'കെ. മുരളീധരന്‍ കോണ്‍ഗ്രസിലെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍'; മുന്നില്‍ നില്‍ക്കേണ്ട നേതാവെന്ന് വി.ഡി സതീശന്‍

'കെ. മുരളീധരന്‍ കോണ്‍ഗ്രസിലെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍'; മുന്നില്‍ നില്‍ക്കേണ്ട നേതാവെന്ന് വി.ഡി സതീശന്‍

കോഴിക്കോട്: കോണ്‍ഗ്രസിലെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനാണ് കെ. മുരളീധരനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അദേഹം തിരിഞ്ഞു നിന്ന് പറയുന്നതുപോലും കേള്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. യുവാക്കളെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നതുള്‍പ്പടെയുള്ള മുരളീധരന്റെ വിമര്‍ശനം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു സതീശന്റെ മറുപടി.

മുതിര്‍ന്ന നേതാക്കളുടെ ഉപദേശമായി സ്വീകരിച്ച് അത് ഗൗരവത്തോടെ എടുക്കും. പാര്‍ട്ടി നന്നാവണമെന്നുള്ളവരുടെ നല്ലവാക്കുകളാണ് അത്. അദേഹം മുന്‍പില്‍ നില്‍ക്കേണ്ട നേതാവാണ്. അദ്ദേഹം പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്നും സതീശന്‍ വ്യക്തമാക്കി.

പുതുപ്പള്ളിയില്‍ വിജയിച്ചത് ടീം യുഡിഎഫാണ്. ചാണ്ടി ഉമ്മന് കിട്ടിയത് കേരളത്തിന്റെ മുഴുവന്‍ പിന്തുണയാണ്. മുഖ്യമന്ത്രി എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും വി.ഡി സതീശന്‍ ചോദിച്ചു. പിണറായി വിജയന്റെയും നേതൃത്വത്തിന്റെയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ആരും പാര്‍ട്ടിയില്‍ ഇല്ല എന്നതാണ് ഇന്ന് സിപിഎം നേരിടുന്ന ഏറ്റവും വലിയ ഭീഷണി.

സര്‍ക്കാരിന്റെ വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പെന്നാണ് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ നേരത്തെ പറഞ്ഞത്. ഇന്നലെ അതു മാറ്റി പറഞ്ഞു. മലക്കം മറിയാന്‍ വിദഗ്ധനാണ് എം.വി ഗോവിന്ദനെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഈ സര്‍ക്കാരിനോടുള്ള രോഷവും പ്രതിഷേധവും കൊണ്ടാണ് ജനങ്ങള്‍ വന്‍ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മനെ ജയിപ്പിച്ചത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായമാണ് യുഡിഎഫ് തുറക്കുന്നത്. എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിച്ചു.

വരുന്ന തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഇന്ധനമാണ് പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി നമുക്ക് നല്‍കിയത്. ഇത്രയും വലിയ വിജയം നല്‍കിയ ജനങ്ങളുടെ മുന്നില്‍ തലകുനിക്കുകയാണ്. വലിയ ഭൂരിപക്ഷം തങ്ങളുടെ ചുമലിലേക്കു വച്ചിരിക്കുന്നത് വലിയ ഭാരമാണ്. കൂടുതല്‍ ഉത്തരവാദിത്തത്തോടു കൂടി പെരുമാറാന്‍ തങ്ങള്‍ക്ക് പുതുപ്പള്ളിയിലെ ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തോടെ പിന്തുണ നല്‍കിയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.