ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കണ്ണുകള്‍ കോവിഡ് ചികിത്സയ്ക്ക് ശേഷം നീല നിറമായി മാറിയതായി റിപ്പോര്‍ട്ട്. തവിട്ടു നിറത്തിലുള്ള കണ്ണുകള്‍ക്കാണ് നിറംമാറ്റം സംഭവിച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രോണ്ടിയേഴ്‌സ് ഇന്‍ പീഡിയാട്രിക്‌സ് എന്ന മെഡിക്കല്‍ ജേണലിലാണ് ഇതും സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിക്കുന്നത്. മൂന്നു ദിവസമായി ഫാവിപിരാവിര്‍ മരുന്നാണ് കുട്ടിക്ക് നല്‍കിയിരുന്നത്. എന്നാല്‍ മരുന്ന് കഴിച്ച് 18 മണിക്കൂറിനുള്ളില്‍ കുഞ്ഞിന്റെ കണ്ണുകളുടെ നിറം മാറുകയായിരുന്നു. നിറവ്യത്യാസം നിരീക്ഷിച്ചതിന് ശേഷം ചികിത്സ നിര്‍ത്താന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ഫാവിപിരാവിര്‍ നിര്‍ത്തി അഞ്ച് ദിവസത്തിന് ശേഷം കണ്ണുകളുടെ നിറം പഴയപോലെ തവിട്ടുനിറമാവുകയും ചെയ്തു.
'ചര്‍മ്മം, നഖങ്ങള്‍ തുടങ്ങിയ മറ്റ് ഭാഗങ്ങളില്‍ നീലകലര്‍ന്ന നിറവ്യത്യാസം കണ്ടില്ല. ഫാവിപിരാവിര്‍ മൂലമുണ്ടാകുന്ന കോര്‍ണിയയുടെ നിറവ്യത്യാസം കാരണം ഗുളിക നിര്‍ത്താന്‍ ശിശുരോഗ വിദഗ്ധന്‍ ഉപദേശിച്ചു. മരുന്ന് നിര്‍ത്തിയതിന് ശേഷം അഞ്ചാം ദിവസം കോര്‍ണിയയുടെ നിറം സാധാരണ പോലെയായി' - മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
2021ല്‍ ഇന്ത്യയിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫാവിപിരാവിര്‍ ചികിത്സയുടെ ഭാഗമായി ഇരുപതുകാരന്റെ കടുത്ത ബ്രൗണ്‍ നിറമുള്ള കണ്ണുകള്‍ ഇളം നീലയായി മാറിയിരുന്നു. 2022-ല്‍ തായ് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ഫാവിപിരാവിര്‍ നേരിയതോ മിതമായതോ ആയ കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്ന കുട്ടികള്‍ക്ക് മാത്രമേ നല്‍കാവൂ എന്നാണ് നിര്‍ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.