക്യോ: ഇന്ത്യയുടെ ചന്ദ്രയാന് പിന്നാലെ ജപ്പാന്റെ ആദ്യ ചാന്ദ്ര ദൗത്യ വിക്ഷേപണം വിജയം. നാലു മാസത്തെ യാത്രയ്ക്ക് ശേഷമാകും സ്മാര്‍ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് മൂണ്‍ അഥവാ സ്ലിം എന്ന ബഹിരാകാശ പേടകം ചന്ദ്രന്റെ ഉപരിതലത്തില്‍ എത്തുക. ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ജപ്പാന്‍ എയറോസ്പെസ് എക്സ്പ്ലോറേഷന്‍ ഏജന്‍സി(ജാക്സ)യാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്.
തെക്കന്‍ ജപ്പാനിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് കഴിഞ്ഞ മാസത്തില്‍ ഒരാഴ്ചയ്ക്കിടെ തന്നെ മൂന്ന് തവണയാണ് വിക്ഷേപണം മാറ്റിവയ്ക്കേണ്ടി വന്നത്. 200 കിലോഗ്രാമാണ് സ്ലിം പേടകത്തിന്റെ ഭാരം.
പ്രത്യേകം തിരഞ്ഞെടുത്ത മേഖലയില്‍ തന്നെ കൃത്യമായി ലാന്‍ഡ് ചെയ്യുതിനുള്ള സാങ്കേതികവിദ്യ പരീക്ഷിക്കുകയാണ് ദൗത്യത്തിന്റെ മുഖ്യലക്ഷ്യം. ചന്ദ്രനില്‍ എളുപ്പമുള്ള സ്ഥലത്ത് ഇറങ്ങുന്നതിന് പകരം എവിടെ വേണമെങ്കിലും ഇറങ്ങാനാകുന്ന 'പിന്‍ പോയിന്റ്' ലാന്‍ഡിങ് സാങ്കേതിക വിദ്യയാണ് ജപ്പാന്‍ പരീക്ഷിക്കുന്നത്. തിരഞ്ഞെടുത്ത സ്ഥലത്തിന് 100 മീറ്റര്‍ പരിധിയില്‍ പേടകം ഇറക്കാനാണ് ശ്രമിക്കുക. ഈ ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ മറ്റ് ഗ്രഹങ്ങളിലും ലാന്‍ഡിങ് സാധ്യമാകുമെന്നാണ് ജപ്പാന്‍ അവകാശപ്പെടുന്നത്.
ഷിയോലി എ ഒരു ചെറിയ ഗര്‍ത്തത്തിനരികിലുള്ള ചരിഞ്ഞ പ്രദേശത്താണ് ജപ്പാന്‍ സ്ലിം പേടകം ഇറക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം 15 ഡിഗ്രിയോളം ചെരിവുള്ളതാണ് ഈ പ്രദേശം. ഇങ്ങനെ ചെരിഞ്ഞ സ്ഥലത്ത് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന രീതി ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണെന്ന് ജാക്‌സ പറഞ്ഞു.
അതേസമയം, ലാന്‍ഡറിന്റെ വിക്ഷേപണം വിജയമായതില്‍ ജാക്‌സയ്ക്ക് അഭിനന്ദനങ്ങളിയിച്ച് ഐഎസ്ആര്‍ഒയും രംഗത്തെത്തി. ആഗോള ബഹിരാകാശ സമൂഹത്തിന്റെ മറ്റൊരു വിജയകരമായ ചാന്ദ്ര ഉദ്യമത്തിന് ആശംസകള്‍ എന്നാണ് ഐ.എസ്.ആര്‍.ഒ സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.