ജി 20 ഉച്ചകോടിയ്ക്ക് നാളെ തുടക്കം; ബൈഡന്‍-മോഡി കൂടിക്കാഴ്ച ഇന്ന് ഹൈദരാബാദ് ഹൗസില്‍

ജി 20 ഉച്ചകോടിയ്ക്ക് നാളെ തുടക്കം; ബൈഡന്‍-മോഡി കൂടിക്കാഴ്ച ഇന്ന് ഹൈദരാബാദ് ഹൗസില്‍

ന്യൂഡല്‍ഹി: ഇന്ത്യ അധ്യക്ഷത വഹിക്കുന്ന പതിനെട്ടാമത് ജി 20 ഉച്ചകോടിയ്ക്ക് നാളെ തുടക്കം. ഡല്‍ഹിയിലെ പ്രഗതി മൈതാനത്തില്‍ പണിതുയര്‍ത്തിയ ഭാരത് മണ്ഡപത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ഉച്ചകോടിയില്‍ 20 അംഗരാജ്യങ്ങള്‍, ക്ഷണിതാക്കളായ എട്ട് രാജ്യങ്ങള്‍, 14 ലോകസംഘടനകള്‍ എന്നിവയുടെ മേധാവികള്‍ പങ്കെടുക്കും. ശനിയാഴ്ച വിശിഷ്ടാതിഥികള്‍ക്കായി രാഷ്ട്രപതി ദ്രൗപദി മുര്‍മു അത്താഴവിരുന്ന് നല്‍കും.

യോഗത്തില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ എത്തും. ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. ചെറുകിട മോഡുലാര്‍ ആണവ റിയാക്ടറുകള്‍ക്കായി ധാരണാപത്രം, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അക്കാഡമിക് പ്രോഗ്രാം, ഡ്രോണുകള്‍, ജെറ്റ് എന്‍ജിനുകള്‍ എന്നിവ വാങ്ങുന്നതിനുള്ള ഇടപാടുകള്‍, ഉക്രെയിനിന് സംയുക്ത സഹായം, ഇന്ത്യക്കാര്‍ക്കായി ഉദാരമായ വിസ നയം, ഇരുരാജ്യങ്ങളിലും പുതിയ കോണ്‍സുലേറ്റുകള്‍ തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയ്‌ക്കെത്തുന്നത്.

പ്രധാന ഉച്ചകോടിക്കു പുറമേ ആഗോള അടിസ്ഥാന സൗകര്യം, നിക്ഷേപം എന്നിവ സംബന്ധിച്ച യോഗത്തിലും ബൈഡന്‍ പങ്കെടുക്കും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് റമാഫോസയാണ് ആദ്യം എത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും എത്തും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ല. പകരം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്റോവും ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ്ങും എത്തും.

ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുന്ന ആഗാള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യ വിതരണ ശൃംഖല തുടങ്ങിയ വിഷയങ്ങളില്‍ സമീപനം വ്യക്തമാക്കി ഞായറാഴ്ച നേതാക്കള്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കും. ഞായറാഴ്ച രാവിലെ ജി-20 നേതാക്കള്‍ രാജ്ഘട്ടിലെ മഹാത്മാ ഗാന്ധി സമാധിയും സന്ദര്‍ശിക്കും.

വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 10 ന് 100 പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. ജി 20 ഉച്ചകോടി നടക്കുന്നത് കണക്കിലെടുത്ത് സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെ ഡല്‍ഹിയില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, സ്വകാര്യ ഓഫീസുകളും സ്‌കൂളുകളും അടച്ചിടും.

ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും കടകളും ഈ മൂന്ന് ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല. ഗതാഗത കുരുക്കും സാങ്കേതിക വെല്ലുവിളികളും ഒഴിവാക്കുക ലക്ഷ്യമിട്ടാണ് പൊതു അവധി നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.